
കുട്ടികളുടെ കാർട്ടൂൺ കാഴ്ച ദുശ്ശീലമായി എണ്ണുന്നവരുണ്ട്. എന്നാൽ ദില്ലിയിലെ ഈ രക്ഷിതാവിനുള്ള അനുഭവം അതല്ല. കാർട്ടൂൺ കാഴ്ചയിൽ നിന്ന് മകൻ വികസിപ്പിച്ചെടുത്തത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന കൂളർ ആയിരുന്നു. പാഴ്വസ്തുക്കൾ പൊറുക്കി വിറ്റ് ജീവിക്കുന്ന കുടുംബത്തിൽ നിന്നുള്ള 13കാരൻ മുഹമ്മദ് ഹസ്സനാണ് മൂന്ന് മാസം കൊണ്ട് മിനി കൂളർ വികസിപ്പിച്ചത്. പാഴ്വസ്തുക്കൾ ഉപയോഗിച്ച് തന്നെയായിരുന്നു ഒമ്പതാം ക്ലാസുകാരന്റെ ഈ നേട്ടം. കടുത്ത ചൂട് സഹിക്കാൻ കഴിയാതെ വന്നതോടെയാണ് കൂളർ എന്ന ആശയം ഹസ്സന്‍റെ മനസിൽ ഉയർന്നത്.
കൂളർ വാങ്ങാനുള്ള പണം പിതാവിന് താങ്ങാനാകില്ലെന്ന് മനസിലാക്കിയതോടെയാണ് മറുവഴി തേടിയത്. ഡോറമോൺ കാർട്ടൂൺ കാണുന്നതിനിടെയാണ് ഹസ്സന് മിനി കൂളർ വികസിപ്പിക്കുന്നതിനുള്ള ആശയം വീണുകിട്ടിയത്. കാർഡ്ബോർഡ്, മരക്കഷണങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവക്കൊപ്പം മോട്ടോര്‍ കൂടി ഘടിപ്പിച്ചതോടെ ഹസ്സന്‍റെ മനസിലെ ആശയം കൂളറായി മാറി. കുപ്പിയുടെ അടപ്പാണ് കൂളറിൽ റഗുലേറ്ററായി ഉപയോഗിച്ചത്.
സൗകര്യപ്രദമായി എങ്ങോട്ടും കൊണ്ടുപോകാവുന്ന ബാറ്ററി സഹായത്തോടെ പ്രവർത്തിക്കുന്ന കൂളറാണ് ഹസ്സൻ വികസിപ്പിച്ചത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഹസ്സന്‍റെ സ്വപ്നം മെക്കാനിക്കൽ എൻജിനീയർ ആവുക എന്നതാണ്. ചെറുപ്പകാലം തൊട്ട് സയൻസിൽ ഏറെ തൽപ്പരനാണ്. ലഭിച്ച അറിവുകൾ അവൻ ഉപയോഗിച്ച് തുടങ്ങിയതോടെ അതിൽ പിറവിയെടുത്തത് അത്ഭുത വസ്തുക്കൾ ആയിരുന്നു. പ്ലാസ്റ്റിക് കുപ്പികളും പെൻസിലും ബാറ്ററിയും ചേർത്ത് മിനി മോട്ടോര്‍ ബോട്ടും അവൻ വികസിപ്പിച്ചു.
ബാറ്ററി കാർ, മൊബൈൽ ഫോൺ ചാർജർ തുടങ്ങിയവയും ഹസ്സൻ സ്വന്തം ഭാവനയിൽ വികസിപ്പിച്ചു. ഇപ്പോൾ ഒരു ചെറുവിമാനത്തിന്റെ പണിപ്പുരയിലാണ് ഹസ്സൻ. പാഴ്വസ്തുക്കൾ പൊറുക്കി വിൽക്കുന്നവരുടെ ജീവിതം കൂടുതൽ അനായാസമാക്കാൻ ഉൗർജം ലാഭിക്കാവുന്ന ഉപകരണങ്ങളുടെ നിർമാണമാണ് ഇൗ ബാലന്റെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam