
അപകടത്തിൽ പരിക്കേറ്റ നാല് വയസുകാരിയുടെ തലയോട്ടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. അമേരിക്ക ആസ്ഥാനമായ കമ്പനി വികസിപ്പിച്ചെടുത്ത പോളിയെത്തിലീൻ അസ്ഥിയാണ് ശസ്ത്രക്രിയക്കായി ഉപയോഗിച്ചത്. പൂനെയിലെ ഭാരതി ആശുപത്രിയിലാണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് തലയോട്ടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ മെയ് മാസമാണ് റോഡപകടത്തിൽ ഇഷിത ജവാലി എന്ന നാലു വയസുകാരിക്ക് അപകടം ഉണ്ടായത്.അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇഷിതയ്ക്ക് മറ്റ് മൂന്ന് സർജറികളും ചെയ്തിരുന്നു. തലയോട്ടിയിൽ രക്തംകട്ടപിടിക്കുകയും തലയോട്ടി മാറ്റിവച്ചില്ലെങ്കിൽ അത് കുട്ടിയുടെ ജീവന് ആപത്താണെന്ന് പൂനെയിലെ ഭാരതി ആശുപത്രിയിലെ എംഡിയും ഡോക്ടറുമായ ജയന്ത് കെവാൾ പറഞ്ഞിരുന്നു. സിടി സ്കാനിലൂടെയാണ് തലയോട്ടിയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. രക്തം കട്ടപിടിച്ചത് മാറ്റാനായി തലയോട്ടിയിലെ അസ്ഥികൾ നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ തീരുമാനമെടുക്കുകയായിരുന്നു.
മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടി നിരീക്ഷണ വാർഡിലാണെന്നും ഡോ.ജയന്ത് പറഞ്ഞു. അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ആശുപത്രിയിലെത്തിയ സമയം കുട്ടിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. മസ്തിഷ്കത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടി പ്രതികരിച്ചുവെന്നും രണ്ട് മാസം കഴിഞ്ഞേ കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയുള്ളൂവെന്നും ഡോക്ടർമാർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam