ഭക്ഷണത്തിലൂടെയും ക്യാന്‍സര്‍? എന്താണ് യാഥാര്‍ത്ഥ്യം?

By Web TeamFirst Published Feb 4, 2019, 3:01 PM IST
Highlights

എത്രമാത്രം അവബോധമുണ്ടാക്കിയാലും ക്യാന്‍സറുമായി ബന്ധപ്പെട്ട് ആശങ്കകളും ആശയക്കുഴപ്പങ്ങളും എപ്പോഴും ബാക്കിനില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ ക്യാന്‍സര്‍ രോഗത്തെ എങ്ങനെയാണ് ചെറുക്കേണ്ടത്? എന്താണ് ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ടത്?
 

ഇന്ന് ലോക ക്യാന്‍സര്‍ ദിനമാണ്. ക്യാന്‍സര്‍ എന്ന രോഗത്തെ കുറിച്ച് അവബോധമുണ്ടാക്കാനും, അത് ചെറുക്കാനും അതിനെ നേരിടാനും എത്രയും നേരത്തേ കണ്ടുപിടിച്ച് ചികിത്സ തേടാനുമെല്ലാം ആളുകളെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെയാണ് വര്‍ഷത്തിലൊരു ദിവസം ഇതിനായി നീക്കിവയ്ക്കുന്നത്.

എത്രമാത്രം അവബോധമുണ്ടാക്കിയാലും ക്യാന്‍സറുമായി ബന്ധപ്പെട്ട് ആശങ്കകളും ആശയക്കുഴപ്പങ്ങളും എപ്പോഴും ബാക്കിനില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ ക്യാന്‍സര്‍ രോഗത്തെ എങ്ങനെയാണ് ചെറുക്കേണ്ടത്? എന്താണ് ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ടത്? 

ജൈവികവും ശാരീരികവുമായ പല ഘടകങ്ങളും ക്യാന്‍സര്‍ രോഗത്തെയുണ്ടാക്കുന്നു. അതോടൊപ്പം തന്നെ 'കെമിക്കല്‍ കാര്‍സിനോജനുകള്‍' അഥവാ ശരീരത്തിന് പുറത്തുനിന്ന് അകത്തേക്കെത്തുന്ന ഘടകങ്ങള്‍, ഉദാഹരണമായി നമ്മളുപയോഗിക്കുന്ന ഏതെങ്കിലും വസ്തുവിലെ രാസപദാര്‍ത്ഥം, പുക, രാസപ്രയോഗങ്ങള്‍, ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍- ഇവയെല്ലാം ക്യാന്‍സറിനുള്ള സാധ്യതകള്‍ തുറന്നിടുന്നുണ്ട്. 

അതായത് പ്രത്യക്ഷമായോ പരോക്ഷമായോ ക്യാന്‍സര്‍ രോഗത്തിന് ചില ഭക്ഷണരീതികളും കാരണമാകുന്നുണ്ട് എന്ന് ചുരുക്കം. പഴയ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി റെഡിമെയ്ഡ് ഫുഡ്, പാക്ക്ഡ് ഫുഡ്, പ്രോസസ്ഡ് ഫുഡ്, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്- എന്നിങ്ങനെ എല്ലാം 'റെഡി റ്റു ഈറ്റ്' പരുവത്തിലുള്ള ഭക്ഷണങ്ങളാണ്. ഇവയെല്ലാം തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തവയായിരിക്കും. രുചിക്കോ മണത്തിനോ നിറത്തിനോ കേടാകാതെ സൂക്ഷിക്കാനോ ഒക്കെ വേണ്ടിയാണ് ഇവ ചേര്‍ക്കുന്നത്. എന്നാല്‍ ശരീരത്തിനെ പതിയെ തകര്‍ക്കാന്‍ മാത്രമേ ഇവ ഉപകരിക്കൂവെന്നതാണ് സത്യം. 

ഇത്തരത്തില്‍ ക്യാന്‍സറിന് സാധ്യതകള്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് ഒന്ന് നോക്കാം...

ഒന്ന്...

ഉപ്പിന്റെ അംശം നല്ലരീതിയില്‍ അടങ്ങിയ ഭക്ഷണം, ഉദാഹരണത്തിന് ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്ന ഇറച്ചി, അത് ടിന്നില്‍ വരുന്നതുമാകാം. സമാനമായ രീതിയില്‍ സൂക്ഷിച്ച മീന്‍. ട്യൂണ പോലുള്ള മീനുകള്‍ ഇത്തരത്തില്‍ വരാറുണ്ട്. ഇവ ആമാശയത്തെ ബാധിക്കുന്ന ക്യാന്‍സറിനാണ് സാധ്യതയുണ്ടാക്കുന്നത്. 

രണ്ട്...

