
നഖം കടിക്കുന്ന ദുശ്ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. കുട്ടികള്‍ നഖംകടിക്കുന്നത് കാണുമ്പോള്‍ മുതിര്‍ന്നവര്‍ വഴക്ക് പറയുകയും, ആ ശീലം മാറ്റിയെടുക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. കുട്ടിക്കാലത്തു തുടങ്ങുന്ന ശീലം ചിലരെ വാർധക്യത്തിലെത്തിയാലും വിട്ടുപോകാറില്ല. വിരസതയും സമ്മർദവുമാണ് നഖംകടിക്കു പിന്നിലെ പ്രധാന കാരണം. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് എത്തിക്കുന്നു.
ഒബെസീവ് കംപൾസീവ് ഡിസോർഡർ(OCD) എന്ന മാനസികാവസ്ഥയാണ് ഈ ശീലത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം എന്തുതന്നെയായാലും നഖംകടി ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നതാണ്. നഖംകടി മൂലം നിങ്ങള്‍ക്ക് വരാന്‍ സാധ്യതയുളള ചില രോഗാവസ്ഥകളെ നോക്കാം.
നഖം കടിക്കുന്നവര്‍ക്ക് അണുബാധയുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സാൽമോണല്ല, ഇ–കോളി തുടങ്ങിയ ബാക്ടീരിയകളുടെ വാസസ്ഥലമാണ് നഖം. നഖം കടിക്കുമ്പോൾ ഇവ വായ്ക്കുള്ളിലെത്തുകയും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. കൈവിരലുകളെക്കാൾ രണ്ടിരട്ടി വൃത്തികേടാണ് നഖങ്ങളിൽ. ഇവയുടെ ശുചിത്വം നിലനിർത്താനും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ പകർച്ചവ്യാധിക്കു കാരണക്കാരായവരെ കൈമാറ്റം ചെയ്യാനും ഇവയ്ക്കു സാധിക്കുന്നു.
നഖത്തിനു ചുറ്റുമുണ്ടാകുന്ന അണുബാധയായ Paronychia നഖംകടി ശീലമുള്ളവരിൽ കണ്ടുവരുന്നുണ്ട്. നഖം കടിക്കുമ്പോൾ ബാക്ടീരിയ, യീസ്റ്റ്, മറ്റു സൂക്ഷ്മജീവികൾ എന്നിവ ചെറിയ മുറിവുകളിലൂടെയും പൊട്ടലുകളിലൂടെയും കടക്കുന്നു. ഇത് വിരലിൽ നീരുവീക്കം ഉണ്ടാകാനും ചുവക്കുന്നതിനും നഖത്തിനു ചുറ്റും പഴുപ്പു കെട്ടുന്നതിനും നഖചുറ്റിനും കാരണമാകുന്നു.
സ്ഥിരമായി നഖം കടിക്കുന്നവരിൽ കണ്ടുവരുന്ന മറ്റൊന്നാണ് അരിമ്പാറ. ഹ്യൂമൻ പാപ്പിലോമ വൈറസാണ് ഇതിന് കാരണം. നഖം കടിക്കുമ്പോൾ ഇവ വായ്ക്കുള്ളിലും ചുണ്ടിലുമൊക്കെ വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. ∙
പല്ലിന്‍റെ താഴത്തെയും മുകളിലത്തെയും നിരകൾ തമ്മിലുള്ള അന്തരത്തിന് നഖംകടി കാരണമാകുന്നു. യഥാസ്ഥാനത്തു നിന്നു പല്ല് മാറിപ്പോകാനും ആകൃതി വ്യത്യാസത്തിനും വളർച്ച എത്തുന്നതിനു മുന്നേ കൊഴിയുന്നതിനും ബലമില്ലാതാകുന്നതിനും നഖംകടി കാരണമാകാം.
നഖം കടി ചർമത്തെ വരണ്ടതാക്കുകയും തെറ്റായ രീതിയിൽ നഖം ഇളക്കുന്നതിനു കാരണമാകുകയും ചെയ്യും. ഇത്തരം ശീലമുള്ളവർ പല്ലുപയോഗിച്ചായിരിക്കും വളർന്നുവരുന്ന നഖം മുറിക്കുക. ഇതുമൂലം പലപ്പോഴും മുറിവുകൾ ഉണ്ടാകാനുളള സാധ്യതയുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam