പ്രമേഹമുള്ളവര്‍ മാമ്പഴവും പഴവും കഴിക്കാമോ?

By Web DeskFirst Published Nov 16, 2017, 1:40 PM IST
Highlights

പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ലോകപ്രമേഹദിനം കഴിഞ്ഞദിവസം സമുചിതമായി ആചരിച്ചിരുന്നു. ബോധവല്‍ക്കരണ ക്യാംപുകള്‍ നടത്തി. എന്നാല്‍ പ്രമേഹരോഗികള്‍ എക്കാലവും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, മാമ്പഴവും പഴവും കഴിക്കാമോ എന്ന്. ഇതിന് കഴിക്കാമെന്നും കഴിക്കാന്‍ പാടില്ലെന്നും ഉത്തരം നല്‍കുന്ന ആരോഗ്യവിദഗ്ദ്ധര്‍ നമ്മുടെയിടയില്‍ ഉണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്, പ്രമേഹരോഗികള്‍ക്ക് മാമ്പഴവും പഴവും കഴിക്കാം എന്നാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയാണ്, പ്രമേഹത്തിന്റെ സാധ്യത വിലയിരുത്തുന്നത്. അതായത്, നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാര ഒരു നിശ്ചിതസമയത്തിനുള്ളില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തോതാണ് ഗ്ലൈസീമിക് ഇന്‍ഡക്‌സായി സൂചിപ്പിക്കുന്നത്. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടിയാല്‍ പ്രമേഹം കൂടും. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു മനുഷ്യന് ആകെ വേണ്ട കലോറിയില്‍ 55 ശതമാനം കാര്‍ബോഹൈഡ്രേറ്റില്‍നിന്നും ബാക്കിയുള്ളവ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയില്‍നിന്ന് ലഭിക്കുന്നതാണ് നല്ലത് എന്ന് സൂചിപ്പിക്കുന്നു. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറയ്‌ക്കാന്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇതുപ്രകാരം ദിവസവും 400 ഗ്രാം പഴങ്ങളും പച്ചക്കറിയും കഴിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അന്നജം അടങ്ങിയ ധാന്യം കൂടുതലായി കഴിച്ചാല്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടുകയും, പ്രമേഹം ഉയരുകയും ചെയ്യും. പഴങ്ങളില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് താരതമ്യേന കുറവാണ്. ബേക്കറി പലഹാരങ്ങള്‍, ബിസ്‌ക്കറ്റ് എന്നിവയെ അപേക്ഷിച്ച് പഴങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. മാങ്ങ-58, മുന്തിരി-45, പഴം- അറുപതില്‍ താഴെ എന്നിങ്ങനെയാണ് ഗ്ലൈസീമിക് ഇന്‍ഡക്‌സ്. എന്നാല്‍ ബിസ്ക്കറ്റില്‍ 80ല്‍ കൂടുതലാണ് ഗ്ലൈസീമിക് ഇന്‍ഡക്‌സ്. കൂടാതെ പഴങ്ങളില്‍ അടങ്ങിയിട്ടുള്ള നാരുകള്‍, ദഹനത്തെ കൂടുതല്‍ എളുപ്പമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമെ മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും സഹായകരമാണെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.

click me!