'പ്രോസസ്ഡ് മീറ്റ്' അല്ലെങ്കില്‍ ഒരുപാട് നാളത്തേക്ക് കേടാകാതെ ഉപയോഗിക്കാനായി 'പ്രിസര്‍വേറ്റീവ്' ചേര്‍ത്തെടുക്കുന്ന ഇറച്ചി. ഇതും ആമാശയ അര്‍ബുദത്തിനാണ് സാധ്യതയുണ്ടാക്കുന്നത്. അതോടൊപ്പം തന്നെ പാന്‍ക്രിയാസിലെ അര്‍ബുദത്തിനും വഴിയൊരുക്കിയേക്കാം. 

മൂന്ന്...

ഉയര്‍ന്ന ചൂടില്‍ ചുട്ടെടുക്കുന്ന ഇറച്ചി. ഉയര്‍ന്ന ചൂടില്‍ ഇറച്ചി ചുട്ടെടുക്കുമ്പോള്‍ ഇതില്‍ ഡിഎന്‍എയെ നശിപ്പിക്കാന്‍ കഴിവുള്ള 'ഹെറ്ററോ സൈക്ലിക് അമിനുകളും' 'പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും' ഉണ്ടാകുന്നു. ഇതാണ് പിന്നീട് ക്യാന്‍സര്‍ രോഗത്തിന് വഴിയൊരുക്കുന്നത്.

നാല്...

സോഡയാണ് ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു സാധനം. നിറത്തിനും മണത്തിനുമുള്‍പ്പെടെ പല സവിശേഷതകള്‍ക്കുമായി പല രാസപദാര്‍ത്ഥങ്ങളും ഇതില്‍ ചേര്‍ക്കുന്നുണ്ട്. സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ അവസ്ഥയും മറിച്ചല്ലെന്ന് മനസ്സിലാക്കുക. 

അഞ്ച്...

കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷണവും ക്യാന്‍സറിനുള്ള സാധ്യതകളുണ്ടാക്കുന്നുണ്ട്. നിരവധി പഠനങ്ങള്‍ ഈ സാധ്യത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുപോലെ തന്നെ ബേക്കറികള്‍, ബിസ്‌കറ്റി, പാക്ക്ഡ് ഫുഡുകള്‍, ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പ്- ഇവയെല്ലാം ക്യാന്‍സര്‍ ഭീഷണി ഉയര്‍ത്തുന്ന ഭക്ഷണങ്ങളാണ്.

ആറ്...

സാമാന്യത്തിലധികം ചൂടുള്ള ഭക്ഷണം കഴിക്കുന്നതും അത്ര നല്ലതല്ല. ഈ ശീലം അന്നനാളത്തില്‍ ക്യാന്‍സര്‍ വരുന്നതിന് ഇടയാക്കുമത്രേ.

ഏഴ്...

മദ്യപാനമാണ് ക്യാന്‍സര്‍ ഭീഷണി ഏറ്റവുമധികം ഉയര്‍ത്തുന്ന മറ്റൊരു ഘടകം. മദ്യപാനം പലരീതിയിലാണ് ക്യാന്‍സറിന് സാധ്യതയൊരുക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അതൊരുപക്ഷേ, ക്രമേണ വണ്ണം കൂടുന്നതാകാം. കരള്‍ പോലുള്ള ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാകാം. അങ്ങനെ വിവിധ സാധ്യതകള്‍ ഇത് തുറന്നുവയ്ക്കുന്നു. 

ഇത്തരത്തില്‍ കൃത്രിമമായി തയ്യാറാക്കുന്ന ഭക്ഷണത്തിന് പുറമെ, കാര്‍ഷിക ഉത്പന്നങ്ങള്‍ പോലും ചെറിയ രീതിയില്‍ ക്യാന്‍സര്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. അത് കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനി- കളനാശിനികളുടെ പ്രയോഗം മൂലമാണ്. എങ്കിലും നിത്യേന ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതകളെ തള്ളിക്കളയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

മഞ്ഞള്‍, വെളുത്തുള്ളി, സിട്രിക് അംശമുള്ള പഴങ്ങള്‍ (നാരങ്ങ, ഓറഞ്ച് പോലുള്ളവ), ബെറികള്‍, പര്‍പ്പിള്‍- റെഡ് പഴങ്ങള്‍, പച്ചക്കറികള്‍, ഫൈബര്‍ ധാരാളം അടങ്ങിയ ധാന്യങ്ങള്‍, നട്ട്‌സ്, ബിന്‍സ്, ഇലക്കറികള്‍ എന്നിവയെല്ലാം ഈ പട്ടികയില്‍ പെടുന്നു. 

ദിവസവും ഇവയിലേതെങ്കിലുമൊക്കെ ഡയറ്റിലുള്‍പ്പെടുത്താവുന്നതേയുള്ളൂ. ഒപ്പം ആദ്യം സൂചിപ്പിച്ച പോലുള്ള ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്യാം. ആരോഗ്യകരമായ ജീവിതത്തിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാനും, ആത്മവിശ്വാസത്തോടെ അതിനെ അഭിമുഖീകരിക്കാനും പോരാടാനുമെല്ലാം നമുക്കാവും. അതിനാവശ്യമായ പ്രസന്നമായ ജീവിതരീതി തെരഞ്ഞെടുക്കുകയേ വേണ്ടൂ.

click me!