
സമയത്ത് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഫുഡ് സപ്ലിമെന്റുകള്‍ എന്ന വിഭാഗം രംഗത്തെത്തിയത്. വിവിധ വിറ്റാമിനുകള്‍, പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയവയെല്ലാം ഗുളികയുടെയോ മരുന്നിന്റെയും പൊടിയുടെയോ രൂപത്തില്‍ ഫുഡ് സപ്ലിമെന്റുകളായി നമുക്ക് ലഭ്യമാണ്. ആ ശ്രേണിയിലേക്ക് പുതിയതായി ഒന്നുകൂടി വരികയാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതെന്താണെന്ന് കേട്ടാല്‍ ആരുമൊന്ന് നെറ്റി ചുളിക്കും. പാറ്റയുടെ പാല്‍ നല്ല ഒന്നാന്തരം എനര്‍ജി ഡ്രിങ്ക് ആണെന്നാണ് അറ്റ്‌ലാന്റയിലെ ഫേണ്‍ബാങ്ക് മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി ഡയറക്‌ടര്‍ ബെക്കി ഫേസറുടേ നേതൃത്വത്തിലുള്ള പഠന സംഘം കണ്ടെത്തി. പസിഫിര് ബീറ്റില്‍ കോക്ക്രോച്ച് എന്നയിനം പാറ്റയില്‍നിന്ന് വരുന്ന പ്രത്യേകതരം ദ്രവമാണ് എനര്‍ജി ഡ്രിങ്കായി ഉപയോഗിക്കാനാകുന്നത്. ഇതിനെ പാറ്റയുടെ പാല്‍ എന്നു വിളിക്കാനാകില്ലെന്നും പഠന സംഘം പറയുന്നുണ്ട്. പാറ്റ കുഞ്ഞുങ്ങള്‍ ഈ ദ്രവം അകത്താക്കിയാണ് വളരുന്നത്. വളര്‍ച്ചയ്‌ക്ക് ആവശ്യമായ പ്രോട്ടീന്‍ ക്രിസ്റ്റലുകള്‍ ഈ ദ്രവത്തില്‍ അടങ്ങിയിട്ടുണ്ടെന്നും പഠനസംഘം കണ്ടെത്തിയിട്ടുണ്ട്. പശുവിന്‍ പാലിനേക്കാള്‍ നാലിരട്ടയും എരുമപ്പാലിനേക്കാള്‍ മൂന്നിരട്ടിയും ഊര്‍ജ്ജം ഈ പാറ്റയുടെ പാലില്‍നിന്ന് ലഭിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. പഠന റിപ്പോര്‍ട്ട് ജൂലൈയിലെ ഇന്റര്‍നാഷണല്‍ യൂണിയണ്‍ ഓഫ് ക്രിസ്റ്റലോഗ്രഫി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam