
തിരുവനന്തപുരം: സ്‌നേഹത്തിന്റെ ഹോർമോൺ എന്നറിയപ്പെടുന്ന ഓക്‌സിടോസിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനം ദില്ലി ഹെെക്കോടതി എടുത്തുകളഞ്ഞിരുന്നു. അമ്പതോളം ബ്രാൻഡുകളുണ്ടായിരുന്നതിൽ കർണാടകയിലെ കെഎപിഎല്ലിന് മാത്രം ഉൽപാദനാവകാശം നിലനിർത്തികൊണ്ടായിരുന്നു കേന്ദ്രം നിരോധനം പ്രഖ്യാപിച്ചത്. പ്രസവത്തിനു ശേഷമുള്ള രക്തസ്രാവം തടയാൻ ശക്തിയുള്ള മരുന്ന് ആവശ്യത്തിന് ഉൽപാദിപ്പിച്ച ശേഷമായിരുന്നില്ല കേന്ദ്ര ഇടപെടൽ. ജീവൻരക്ഷാ മരുന്നായ ഓക്‌സിടോസിന് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് എന്തുകൊണ്ടാണ് ദില്ലി ഹെെക്കോടതി എടുത്തുകളഞ്ഞതെന്ന് വ്യക്തമാക്കി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടറും കോളമിസ്റ്റുമായ നെൽസൺ ജോസഫ്.
നെൽസൺ ജോസഫിന്റെ കുറിപ്പ് പൂർണരൂപത്തിൽ
ഓക്സിടോസിൻ നിരോധനം ദില്ലി ഹെെക്കോടതി എടുത്ത് ചവറ്റുകുട്ടയിൽ ഇട്ടിട്ടുണ്ട്. അതെന്താണു സംഭവമെന്നല്ലേ?
ഭരിക്കാനറിയാത്ത വെറും ഊളകളുടെ കയ്യിൽ ഭരണം നൽകിയാൽ എന്താണുണ്ടാവുകയെന്നതിനൊരു ഉത്തമ ഉദാഹരണമായിരുന്നു നോട്ടുനിരോധനം.
അതുപോലെ അധികമാരും ശ്രദ്ധിക്കാത്ത, എന്നാൽ വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന മറ്റൊരു നിരോധനത്തെക്കുറിച്ചാണു പറയുന്നത്.
കുറച്ചുനാൾ മുൻപ് കേന്ദ്രഗവൺമന്റ് ഒരു മരുന്ന് നിരോധിച്ചു. " ഓക്സിടോസിൻ " എന്നാണീ മരുന്നിന്റെ പേര്. തീവ്രവാദം ഇലാതാക്കാൻ Currency നിരോധിച്ചതുപോലെ ഈ മരുന്നിന്റെ നിരോധനത്തിനു പിന്നിലെ കാരണവും വിചിത്രമാണ്. പശുക്കൾ പാൽ ചുരത്താനായി കർഷകർ ഇതിനെ ദുരുപയോഗിക്കുന്നത്രേ.
അപ്പൊ ഓക്സിടോസിൻ അത്ര അപകടകാരിയാണെന്നോ ശരീരത്തിലില്ലെന്നോ തെറ്റിദ്ധരിക്കരുത്. " സ്നേഹത്തിറെ ഹോർമ്മോൺ " എന്ന് മറ്റൊരു പേരുണ്ട് ഓക്സിടോസിന്.
അമ്മ കുഞ്ഞിനെ കാണുമ്പൊഴും കുഞ്ഞ് മുലകുടിക്കുമ്പൊഴുമെല്ലാം ഓക്സിടോസിൻ ചുരത്തപ്പെടും. ഒപ്പം പ്രസവസമയത്ത് ഗർഭാശയവും ഗർഭാശയമുഖവും വികസിക്കുന്നതിനനുസരിച്ചും ഓക്സിടോസിൻ ഹൈപ്പോതലാമസ് നിർമ്മിച്ച് പിറ്റ്യൂട്ടറി പുറപ്പെടുവിക്കും.
ചുരുക്കിപ്പറഞ്ഞാൽ പ്രസവത്തിനും അതിനു ശേഷം കുഞ്ഞിനോടുള്ള ആത്മബന്ധത്തിനും പാലുത്പാദനത്തിനുമെല്ലാം സഹായിക്കുന്ന ഒരു ഹോർമ്മോണാണ് ഓക്സിടോസിൻ.
ആധുനിക വൈദ്യശാസ്ത്രത്തിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ ഓക്സിടോസിന് ഒന്നിലധികം ഉപയോഗങ്ങളുണ്ട്. .
ഗർഭാശയത്തിന്റെ സങ്കോചവികാസങ്ങൾ നിയന്ത്രിച്ച് പ്രസവം വേഗത്തിലാക്കാനും പ്രസവശേഷം ഗർഭപാത്രം ചുരുക്കി രക്തസ്രാവം നിയിക്കാനുമെല്ലാം ഓക്സിടോസിൻ ഉപകരിക്കുന്നുണ്ട്. ചുരുക്കത്തിൽ ഓക്സിടോസിന്റെ വില ഒരുപാടു ജീവനുകളാണ്.
ആ ഓക്സിടോസിനാണിപ്പോൾ നിരോധിക്കപ്പെട്ടിരിക്കുന്നത്. നിരോധനമെന്നാൽ സമ്പൂർണ്ണനിരോധനമല്ല. ജനറിക് ബ്രാൻഡും അല്ലാത്തതുമായി അൻപതോളം ബ്രാൻഡുകൾ നിലനിന്നിരുന്നിടത്ത് ഇപ്പോൾ കർണ്ണാടകയിലെ കെ.എ.പി.എല്ലിനു മാത്രമാണ് ഉത്പാദനാവകാശം (ബലേ ഭേഷ്, ഒരെണ്ണം എന്തിനാർന്ന് .
