
ഒരിക്കൽ ആ വേദന അനുഭവിച്ചവർ പറയും വൃക്കയിൽ കല്ലുണ്ടാകുന്നത് എത്രമാത്രം ഉറക്കംകെടുത്തുമെന്ന്. വൃക്കയിൽ കല്ലുണ്ടാകുന്ന രോഗത്തിൽ ഭൂരിഭാഗവും സ്വയംവരുത്തിവെക്കുന്നതാണ്. തെറ്റായ ഭക്ഷണക്രമം തന്നെയാണ് ഇതിനുള്ള പ്രധാനകാരണം. വൃക്കയിൽ കല്ല് വന്നവർക്കുള്ള ഭക്ഷണക്രമം പ്രധാനമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അസുഖം മൂർഛിക്കാനും അത് നിങ്ങൾക്ക് നിദ്രാവിഹീന രാത്രികൾ സമ്മാനിക്കാനും കാരണമാകും. അവർക്കുള്ള ചില ഭക്ഷണക്രമം ഇതാ:
ദിവസം എട്ട് മുതൽ പത്ത് വരെ ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രം കൂടുതൽ ഒഴിക്കാനും അതുവഴി കല്ലുണ്ടാക്കുന്ന ധാതുക്കൾ അടിഞ്ഞുകൂടുന്നത് തടയാനും കഴിയും.
ഉപ്പില്ലാതെ ഭക്ഷണം പലർക്കും അരോചകമാണ്. എന്നാൽ വൃക്കയിൽ കല്ലുവന്നവർ ഉപ്പിനോട് അകലം പാലിച്ചേ മതിയാകൂ. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് ചുരുക്കണം. മൂത്രത്തിൽ കാൽസ്യത്തിന്‍റെ അളവ് കുറക്കാൻ ഇത് സഹായിക്കും. ഉപ്പിന്റെ അംശം കൂടുതലുള്ള സ്നാക്സ്, സൂപ്പുകൾ, ഇറച്ചി എന്നിവയോട് വിട്ടുനിൽക്കുന്നതാണ് ഗുണകരം.
കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ് പാലിൽ 300 മില്ലി ഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ടാകും. ഇത്തരം പാലും പാലുൽപ്പന്നങ്ങളും കൂടുതലായാൽ മൂത്രത്തിൽ കാൽസ്യത്തിന്‍റെ അളവ് ഉയർന്നുനിൽക്കാനും വൃക്കയിൽ കല്ലുണ്ടാകാൻ കാരണമാവുകയും ചെയ്യും.
ഒാക്സാലിക് ആസിഡിന്റെ അംശം കൂടുതലുള്ള ചീര, സ്ട്രോബറി, ഗോതമ്പ് തവിട്, കശുവണ്ടിയുടേത് ഉൾപ്പെടെയുള്ള പരിപ്പ്, ചായ തുടങ്ങിയ ഭക്ഷണ പദാർഥങ്ങൾ മൂത്രത്തിൽ കാൽസ്യത്തിന്‍റെ അംശം കൂട്ടാൻ വഴിവെക്കും. ഇവയുടെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വൃക്കയിൽ കല്ലിന്റെ സാന്നിധ്യം നിലനിർത്തും.
കാൽസ്യം രൂപപ്പെടുത്തുന്നതിൽ അതുവഴി വൃക്കയിൽ കല്ലുണ്ടാക്കുന്നതിലും പഞ്ചസാരക്കും പങ്കുണ്ട്. പഞ്ചസാരയുടെ അംശമുള്ള ഭക്ഷണം ഇവർ ഉപേക്ഷിക്കണം.
ഇറച്ചി, മുട്ട, മത്സ്യം എന്നിവ മൂത്രത്തിൽ യൂറിക് ആസിഡിന്റെ അളവ് അനിയന്ത്രിതമാക്കും. പാൽ നൽകാത്ത ജീവികളിൽ നിന്നുള്ള ഭക്ഷണ പദാർഥങ്ങളും മൂത്രത്തിൽ കാൽസ്യത്തിന്‍റെ അളവ് വർധിപ്പിക്കാൻ കാരണമാകും.
അലിയാത്ത നാരുകളുള്ള ഗോതമ്പ്, റൈ, ബാർലി, അരി എന്നീ ധാന്യങ്ങൾ മൂത്രത്തിൽ കാൽസ്യത്തിന്‍റെ അളവ് കുറക്കാൻ സഹായിക്കും. മലത്തിലൂടെ കാൽസ്യം പുറത്തുപോകാനും ഇവ സഹായകമാണ്. കാൽസ്യം ഒാക്സലേറ്റ് കല്ലുകൾ ആണെങ്കിൽ പാലും പാൽ ഉപയോഗിച്ചുള്ള ചായ, ചോക്ലേറ്റ് തുടങ്ങിയ ഉപേക്ഷിക്കണം.
വിറ്റാമിൻ സിയെ ശരീരം ഒാക്സലേറ്റ് ചെയ്യുമ്പോഴാണ് വൃക്കയിൽ കല്ലുണ്ടാകുന്നത്. അതുകൊണ്ട് തന്നെ വൃക്കയിൽ കല്ലിന്റെ അസുഖത്തിന് സാധ്യതയുള്ളവർ ഉടൻ തന്നെ ഒരു ഡോക്ടറെയും ഭക്ഷണനിയന്ത്രണ വിദഗ്ദനെയും കാണണം. അവരുടെ ഉപദേശപ്രകാരം ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam