അര്‍ബുദ ചികില്‍സക്കുള്ള മരുന്നുകള്‍ക്ക് കൊള്ളവില

By Web DeskFirst Published Jul 26, 2016, 1:06 AM IST
Highlights

തിരുവനന്തപുരം: അര്‍ബുദ ചികില്‍സക്കുള്ള മരുന്നുകള്‍ക്ക് കൊള്ളവില  ഈടാക്കി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും. നിലവില്‍ വില്‍ക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വില ഈടാക്കി മരുന്ന് വില്‍പന നടത്താമെന്നിരിക്കെ അതിന് അധികൃതര്‍ തയാറാകുന്നില്ല. കാരുണ്യ ഫാര്‍മസിയേക്കാള്‍ രണ്ടിരട്ടിയിലധികം വിലകുറച്ചാണ് എസ്എടി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഈന്‍ഹൗസ് ഡ്രഗ് ബാങ്ക് അര്‍ബുദ മരുന്നുകള്‍ വില്‍ക്കുന്നത് . വിലക്കുറവ് ബോധ്യപ്പെട്ടാല്‍ കമ്പനികളുമായി ചര്‍ച്ച നടത്തി വില കുറയ്ക്കാനുള്ള നടപടികള്‍  സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പ്രതികരിച്ചു.

മരുന്ന് കൊള്ളയ്ക്ക് അറുതി വരുത്തി വിലക്കുറവില്‍ ജീവന്‍രക്ഷാമരുന്നുകള്‍ ലഭ്യമാക്കാനാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കാരുണ്യ ഫാര്‍മസികള്‍ രൂപീകരിച്ചത്. വിപണിവിലയേക്കാള്‍ 40 ശതമാനം വരെ വിലക്കിഴിവ് നല്‍കി മരുന്ന് വില്‍പന നടത്തുന്നുമുണ്ട് മെഡി.കോര്‍പറേഷന്‍. എന്നാല്‍ ഇതിലും വില കുറച്ച് മരുന്ന് വില്‍പന നടത്താമെന്നിരിക്കെ അതിനൊട്ട് താല്‍പര്യമില്ല കോര്‍പറേഷന്. 

അര്‍ബുദരോഗ മരുന്നുകളുടെ വില തന്നെ അതിനുദാഹരണം. ഗര്‍ഭാശയ അര്‍ബുദരോഗ ചികില്‍സക്കുപയോഗിക്കുന്ന ലൂപ്രൈഡ് ഡിപ്പോട്ട് കുത്തിവയ്പിന് വിപണിവില 4200 രൂപ. കാരുണ്യ ഫാര്‍മസിയില്‍
വില്‍ക്കുന്നത് 3218രൂപയ്ക്ക്. എന്നാല്‍ ഇതേ മരുന്നിന് എസ് എ ടിയിലെ ഇന്‍ഹൗസ് ഡ്രഗ് ബാങ്ക് ഈടാക്കുന്നത് 1890 രൂപ മാത്രം. 

മെഡിക്കല്‍ കോര്‍പറേഷനിലേതിനേക്കാള്‍ 1320 രൂപ കുറവ്. സോളോഡെക്സ് എന്ന മരുന്നിന് ഇന്‍ഹൗസ് ഡ്രഗ് ബാങ്ക് ഈടാക്കുന്നതിന്‍റെ ഇരട്ടിയിലധികമാണ് കാരുണ്യയിലെ വില . കാരുണ്യ ഫാര്‍മസിയില്‍ 7510 രൂപ 75 പൈസക്ക് വില്‍ക്കുന്ന ഈ മരുന്ന് ഇന്‍ഹൗസ് ഡ്രഗ് ബാങ്കില്‍ വില്‍ക്കുന്നത് 4313 രൂപയ്ക്ക്. 

എന്നാല്‍ ഈ വില വ്യത്യാസം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ഇതേക്കുറിച്ച് മരുന്ന് കമ്പനികളുമായി ചര്‍ച്ച നടത്തി വില കുറയ്ക്കാനാകുമോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ പ്രതികരിച്ചു.

click me!