4.82 രൂപ മുതൽ 13.72 രൂപവരെ വിലയിൽ കിട്ടിയിരുന്നമരുന്നിനു കെ.എ.പി.എല്ലിന്റേതാകുമ്പൊ 17.78 രൂപയാകും വില.
ശരി. ആവശ്യത്തിനുള്ള മരുന്ന് റെഡിയാക്കിയിട്ടാണു സർക്കാർ ബാക്കി കമ്പനികളെയെല്ലാം സൈഡാക്കിയതെന്ന് കരുതാം അല്ലേ?
തെറ്റി. നോട്ട് നിരോധിച്ചുകഴിഞ്ഞു മാത്രം നോട്ടടി തുടങ്ങിയതുപോലെയാണു സർക്കാർ ഇവിടെയും പ്രവർത്തിച്ചത്. ജൂലൈ 1 തൊട്ട് നിലവിൽ വന്ന നിരോധനത്തിനു കെ.എ.പി.എൽ ഉത്പാദനം തുടങ്ങിയത് ജൂലൈ 2നായിരുന്നു.
അതായത് രാജ്യത്താകമാനം വേണ്ട, മാതൃമരണങ്ങളുടെ 20% വരുന്ന പ്രസവത്തിനു ശേഷമുള്ള രക്തസ്രാവം കൂടി തടയാൻ ശക്തിയുള്ള ഒരു മരുന്ന് ആദ്യമായി ഉത്പാദനം തുടങ്ങിയത് നിരോധിച്ചതിന്റെ പിറ്റേന്ന്.
ഡോ.Babu KVക്ക് നൽകിയ മറുപടിയിൽ കെ.എ.പി.എൽ തന്നെ സൂചിപ്പിച്ചതാണിത്. പുതുതായി ഉത്പാദിപ്പിക്കുന്നതിന്റെ ഗുണനിലവാരം ആരുറപ്പുവരുത്തുമെന്നതിനും കന്യാകുമാരി മുതൽ കശ്മീർ വരെ വലുതും ചെറുതുമായ ആശുപത്രികളിൽ ഈ മരുന്നെങ്ങനെ എത്തിക്കുമെന്നുമൊക്കെയുള്ള ചോദ്യങ്ങൾക്കുത്തരമില്ലയിരുന്നു
ഇത് രണ്ടായിരത്തിന്റെ പുതിയ നോട്ടല്ല. ജീവൻ രക്ഷാ മരുന്നാണ്
അതുമാത്രമല്ല. ജനറിക് മരുന്ന് കൊണ്ടുവരാൻ സർക്കാർ പറഞ്ഞ ഒരു ന്യായീകരണം വിലക്കുറവായിരുന്നു. അഞ്ചുരൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന ഒരു മരുന്ന് നിരോധിച്ച് പതിനെട്ട് രൂപയാക്കുന്നതിലെ ലോജിക്കും മനസിലാകുന്നില്ലയിരുന്നു
കഴിഞ്ഞില്ല. ഇന്ത്യയിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്നതിനു നിയന്ത്രണമില്ല. അതായത് വിലകുറഞ്ഞ, മുൻപ് ഗുണനിലവാരമുറപ്പുവരുത്തിയ മരുന്ന് വിദേശത്തേക്കും വിലകൂടിയ, കെ.എ.പി.എൽ ആദ്യമായുണ്ടാക്കുന്ന മരുന്ന് ഇന്ത്യക്കാർക്കും?
റിസർവ്വ് ബാങ്ക് പോലെ ഒരു കേന്ദ്രസർക്കാർ സ്ഥാപനമാണു കെ.എ.പി.എല്ലും. പക്ഷേ ഇന്ത്യയിൽ മുഴുവൻ ആവശ്യമായി വന്നേക്കാവുന്ന ഭീമമായ ആവശ്യം (മുൻപ് അൻപതോളം ബ്രാൻഡുകൾ പരിഹരിച്ചിരുന്ന) പൂർത്തീകരിക്കാൻ കെ.എ.പി.എല്ലിനു കഴിയുമോ എന്നതുതൊട്ട് ഗ്രാമങ്ങളിലുള്ള ചെറു ഹോസ്പിറ്റലുകളിൽ മരുന്നെത്തുമെന്ന് ആരുറപ്പുവരുത്തുമെന്നതും അടിയന്തിരഘട്ടങ്ങളിൽ മുൻ കൂട്ടി കാണാത്ത ഒരു വർദ്ധിച്ച ആവശ്യം എങ്ങനെ പരിഹരിക്കുമെന്ന് വരെയുള്ള ആശങ്കകൾ ഒരുപാടുണ്ടായിരുന്നു
അതായത് എന്തിനുവേണ്ടി നിരോധിച്ചെന്നോ എങ്ങനെ നിരോധിച്ചെന്നോ അല്ല ഇവിടെ പ്രശ്നമാകുന്നത്. നിരോധനം നിലവിൽ വരുത്തിയ രീതിയും അതിലെ തയ്യാറെടുപ്പില്ലായ്മയുമാണ്
ഭക്ഷണത്തിൽ കൈവച്ചു
പണത്തിൽ കൈ വച്ചു
ദാ ഇപ്പൊ ആരോഗ്യത്തിലും
ആ വിഡ്ഢിത്തം തിരിച്ചറിഞ്ഞ കോടതി നിരോധനത്തെ ചവറ്റുകുട്ടയിലിട്ടു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam