ആർത്തവ ദിനങ്ങൾ അവൾക്ക് നരകമാവുന്ന അവസ്ഥ; മാസമുറയും വേദനയെയും പറ്റി ഡോ. ഷിനു ശ്യാമളൻ എഴുതുന്നു

By Dr Shinu ShyamalanFirst Published Oct 24, 2018, 11:21 AM IST
Highlights

10-15 % സ്ത്രീകൾക്കാണ് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിൽ ആർത്തവ വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നത്. 18 മുതൽ 25 വയസ്സിനിടയിലുള്ള സ്ത്രീകളിൽ 50 ശതമാനത്തിൽ  പരം സ്ത്രീകൾ മാസമുറയുടെ സമയത്തു വേദന അനുഭവിക്കുന്നു. ചില മാസമുറയുടെ സമയത്തെ വേദനകൾ പ്രസവത്തോടെ കുറയുന്നതായി കണ്ടു വരുന്നു.

എല്ലാ മാസവും മുടങ്ങാതെ ഒരു പെൺകുട്ടി എന്നെ ആശുപത്രിയിൽ കാണാൻ വരും. അവളെ ഓർത്തിരിക്കുവാൻ പ്രത്യേക കാരണമുണ്ട്. അതികഠിനമായ വയറുവേദനയും, ഛർദ്ദിയും, തലകറക്കവുമാവും അവൾക്ക്. ആർത്തവ ദിവസങ്ങൾ നരകമാവുന്ന അവസ്ഥ.  അവളുടെ ദൈനംദിന ജീവിതത്തെ തന്നെ ആർത്തവ ദിവസങ്ങൾ ബാധിച്ചു.  ആ ദിവസങ്ങളിൽ അവൾക്ക് കോളേജിൽ നിന്ന് അവധിയെടുക്കേണ്ടി വരും.

വയറിൽ കൈയ്യും വെച്ചു അവൾ കിടക്കുന്നത് കാണുമ്പോൾ അവളെപോലെ വേദന അനുഭവിക്കുന്ന മറ്റുള്ള പെൺകുട്ടികളെ കൂടി ഓർത്തു പോകും. ചിലർക്കൊക്കെ ആർത്തവം കഠിനാനുഭവമാണ്. 10-15 % സ്ത്രീകൾക്കാണ് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിൽ ആർത്തവ വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നത്. 18 മുതൽ 25 വയസ്സിനിടയിലുള്ള സ്ത്രീകളിൽ 50 ശതമാനത്തിൽ  പരം സ്ത്രീകൾ മാസമുറയുടെ സമയത്തു വേദന അനുഭവിക്കുന്നു.

ചില മാസമുറയുടെ സമയത്തെ വേദനകൾ പ്രസവത്തോടെ കുറയുന്നതായി കണ്ടു വരുന്നു. ചില തരം വേദനകൾക്ക് പ്രത്യേകിച്ചു കാരണങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. 20 വയസ്സിന് മുൻപ് തന്നെ അത്തരം വേദനകൾ അനുഭവപ്പെട്ടു തുടങ്ങും. അവയെ പ്രൈമറി ഡിസ്‌മെന്നോർഹിയ എന്നു പറയുന്നു.(ഡിസ്‌മെന്നോർഹിയ എന്നത് ആർത്തവകാലത്തെ അനുബന്ധ വേദനയ്ക്ക് മോഡേൺ മെഡിസിനിൽ പറയുന്ന വാക്കാണ്).

എന്തെങ്കിലും രോഗങ്ങളോ, അവയവങ്ങളുടെ രോഗാവസ്ഥ മൂലമോ ഉണ്ടാകുന്ന വേദനയാണെങ്കിൽ അവയെ സെക്കൻഡറി ഡിസ്‌മെന്നോർഹിയ എന്നും പറയും. പ്രൈമറി ഡിസ്‌മെന്നോർഹിയ പൊതുവെ മാസമുറ തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ കണ്ടു വരാം. പെൺകുട്ടിയുടെ അമ്മയ്ക്കോ, സഹോദരിക്കോ അത്തരം വേദന ഉണ്ടാകാം. ഓരോ മാസവും ആർത്തവം തുടങ്ങുന്നതിന് കുറച്ചു മണിക്കൂറുകൾ മുൻപ് മുതൽ അല്ലെങ്കിൽ ആർത്തവം തുടങ്ങി 48 മണിക്കൂർ വരെ പ്രൈമറി ഡിസ്‌മെന്നോർഹിയയിൽ വേദന അനുഭവപ്പെടാം. അടിവയറു വേദന മാത്രമല്ല, ഛർദി, തലകറക്കം, ക്ഷീണം, വയറിളക്കം, തലവേദന എന്നിവയും ഇതോടൊപ്പം അനുഭവപ്പെടാം.

മറ്റേതെങ്കിലും ശരീര അവയവങ്ങളുടെ അസുഖം മൂലമുണ്ടാകുന്ന വേദനയാണെങ്കിൽ അതായത് സെക്കണ്ടറി ഡിസ്‌മെന്നോർഹിയ ആണെങ്കിൽ മാസമുറ തുടങ്ങുന്നതിന് 3-5 ദിവസം മുൻപേ തന്നെ വേദന അനുഭവപ്പെടും. അത്തരം വേദന മാസമുറ തുടങ്ങുന്നതോട് കൂടി മാറുകയും ചെയ്യും. ഗർഭാശയ മുഴ, എൻഡൊമെട്രിയോസിസ്, അണുബാധ, കോപ്പർ ടി ഇട്ടവരിൽ, അഡിനോ മയോസിസ് ഉള്ളവരിലൊക്കെ അത്തരം വേദന വരാം. അടിവയറിലും, പുറകിലുമായി അത്തരത്തിലുള്ള വേദന അനുഭവപ്പെടാം. എന്ത് രോഗാവസ്ഥ മൂലമാണോ വേദന അനുഭവപ്പെടുന്നത് ആ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് സെക്കണ്ടറി ഡിസ്‌മെന്നോർഹിയയിൽ വേണ്ടത്.

മുകളിൽ പറഞ്ഞ രണ്ടുമല്ലാതെ 30-45  വയസ്സിനിടയിലുള്ള സ്ത്രീകളിൽ ആർത്തവ ചക്രത്തിന്റെ അവസാനത്തെ 7-10 ദിവസങ്ങളിൽ കുറെയേറെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. വയറിൽ വായു നിറയുക, മുലകളിൽ വേദന അനുഭവപ്പെടുക, കാലുകളിൽ നീര്, ഉത്കണ്ഠ, ദേഷ്യം, വിഷാദം,മറവി, തലവേദന, അമിത വിശപ്പ്, ക്ഷീണം എന്നിവയൊക്കെ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും വിധം ബുദ്ധിമുട്ടിച്ചേക്കാം. ഈ അവസ്ഥയെ പ്രീ മെന്സ്ട്രുവൽ സിൻഡ്രോം എന്നു പറയുന്നു.

വേദന സംഹാരികൾ, ഹോർമോൺ ഗുളികകൾ, വിറ്റാമിനുകൾ തുടങ്ങി പലതരം ഗുളികകൾ നിങ്ങളുടെ രോഗാവസ്ഥ അനുസരിച്ചു ഡോക്ടർ നിർദ്ദേശിക്കാം. എപ്പോഴും വേദന അനുഭവപ്പെടുമ്പോൾ കടിച്ചമർത്തി സ്വയം ഗുളിക വാങ്ങി കഴിക്കാതെ മറ്റ് അസുഖങ്ങൾ കൊണ്ടുള്ള വയറു വേദനയല്ലെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.

ചില സ്ത്രീകളിൽ ഇതൊന്നുമല്ലാതെ മറ്റൊരുത്തരം വേദന അനുഭവപ്പെടാം. 28 ദിവസമാണല്ലോ ഒരു ആർത്തവ ചക്രം. അതിൽ ഒരു ആർത്തവം കഴിഞ്ഞുള്ള 10 മുതൽ 14 ദിവസത്തിനുള്ള അണ്ഡശയത്തിൽ നിന്ന് ഒരു അണ്ഡം ബീജത്തെ സ്വീകരിക്കാൻ തയ്യാറായി പുറത്തു വരും. അതിനെ ഓവുലേഷൻ എന്നു പറയുന്നു. ഈ സമയത്തു ചില സ്ത്രീകൾക്ക് അടിവയറ്റിൽ ഒരു വശത്തു വേദന അനുഭവപ്പെടാം. അതിനെ mittelschmerz syndrome എന്ന് പറയുന്നു. ഇത്തരം വേദന എല്ലാ മാസവും അനുഭവപ്പെടും.

മുകളിൽ പറഞ്ഞ ഏത് തരം വേദനയാണ് നിങ്ങൾക്ക് അനുഭവപ്പെടുന്നതെന്ന് അറിയുവാൻ ഒരു ഡയറിയിൽ നിങ്ങൾക്ക് വേദന അനുഭവപ്പെടുന്ന ദിവസങ്ങൾ മാസമുറയുടെ എത്രാമത്തെ ദിവസമാണെന്നു കുറച്ചു മാസങ്ങൾ എഴുതി വെക്കുക. അതോടൊപ്പം ആ മാസങ്ങളിൽ മാസമുറ വന്ന ദിവസവും എഴുതി വെക്കുക. കൂടാതെ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ഓരോ മാസവും എഴുതി വെക്കുക. ശേഷം ഡോക്ടറെ പോയി കാണിക്കുക. രോഗ നിർണ്ണയത്തിന് ഡോക്ടർക്ക് അത് വളരെ ഉപകാരപ്പെടും.

ഡോ. ഷിനു ശ്യാമളൻ

click me!