ചോക്ലേറ്റ് ഫാക്ടറിയിൽ അപകടം നടന്നാൽ എന്ത് സംഭവിക്കും?

By Web TeamFirst Published Dec 13, 2018, 4:01 PM IST
Highlights

'ഡ്രേ മെയ്‌സ്റ്റെര്‍' എന്ന ഫാക്ടറി, ക്രിസ്മസ് പ്രമാണിച്ച് തകൃതിയായ ചോക്ലേറ്റ് നിര്‍മ്മാണത്തിലായിരുന്നു. ഇതിനിടെയാണ് അബദ്ധവശാല്‍ ഒരു ടാങ്ക് നിറഞ്ഞ് കവിഞ്ഞത്. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാനാകും മുമ്പ് ചോക്ലേറ്റ് പരന്നൊഴുകി

ചോക്ലേറ്റ് പ്രേമികള്‍ക്ക് കേള്‍ക്കുമ്പോള്‍ അല്‍പം സന്തോഷവും അതോടൊപ്പം സങ്കടവും വരാന്‍ സാധ്യതയുള്ള വാര്‍ത്തയാണ് ജര്‍മ്മനിയിലെ വെസ്റ്റൊണെന്നില്‍ നിന്ന് വരുന്നത്. ഇവിടെയുള്ള ഒരു ചോക്ലേറ്റ് ഫാക്ടറിയില്‍ നടന്ന അപകടമാണ് വാര്‍ത്തയ്ക്ക് ആധാരം. 

'ഡ്രേ മെയ്‌സ്റ്റെര്‍' എന്ന ഫാക്ടറി, ക്രിസ്മസ് പ്രമാണിച്ച് തകൃതിയായ ചോക്ലേറ്റ് നിര്‍മ്മാണത്തിലായിരുന്നു. ഇതിനിടെയാണ് അബദ്ധവശാല്‍ ഒരു ടാങ്ക് നിറഞ്ഞ് കവിഞ്ഞത്. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാനാകും മുമ്പ് ചോക്ലേറ്റ് പരന്നൊഴുകി. 

ഫാക്ടറിയുടെ മുറ്റവും കടന്ന് ചോക്ലേറ്റ് നേരെ റോഡിലേക്കൊഴുകാന്‍ തുടങ്ങി. അങ്ങനെ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് റോഡ് ഒരു ചോക്ലേറ്റ് പുഴയായി മാറി. അല്‍പമൊന്നുമല്ല, ഏതാണ്ട് ഒരു ടണ്ണിലധികം ചോക്ലേറ്റാണ് ഒഴുകിപ്പോയത്. ഇവയെല്ലാം കൂടി റോഡിലടിഞ്ഞ് അല്‍പസമയത്തിനകം തന്നെ ഉറഞ്ഞ് കട്ടിയായി. 

കട്ടിയായതോടെ ചോക്ലേറ്റ് റോഡില്‍ നിന്ന് മാറ്റുന്ന ജോലി ഒരു വെല്ലുവിളിയായി. വാഹനങ്ങള്‍ക്ക് പോകാനുള്ള വഴി  തടസ്സപ്പെട്ടതോടെ ഗതാഗതവും സ്തംഭിച്ചു. തുടര്‍ന്ന് അഗ്നിശമനസേനയുടെ സഹായത്തോടെ രണ്ട് മണിക്കൂര്‍ നേരത്തേ ശ്രമത്തിനൊടുവിലാണ് ഫാക്ടറി അധികൃതര്‍ റോഡ് വൃത്തിയാക്കിയത്. വലിയ പാരയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് അഗ്നിശമനസേന അംഗങ്ങള്‍ ചോക്ലേറ്റ് നീക്കം ചെയ്തത്. 

അപ്രതീക്ഷിതമായ അപകടം ഫാക്ടറിക്ക് നഷ്ടമുണ്ടാക്കിയെന്നും ഇത് ക്രിസ്മസ് വിപണിയെ ബാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ക്രിസ്മസിന് വിപണിയിലെത്തിക്കാന്‍ പദ്ധതിയിട്ട അത്രയും ചോക്ലേറ്റ് ഇനി എത്തിക്കാനാകുമോയെന്ന കാര്യത്തില്‍ സംശയമാണെന്നും അവര്‍ അറിയിച്ചു.
 

click me!