ആശങ്കപ്പെടുത്തുന്ന കണക്കുകളുമായി മറ്റൊരു ലോക എയ്ഡ്സ് ദിനം

By web DeskFirst Published Dec 1, 2017, 8:21 AM IST
Highlights

ദില്ലി: ഇന്ന് ലോക എയ്ഡ്സ് ദിനം. എയ്ഡ്സിനെതിരെ പ്രചാരണം തുടരുമ്പോഴും എച്ച്ഐവി  ബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ കോടി പിന്നിട്ട് കഴിഞ്ഞു.  എന്‍റെ ആരോഗ്യം എന്‍റെ അവകാശം എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിന മുദ്രാവാക്യം. എയ്ഡ്സ് എന്ന രോഗാവസ്ഥയെ കുറിച്ച് ലോകം അറിയുന്നത് 1984 ലാണ്. അമേരിക്കന്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഗവേഷണ കേന്ദ്രത്തിലെ ഗവേഷകന്‍ റോബര്‍ട്ട് ഗാലോ യിലൂടെയാണ് എയ്ഡ്സ് എന്ന രോഗാവസ്ഥ പുറംലോകമറിയുന്നത്.

എയ്ഡ്സ് ഉണ്ടാക്കുന്ന എച്ച്ഐവി വൈറസിനെ തിരിച്ചറിയുന്നത് അന്നാണ്. ഹ്യുമന്‍ ഇമ്മ്യൂണോ വൈറസ് അഥവാ എച്ച്ഐവി ശരീരത്തിലേക്ക് കടക്കുക വഴി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും അതിന്‍റെ ഫലമായി മറ്റു മാരക രോഗങ്ങളുടെ പിടിയിലകപ്പെടുകയും ചെയ്യുക. ഭീതിദമായ ഈ അവസ്ഥയാണ് എയ്ഡ്സ് അഥവാ അക്വയേര്‍ഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യൻസി സിൻഡ്രോം. 

മരുന്നില്ലാത്ത ആ രോഗാവസ്ഥയ്ക്കുള്ള ഏക പ്രതിരോധം ബോധവ്തക്കരണമായിരുന്നു. രോഗം വരാതെ നോക്കലായിരുന്നു. ആ ലക്ഷ്യവുമായിട്ടാണ് നാലു വര്‍ഷങ്ങള്‍ക്കിപ്പുറം 1988ല്‍ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും ഡിസംബര്‍ ഒന്നിന് എയ്ഡ്സ് ദിനാചരണം തുടങ്ങിയത്. 29 വര്‍ഷങ്ങള്‍ക്കിപ്പുറം ബോധവല്‍ക്കരണം വലിയൊരളവ് വരെ വിജയിച്ചെങ്കിലും പുറത്തുവരുന്ന കണക്കുകള്‍ ഭീതിപ്പെടുത്തുന്നതാണ്.

നിലവില്‍ ലോകത്ത് എയ്ഡ്സ് ബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ കോടിയോളമാണ്. ആഫ്രിക്കയിലാണ് ഏറ്റവുമധികം പേരുള്ളത്. രണ്ടരക്കോടി ആളുകള്‍. ഇവരില്‍ മുതിര്‍ന്നവരുണ്ട്. കുട്ടികളുണ്ട്. ഗര്‍ഭിണികളുണ്ട്. ബോധവ്തക്കരണത്തിനപ്പുറവും എണ്ണത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണ്. ഒപ്പം പ്രതിരോധം കൂടുതല്‍ ഊര്‍ജ്ജിതമാക്കേണ്ടതിന്‍റെ ഓര്‍മ്മപ്പെടുത്തലും
 

click me!