ഒ രക്തഗ്രൂപ്പുകാര്‍ക്ക് ഹൃദ്രോഗസാധ്യത കുറവ്

By Web DeskFirst Published Jun 27, 2017, 4:38 PM IST
Highlights

ദില്ലി: ഇന്ത്യയില്‍ ഓരോ 33 സെക്കന്റിലും ഹൃദയാഘാതം മൂലം ഒരാള്‍ മരിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. രാജ്യത്തെ 50 ശതമാനത്തില്‍ ഏറെപ്പേര്‍ക്ക് ഹൃദയ സംബന്ധിയായ രോഗത്തിനും സാധ്യതയുണ്ടെന്ന് കണക്കുകള്‍ പറയുന്നു. വര്‍ഷത്തില്‍ രണ്ട് ദശലക്ഷം പേര്‍ക്ക് എങ്കിലും ഹൃദായഘാതം രാജ്യത്ത് സംഭവിക്കുന്നുവെന്നും കണക്കുണ്ട്. അനാരോഗ്യകരമായ ഭക്ഷണശീലം, തെറ്റായ ജീവിതശൈലി, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, അമിത കൊഴുപ്പ്, അന്തരീക്ഷ മലിനീകരണം എന്നിവയൊക്കെ ഹൃദ്രോഗ സാധ്യത ഇന്ത്യക്കാര്‍ക്കിടയില്‍ വര്‍ദ്ധിപ്പിക്കാനിടയാകുന്നു. 

ഇവയ്‌ക്കെല്ലാം പുറമെ രക്തഗ്രൂപ്പും ഹൃദ്രോഗസാധ്യതയില്‍ ഏറ്റക്കുറച്ചിലുകളുടാക്കുവെന്നതാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.  ഒരാളുടെ രക്തഗ്രൂപ്പ് ഹൃദ്രോഗസാധ്യത മുന്‍കൂട്ടി അറിയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത്തരം ഒരു പഠന റിപ്പോര്‍ട്ട് യൂറോപ്യന്‍ സൊസൈറ്റീസ് ഓഫ് കാര്‍ഡിയോളജി സമ്മേളനത്തില്‍ അവതരിപ്പിച്ചു. നെതര്‍ലാന്‍റിലെ ഗ്രോണിങ്കന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.

ഒ ഗ്രൂപ്പ് രക്തമുള്ളവരെ അപേക്ഷിച്ച് മറ്റ് രക്തഗ്രൂപ്പുക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കുമെന്നാണ് പഠനം പറയുന്നത്.  ഒ ഗ്രൂപ്പ് രക്തം എളുപ്പം കട്ട പിടിക്കാത്തതാണു കാരണം. ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് എ, ബി, എ ബി രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഒമ്പത് ശതമാനം കൂടുതലായിരിക്കും. ഒ ഒഴികെയുള്ള ഗ്രൂപ്പുകാരില്‍ ഹൃദ്രോഗസാധ്യത കൂടാന്‍ കാരണം രക്തത്തിലെ ഘടകങ്ങളിലുള്ള വ്യതിയാനമാണെന്ന് പഠനം പറയുന്നു.

കാരണം, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന തരം പ്രോട്ടീനുകള്‍ ഒ ഒഴികെയുള്ള ഗ്രൂപ്പുകാരില്‍ കൂടുതലായിരിക്കും. പ്രോട്ടീന്‍ സാന്നിധ്യമുള്ള മറ്റു രക്തഗ്രൂപ്പുകാരില്‍ ഒമ്പതു ശതമാനം കൂടുതലാണ് ഹൃദ്രോഗസാധ്യത കണ്ടെത്തിയിരിക്കുന്നത്. വൊണ്‍ വില്‍ബ്രാന്‍ഡ് ഘടകമെന്നാണ് ഇത് അറിയപ്പെടുന്നത്. എ ഗ്രൂപ്പ് രക്തത്തില്‍ കൊഴുപ്പിന്റെ അളവ് ഉയര്‍ന്ന നിലയിലായതിനാല്‍ ഈ ഗ്രൂപ്പുകാരില്‍ ഹൃദ്രോഗ സാധ്യത വളരെ കൂടും. ഒ ഗ്രൂപ്പ് രക്തത്തില്‍ ഇതിനാവശ്യമായ പ്രോട്ടീനിന്റെ അളവ് കുറവാണെന്നത് കൂടാതെ ഇത്തരക്കാരില്‍ ഗേല്‍ക്റ്റിന്‍-3, ചീത്ത കൊളസ്ട്രോള്‍ എന്നിവ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമായി. 

ഇവയുടെ അമിതസാന്നിധ്യവും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പത്ത് ലക്ഷത്തിലേറെ അധികം പേരെയാണ് പഠനവിധേയമാക്കിയത്.  1.3 ദശലക്ഷം ആളുകള്‍ അടങ്ങിയ ഗവേഷണത്തില്‍ 519,743 ഒ രക്തഗ്രൂപ്പിലുള്ളവരും 7,71,113 ആളുകള്‍ മറ്റ് രക്തഗ്രൂപ്പിലുള്ളവരുമായിരുന്നു.  ഒ രക്തഗ്രൂപ്പില്‍ ഒഴികെയുള്ളവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ 1.5% ഉള്ളപ്പോള്‍ ഒ രകത്ഗ്രൂപ്പുകാര്‍ക്ക് 1.4 % മാണ്. വിവിധ ഹൃദ്രോഗങ്ങളെപ്പറ്റി പഠിച്ച ശേഷം തയാറാക്കിയതാണ് റിപ്പോര്‍ട്ട്

click me!