മഹാകോടീശ്വരന്‍; പക്ഷേ, മറവിരോഗത്തോട് പോരാടുകയാണ്...

By Web TeamFirst Published Sep 30, 2018, 3:03 PM IST
Highlights

'..അല്‍ഷിമേഴ്‌സൊന്നും പിടിച്ചില്ല. എന്നാലും ഇങ്ങനൊരു രോഗം വന്നു, എന്താണ് ഈ രോഗത്തിന്റെ പേര്, അതും ഓര്‍ക്കാനാകുന്നില്ലല്ലോ....'- രോഗത്തിന്റെ പേര് പോലും മറന്നുപോയി ടെഡ്
 

ലോസ്ഏഞ്ചല്‍സ്: താന്‍ മറവിരോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി സി.എന്‍.എന്‍ സ്ഥാപകരില്‍ ഒരാളായ ടെഡ് ടേണര്‍.  ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് ടെഡ് ടേണര്‍ തന്റെ അസുഖവിവരത്തെ കുറിച്ച് സംസാരിച്ചത്. 

'അല്‍ഷിമേഴ്‌സിന്റെയെല്ലാം ഒരു ചെറിയ രൂപമാണിത്. അതുപോലൊക്കെ തന്നെ, പക്ഷേ അതിന്റെയത്ര ഗൗരവമുള്ള പ്രശ്‌നമല്ല...'- തന്റെ രോഗത്തിന്റെ പേര് ഓര്‍മ്മിക്കാന്‍ ശ്രമിച്ചുകൊണ്ട് എഴുപത്തിയൊമ്പതുകാരനായ ടെഡ് അഭിമുഖത്തിനിടെ വീണ്ടും മറവിയിലെത്തി. 

'..അല്‍ഷിമേഴ്‌സൊന്നും പിടിച്ചില്ല. എന്നാലും ഇങ്ങനൊരു രോഗം വന്നു, എന്താണ് ഈ രോഗത്തിന്റെ പേര്, അതും ഓര്‍ക്കാനാകുന്നില്ലല്ലോ....'- രോഗത്തിന്റെ പേര് പോലും മറന്നുപോയ ടെഡ് പക്ഷേ, പിന്നീട് ഓര്‍ത്തെടുത്ത് തനിക്ക് 'ഡിമെന്‍ഷ്യ'യാണെന്ന് പറഞ്ഞു. 

ആദ്യത്തെ 24 മണിക്കൂര്‍ വാര്‍ത്താചാനലായ സിഎന്‍എന്‍ 1980ല്‍ നിലവില്‍ വന്നപ്പോള്‍, അതിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു ടെഡ്. പിന്നീട് ഏറെക്കാലം സിഎന്‍എന്നിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. 2003ല്‍ മാധ്യമലോകത്ത് നിന്ന് ഇറങ്ങിവന്നു. മനുഷ്യരോട് ഏറ്റവും മികച്ച രീതിയില്‍ പെരുമാറാനും കരുണയോടും പരിഗണനയോടും ഇടപെടാനും ശ്രമിച്ചിരുന്നതിനാല്‍ തന്നെ അത്രമാത്രം ജനസമ്മിതിയും സ്‌നേഹവും ടെഡിനെ തേടിയെത്തിയിരുന്നു. 

ലൂയി ബോഡി ഡിമെന്‍ഷ്യയാണ് ടെഡിന് പിടിപെട്ടിരിക്കുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും സ്ഥിരീകരിച്ചു. തലച്ചോറിനകത്ത് ഒരു പ്രത്യേക തരം പ്രോട്ടീന്‍ അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. ക്രമേണ ചിന്തകളെയും, ഓര്‍മ്മകളെയും, ചനങ്ങളെയും, പെരുമാറ്റങ്ങളെയും, മാനസികാവസ്ഥയെയുമെല്ലാം ഇത് ബാധിക്കും. 

'എപ്പോഴും ക്ഷീണവും തളര്‍ച്ചയും മറവിയുമാണെനിക്ക്, ഇതെല്ലാം എന്റെ രോഗത്തിന്റെ ലക്ഷണമാണ്...' മറവിയോട് പോരാടുമ്പോഴും തെളിച്ചത്തോടെ തന്റെ രോഗത്തെക്കുറിച്ച് ടെഡ് സംസാരിച്ചു. സിബിഎസ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലാണ് ടെഡ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
 

click me!