വെള്ളം കുടിക്കാതിരുന്നാൽ ഈ അസുഖങ്ങൾ പിടിപെടാം

By Web TeamFirst Published Jan 22, 2019, 9:53 AM IST
Highlights

ശരീരത്തില്‍ വെള്ളമില്ലെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. നിര്‍ജലീകരണം മുതല്‍ വിവിധ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നത് വരെയുള്ള സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിവയ്ക്കും. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിലൂടെ രോഗങ്ങള്‍ വരാതിരിക്കാനും വെള്ളം സഹായിക്കും. 

ശരീരത്തിന് ഭക്ഷണം പോലെ തന്നെ അത്യാവശ്യമാണ് വെള്ളവും. വെള്ളം കുറയുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. വെള്ളം ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ അത്യാവശ്യവുമാണ്. ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് വെള്ളം. 

ശരീരത്തിന്റെ 80 ശതമാനവും വെള്ളമാണെന്നു വേണമെങ്കില്‍ പറയാം. ഭക്ഷണം കഴിച്ചതു കൊണ്ടായില്ല, കഴിച്ച ഭക്ഷണം വേണ്ട രീതിയില്‍ ശരീരം ഉപയോഗപ്പെടുത്തണമെങ്കില്‍ വെള്ളം കുടി അത്യാവശ്യമാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിലൂടെ രോഗങ്ങള്‍ വരാതിരിക്കാനും വെള്ളം സഹായിക്കും. രാവിലെ വെറുംവയറ്റില്‍ 1 ഗ്ലാസ് വെള്ളം കുടിയോടെ ദിവസം തുടങ്ങുന്നതാണ് ആരോഗ്യകരമായ ശീലങ്ങളില്‍ ഏറെ മികച്ചത്. ഇത് ചൂടുവെള്ളമാകാം, അല്ലെങ്കില്‍ ചിലര്‍ നാരങ്ങാവെള്ളവും കറ്റാര്‍ വാഴയുടെ ജ്യൂസ് വെള്ളത്തിലൊഴിച്ചുമെല്ലാം കുടിയ്ക്കുന്നുണ്ട്. 

കുടലിന്റെ പ്രവര്‍ത്തനം ശോധന സുഖകരമാകുമെന്നതാണ് ഒരു വലിയ ഗുണം. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന് സഹായിക്കും. ശോധന ശരിയായാല്‍ വയറിനു സുഖവും ലഭിയ്ക്കും. കുടലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെള്ളം കുടിയ്ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തിനും പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്കും ഇതു നല്ല പരിഹാരമാണ്. മലബന്ധം കാരണമുണ്ടാകുന്ന പല രോഗങ്ങളില്‍ നിന്നും സംരക്ഷണം വെള്ളം നല്‍കും. 

 ശരീരത്തിലെ രക്തപ്രവാഹം ശരിയായി നടക്കാനും ഓക്സിജന്‍ കോശങ്ങളില്‍ എത്തിയ്ക്കാനുമെല്ലാം വെള്ളം ഏറെ നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ചെയ്യേണ്ട അടിസ്ഥാന കാര്യമാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. വെള്ളം ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കും. അമിതമായ കൊഴുപ്പും ഈ രീതിയില്‍ പുറന്തള്ളപ്പെടും. ഇതെല്ലാം വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതിനു പുറമേ വിശപ്പു കുറയ്ക്കാനുള്ള ഒരു ഉപായം കൂടിയാണ് വെള്ളം. വെള്ളം കുടിച്ചാല്‍, പ്രത്യേകിച്ചും ഭക്ഷണത്തിനു മുന്‍പ്, അമിത ഭക്ഷണം ഒഴിവാക്കാം. ഗ്യാസ്, അസിഡിറ്റി വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് വെള്ളം കുടി. 

വെള്ളം കുറയുന്നത് കുടലിന്റെയും വയറിന്റെയും ആരോഗ്യത്തെയും പ്രവര്‍ത്തനങ്ങളേയും ബാധിയ്ക്കും. ഇത് ഗ്യാസ് പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. കരൾ രോ​ഗങ്ങൾ അകറ്റാനും ശരീരത്തിലെ കൊഴുപ്പ് കളയാനും വെള്ളം വളരെ നല്ലതാണ്. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. വെള്ളം കിഡ്നി സ്റ്റോണിനു കാരണമാകുന്ന മിനിറലുകളുടെ കട്ടി കുറയ്ക്കുന്നു, മാലിന്യങ്ങള്‍ മൂത്രത്തിലൂടെ നീക്കം ചെയ്യുകയും ചെയ്യുന്നു.

click me!