നിങ്ങളുടെ പങ്കാളി വൈകാരികമായി നിങ്ങളെക്കാള്‍ ശക്തിയുള്ളയാളാണോ?

By Web TeamFirst Published Jan 26, 2019, 3:40 PM IST
Highlights

ജീവിച്ചുതുടങ്ങുമ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയായി  മാറുന്നത് ഒരാളുടെ വൈകാരികമായ ശക്തിയായിരിക്കും. എന്തെല്ലാം അയാള്‍ക്ക് അംഗീകരിക്കാനാകും, എന്തെല്ലാം തരണം ചെയ്യാനാകും, എന്തെല്ലാം കൈകാര്യം ചെയ്യാനാകും എന്നതിന് അനുസരിച്ച് മാത്രമേ അയാളെ ആശ്രയിക്കാന്‍ നമുക്കും തോന്നൂ

പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ മിക്കവാറും എല്ലാവരും സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റം, കരുതല്‍, വ്യക്തിത്വം, ജോലി, കുടുംബം, സാമ്പത്തികം- എന്നീ ഘടകങ്ങളെല്ലാം നോക്കാറുണ്ട്. എന്നാല്‍ പലപ്പോഴും മാനസികമായി അയാള്‍ക്കുള്ള ബലം എത്രത്തോളണമാണ് എന്നതിനെ പറ്റി ഓര്‍ക്കുക പോലും ചെയ്യില്ല. 

മിക്കവാറും ജീവിച്ചുതുടങ്ങുമ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയായി പിന്നീട് മാറുന്നത് ഈ വൈകാരികമായ ശക്തിയായിരിക്കും. എന്തെല്ലാം അയാള്‍ക്ക് അംഗീകരിക്കാനാകും, എന്തെല്ലാം തരണം ചെയ്യാനാകും, എന്തെല്ലാം കൈകാര്യം ചെയ്യാനാകും എന്നതിന് അനുസരിച്ച് മാത്രമേ അയാളെ ആശ്രയിക്കാന്‍ നമുക്കും തോന്നൂ. അപ്പോള്‍ ഇനി പങ്കാളി വൈകാരികമായി ശക്തിയുള്ളയാളാണോയെന്ന് പരിശോധിക്കാം. ഇതിന് ചില സവിശേഷതകള്‍ പങ്കാളിയുടെ വ്യക്തിത്വത്തില്‍ ഉണ്ടോയെന്ന് പരിശോധിക്കാം. 

ഒന്ന്...

ചുറ്റുമുള്ള മനുഷ്യരോട് അവരുടെ അവസ്ഥകള്‍ മനസ്സിലാക്കി പെരുമാറാനുള്ള കഴിവുണ്ടോയെന്ന് നോക്കുക. അതായത് അനുതാപത്തോടെ 'അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍' എന്ന ചിന്തയുണ്ടാകുന്നുണ്ടോയെന്ന്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്ക് നിങ്ങളെ എളുപ്പത്തില്‍ മനസ്സിലാക്കാനാകും. 

രണ്ട്...

വളരെ മോശം അനുഭവങ്ങള്‍ ഉണ്ടായാല്‍ പോലും അതിനെയെല്ലാം അതിജീവിച്ച് ജീവിതത്തോട് പ്രതീക്ഷ വച്ചുപുലര്‍ത്തുന്നയാളാണോ? തീര്‍ച്ചയായും അയാള്‍ വൈകാരികമായി ശക്തിയുള്ളയാള്‍ തന്നെയെന്ന് ഉറപ്പിക്കാം. 

മൂന്ന്...

അവര്‍ ആരെയും നിരന്തരം വിലയിരുത്തുന്നില്ലേ? സാധാരണഗതിയില്‍ ആളുകള്‍ ചെയ്യുന്നത് പോലെയുള്ള താരതമ്യ പഠനങ്ങളും നടത്തുന്നില്ലേ? എങ്കില്‍ നല്ലത്. വൈകാരികമായ ശക്തിയെന്നാല്‍ സ്വന്തം നിലനില്‍പിനെ തിരിച്ചറിയുകയും അതോടൊപ്പം മറ്റുള്ളവരുടെ നിലനില്‍പിനെ അംഗീകരിക്കുകയും ചെയ്യുകയെന്നതാണ്. 

നാല്...

തീരെ ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് അത് ഗൗരവമുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് എത്തിക്കാന്‍ വൈകാരികമായി ബലമുള്ള ഒരാളും ശ്രമിക്കില്ല. തമാശയ്ക്കുള്ള പിണക്കങ്ങളിലധികം വലിയ അസ്വാരസ്യങ്ങള്‍ ബന്ധങ്ങളില്‍ ഉണ്ടാക്കാനും ഇവര്‍ ശ്രമിക്കില്ല. പക്വതയോടെ പങ്കാളിയെ സമീപിക്കാനും, രണ്ട് വ്യക്തികള്‍ക്കിടയിലെ സ്വകാര്യതയേയും അകലത്തേയും ബഹുമാനപൂര്‍വ്വം അഭിസംബോധന ചെയ്യാനും ഇവര്‍ക്കാകും. 

click me!