ഇന്ന് ലോക സാരി ദിനം. കൈത്തറി മേഖലയുടെ സംരക്ഷണവും നെയ്ത്തുകാരുടെ ഉന്നമനവും ലക്ഷ്യമിട്ടാണ് ലോക സാരി ദിനം ആഘോഷിക്കുന്നത്. 2020-ൽ ആരംഭിച്ച ഈ മുന്നേറ്റം ഇന്ന് ലോകമെമ്പാടുമുള്ള സാരി പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.

"അമ്മേ, ആ കസവ് സാരി ഒന്ന് തരുമോ? എനിക്കൊരു ഷർട്ടിനൊപ്പം ഉടുക്കാനാണ്". പത്ത് വർഷം മുമ്പ് വരെ ഈ വാചകം ഒരുപക്ഷേ കേൾക്കാൻ സാധ്യതയില്ലായിരുന്നു. എന്നാൽ ഇന്ന്, കേരളത്തിലെ കാമ്പസുകളിലും കഫേകളിലും ഈ കാഴ്ച സർവ്വസാധാരണമാണ്. സാരി എന്നത് മുതിർന്നവരുടെ വസ്ത്രമാണെന്ന 'ലേബൽ' ജെൻ സി എന്നേ മാറ്റിക്കുറിച്ചു കഴിഞ്ഞു. അവർ സാരിയെ വെറുമൊരു തുണിയായല്ല, മറിച്ച് തങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ഒരു കാൻവാസ് കൂടിയാണ്. 

ഇന്ന് ലോക സാരി ദിനം. ഇയൊരു ദിനത്തിൽ ആളുകൾക്ക് എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ജെൻസികളുടെ ട്രെൻഡിങ്ങ് 7 സാരി സ്റ്റൈലിംഗ് രീതികൾ നോക്കാം.

1. ഷർട്ട് വിത്ത് സാരി

പരമ്പരാഗത ബ്ലൗസുകൾക്ക് പകരം ഷർട്ട് ഉപയോഗിക്കുന്നത് ഇന്ന് വലിയൊരു ട്രെൻഡാണ്. ഇത് ഒരേസമയം പ്രൊഫഷണൽ ലുക്കും മോഡേൺ ലുക്കും നൽകുന്നു. ഒരു സോളിഡ് വൈറ്റ് ഷർട്ട് ഏത് കളർ സാരിക്കൊപ്പവും ഇണങ്ങും. ഷർട്ട് ഇൻ ചെയ്ത ശേഷം സാരി ഉടുക്കുക.ഷർട്ടിന്റെ കോളർ ഭാഗം ബട്ടൺ ഇടാതെ വെക്കുന്നതും കൈകൾ മുട്ടു വരെ മടക്കി വെക്കുന്നതും കൂടുതൽ സ്റ്റൈലിഷ് ആക്കും. കോട്ടൺ, ലിനൻ സാരികൾക്കാണ് ഈ സ്റ്റൈൽ ഏറ്റവും അനുയോജ്യം.

2. പാന്റ്സ് സ്റ്റൈൽ ഡ്രേപ്പിംഗ്

അടിപാവാടയ്ക്ക് പകരം ലതർ പാന്റ്സോ, ജീൻസോ, അല്ലെങ്കിൽ ലതർ ലെഗ്ഗിൻസോ ഉപയോഗിക്കുന്ന രീതിയാണിത്. സാരിയുടെ പകുതി ഭാഗം മാത്രം പ്ലീറ്റ്‌സ് എടുത്ത് പാന്റ്സിന്റെ മുൻഭാഗത്തോ വശത്തോ തിരുകുക. ബാക്കി ഭാഗം ഒരു ലോങ്ങ് മുന്താണിയായി പുറകിൽ നിന്ന് മുന്നിലേക്ക് കൊണ്ടുവരിക. ഹെവി ആയ വർക്കുകളുള്ള സാരിയേക്കാൾ ലളിതമായ ഷിഫോൺ അല്ലെങ്കിൽ സാറ്റിൻ സാരികളാണ് ഈ ലുക്കിന് കൂടുതൽ ചേരുന്നത്. ഇത് നിങ്ങൾക്ക് ഓടാനും നടക്കാനും ഡാൻസ് ചെയ്യാനും പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു.

3. സ്നീക്കേഴ്സ് വിത്ത് സാരി

ഹീൽസ് ധരിച്ച് കാല് വേദന എടുക്കുന്നവർക്കുള്ള മികച്ച പരിഹാരമാണിത്. സാരിയും സ്നീക്കേഴ്സും ഇന്ന് ഫാഷൻ ലോകത്തെ വൻ ഹിറ്റാണ്. സാരി അല്പം കണങ്കാൽ വരെ ഉയർത്തി ഉടുക്കുക. പ്ലെയിൻ വൈറ്റ് സ്നീക്കേഴ്സോ അല്ലെങ്കിൽ സാരിയിലെ നിറങ്ങളുള്ള സ്നീക്കേഴ്സോ തിരഞ്ഞെടുക്കാം. സിഫോൺ അല്ലെങ്കിൽ ഡിജിറ്റൽ പ്രിന്റഡ് സാരികൾക്കൊപ്പം ഇത് ധരിക്കുമ്പോൾ ഒരു കൂൾ ഇൻഡോ-വെസ്റ്റേൺ വൈബ് ലഭിക്കും.

4. ബെൽറ്റഡ് സാരി

സാരിയിൽ ശരീരത്തിന് നല്ലൊരു ഷേപ്പ് നൽകാൻ ബെൽറ്റുകൾ സഹായിക്കും. സാധാരണ രീതിയിൽ സാരി ഉടുത്ത ശേഷം മുന്താണി തോളിൽ പിൻ ചെയ്യുക. അതിനു മുകളിലൂടെ അരക്കെട്ടിൽ ഒരു ബെൽറ്റ് ധരിക്കുക. മെറ്റാലിക് ഗോൾഡൻ ബെൽറ്റുകൾ കല്യാണങ്ങൾക്കും പാർട്ടി ലുക്കിനും അനുയോജ്യമാണ്. വണ്ണം കൂടുതൽ ഉള്ളവർക്ക് വീതി കുറഞ്ഞ ബെൽറ്റുകൾ ധരിക്കുന്നത് വണ്ണം കുറച്ചു കാണിക്കാൻ സഹായിക്കും.

5. സ്കാർഫ് സ്റ്റൈൽ പല്ലു

സാരിയുടെ മുന്താണി തോളിൽ തൂക്കിയിടാതെ കഴുത്തിന് ചുറ്റും ചുറ്റുന്ന രീതിയാണിത്. മുന്താണിയുടെ നീളം അല്പം കൂട്ടി എടുക്കുക. അത് കഴുത്തിന് ചുറ്റും ഒരു സ്കാർഫ് പോലെ ഒന്ന് ചുറ്റിയ ശേഷം മുന്നിലേക്ക് ഇടുക. തണുപ്പുകാലത്ത് ഇത് നിങ്ങൾക്ക് സ്റ്റൈലും ഒപ്പം ചൂടും നൽകുന്നു. ഹെവി വർക്കുള്ള മുന്താണിയാണെങ്കിൽ ഇത് കൂടുതൽ മനോഹരമായിരിക്കും.

6. ബ്ലേസറും ജാക്കറ്റും

ഓഫീസിലെ മീറ്റിംഗുകൾക്കോ ഔദ്യോഗിക ചടങ്ങുകൾക്കോ സാരിക്ക് മുകളിൽ ഒരു ബ്ലേസർ ധരിക്കാം. സാരിയുടെ മുന്താണി ബ്ലേസറിന് ഉള്ളിലൂടെ എടുക്കാം അല്ലെങ്കിൽ ഒരു ബെൽറ്റ് ഉപയോഗിച്ച് ബ്ലേസറിന് മുകളിൽ ഉറപ്പിക്കാം. ലോങ്ങ് ബ്ലേസറുകളേക്കാൾ വെയിസ്റ്റ് ലെങ്ത് വരെയുള്ള ബ്ലേസറുകളാണ് കൂടുതൽ ഭംഗി നൽകുക. പട്ടുസാരികൾക്കൊപ്പം ഹാൻഡ്‌ലൂം ജാക്കറ്റുകൾ ധരിക്കുന്നത് മറ്റൊരു വ്യത്യസ്ത ലുക്കാണ്.

7. ക്രോപ്പ് ടോപ്പ് ബ്ലൗസ്

നമ്മൾ സാധാരണ ജീൻസിനും സ്കർട്ടിനുമൊപ്പം ധരിക്കുന്ന ക്രോപ്പ് ടോപ്പുകൾ ബ്ലൗസിന് പകരം ഉപയോഗിക്കാം. ടർട്ടിൽ നെക്ക് ക്രോപ്പ് ടോപ്പുകളോ ഓഫ്-ഷോൾഡർ ടോപ്പുകളോ തിരഞ്ഞെടുക്കാം. സാധാരണ ബ്ലൗസുകളെ അപേക്ഷിച്ച് ഇവ ധരിക്കാൻ കൂടുതൽ സുഖകരമാണ്. സ്പ്രിന്റ് പ്രിന്റുകളുള്ള ക്രോപ്പ് ടോപ്പുകൾ പ്ലെയിൻ സാരികൾക്കൊപ്പം ധരിക്കുന്നത് മുടിഞ്ഞ സ്റ്റൈലായിരിക്കും.

കൂടുതൽ ടിപ്പ്സ്

  • ഹെയർ സ്ട്രെയിറ്റനർ ട്രിക്ക്: കോട്ടൺ സാരിയുടെ പ്ലീറ്റ്‌സുകൾ കൃത്യമായി നിൽക്കാൻ ഒരു ഹെയർ സ്ട്രെയിറ്റനർ ഉപയോഗിച്ച് പ്ലീറ്റ്‌സുകൾ ഒന്ന് പ്രസ്സ് ചെയ്യുക. ഇത് പ്ലീറ്റ്‌സ് ഇളകാതെ നിൽക്കാൻ സഹായിക്കും.
  • സേഫ്റ്റി പിൻ ജാഗ്രത: സാരി കീറുന്നത് ഒഴിവാക്കാൻ പിൻ കുത്തുന്നതിന് മുൻപ് അതിൽ ഒരു ചെറിയ ബട്ടണോ മുത്തോ ഇടുക. ഇത് സാരി പിന്നിൽ കുടുങ്ങുന്നത് തടയും.
  • ഷേപ്പ് വെയർ ഉപയോഗിക്കുക: പഴയ കാലത്തെ പെറ്റിക്കോട്ടുകൾക്ക് പകരം 'സാരി ഷേപ്പർ' ഉപയോഗിക്കുന്നത് നിങ്ങളെ കൂടുതൽ മെലിഞ്ഞതായി കാണിക്കാൻ സഹായിക്കും.