
പ്രമേഹരോഗികൾ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കൃത്യസമയത്ത് കഴിക്കുക. ഇടവേളകളിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ,ബേക്കറി പലഹാരങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കണം. നാരുകളടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. തവിടുകളയാത്ത ധാന്യങ്ങൾ, കൊഴുപ്പുകുറഞ്ഞ പാൽ ഉത്പന്നങ്ങൾ, കോഴിയിറച്ചി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മാംസം കഴിക്കാത്തവർ പയറുവർഗങ്ങൾ, പനീർ എന്നിവ കഴിക്കുക.
മധുരമില്ലാത്ത കട്ടൻചായ, ഉപ്പിട്ട നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവയാണ് പ്രമേഹരോഗികൾക്ക് ഉത്തമമായ പാനീയങ്ങൾ. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം നിർബന്ധമായും ഉൾപ്പെടുത്തണം. അമിതമായ വിശപ്പിനെ നിയന്ത്രിക്കാനും ഗ്ളൂക്കോസ് നില ഉയരാതെ നോക്കാനും ഇത് സഹായിക്കും. മത്സ്യം കഴിക്കുന്നത് ശീലമാക്കുക. മത്തി, അയല, കൊഴുവ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾ ഒരിക്കലും ഭക്ഷണം കഴിക്കാതിരിക്കരുത്.
പപ്പായ, മാങ്ങ, വാഴപ്പഴങ്ങൾ, ചക്ക മുതലായവ അമിതമായി ഉപയോഗിക്കരുത്. ഉണങ്ങിയ പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, എണ്ണക്കുരുക്കൾ എന്നിവയും ഒഴിവാക്കുക. വല്ലപ്പോഴും മധുരം ഉപയോഗിക്കാം. തേനിൽ പഞ്ചസാരയെക്കാൾ കൂടുതൽ അന്നജം അടങ്ങിയിട്ടുണ്ട്. മധുരമേറിയ ഈന്തപ്പഴം പോലുള്ളവ മിതമായി മാത്രം കഴിക്കുക. ശർക്കര ചേർത്തു തയാറാക്കുന്ന അട, കൊഴുക്കട്ട തുടങ്ങിയവ പ്രമേഹരോഗികൾക്കു പാടില്ല.
പ്രമേഹബാധിതരായ വണ്ണമുളളവർ വണ്ണം കുറയ്ക്കണം. വണ്ണം കുറവുളളവർ അതു കൂട്ടേണ്ടേതുണ്ട്. നോർമൽ വണ്ണം ഉളളവർ അതു നിലനിർത്തേണ്ടതുണ്ട്. ചിലതരം പ്രമേഹമുളളവർ തീരെ മെലിഞ്ഞുപോകും. അവർക്കു വണ്ണം കൂട്ടി നോർമൽ ശരീരഭാരത്തിലേക്ക് എത്തേണ്ടതുണ്ട്. വണ്ണം കൂടുതലുളളവർ അതു കുറയ്ക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കുമ്പോൾ തന്നെ ഇൻസുലിന്റെ അളവും മരുന്നിന്റെ ഡോസേജും കുറയ്ക്കാനാകും.