
ഫാറ്റി ലിവർ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. തുടക്കത്തിലെ ചികിത്സിച്ചാൽ വളരെ മാറാവുന്ന രോഗമാണ് ഫാറ്റി ലിവർ. ശരീരത്തിലെ മാലിന്യങ്ങളേയും മറ്റ് ആവശ്യമില്ലാത്ത വസ്തുക്കളേയും പുറന്തള്ളാന്‍ സഹായിക്കുന്നത് കരളാണ്. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യം ഏറെ ശ്രദ്ധയോടെ കാണണം.
മുലയൂട്ടല്‍ ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുമെന്ന് പഠനം. ആറുമാസം കുഞ്ഞിന് തുടര്‍ച്ചയായി മുലയൂട്ടുന്ന അമ്മമാരില്‍ നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരമാണ് പഠനം നടത്തിയത്. അമ്മയുടെ പാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ മുലയൂട്ടുന്നത് അമ്മയുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണെന്നും പഠനത്തിൽ പറയുന്നു.
ഒന്നോ അതിലധികമോ കുഞ്ഞുങ്ങളെ ആറുമാസം തുടര്‍ച്ചയായി മുലയൂട്ടുന്ന അമ്മമാരില്‍ നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ സാധ്യത വളരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. ജേണൽ ഓഫ് ഹെപ്പറ്റോളജിയില്‍ ഇത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ക്യത്യമായ വ്യായാമം ചെയ്യുകയുമാണെങ്കിൽ ഫാറ്റി ലിവർ തടയാനാകും.