പ്രമേഹത്തെ തടയാൻ എടുക്കേണ്ട ചില തീരുമാനങ്ങള്‍

By Web TeamFirst Published Dec 9, 2018, 9:01 AM IST
Highlights

ജീവിതശൈലിയില്‍ വന്ന മാറ്റം തന്നെയാണ് പ്രമേഹം ഉണ്ടാകാനുള്ള പ്രധാനകാരണം. പാന്‍ക്രിയാസില്‍, ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്ക് തകരാർ സംഭവിക്കുന്നതോടെ പ്രമേഹം പിടിപെടുന്നു. പാരമ്പര്യഘടകങ്ങള്‍, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് പ്രമേ​ഹം പിടിപെടാനുള്ള പ്രധാനകാരണങ്ങൾ.

പ്രമേഹരോ​ഗം ഇന്ന് മിക്കവരിലും കണ്ട് വരുന്നു. പലകാരണങ്ങൾ കൊണ്ടാണ് പ്രമേഹം പിടിപെടുന്നത്. തെറ്റായ ഭക്ഷണശീലം, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം എന്നിവയുടെ ഉപയോ​ഗം ഇതെല്ലാം പ്രമേ​ഹത്തിന് കാരണമാകുന്നു. പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉത്പാദിപ്പിക്കുന്ന ​ഹോർമോൺ ആണ് ഇൻസുലിൻ. ശരീരം നിർമിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. 

ശരീരം ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ തോത് അനുസരിച്ച് പ്രമേഹരോ​ഗാവ്സ്ഥ വ്യത്യാസപ്പെടും. അതുകൊണ്ടാണ് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നു കഴിക്കണം എന്ന് പറയുന്നത്. ഇൻസുലിൻ കുത്തിവയ്പ്പും ​ഗുളികയുമാണ് പ്രമേഹ നിയന്ത്രണത്തിനുള്ള രണ്ടു മാർ​ഗങ്ങൾ. ക്യത്യമായി മരുന്ന് കഴിക്കേണ്ടത് ഈ രോ​ഗത്തിന് അനിവാര്യമാണ്.  അമിതഭാരം, അമിതവിശപ്പ്, ക്ഷീണം , അലസത ,ഭാരം കുറച്ചിൽ എന്നിവയാണ്  പ്രമേഹ രോഗത്തിന്റെ ലക്ഷണങ്ങൾ. പ്രമേഹത്തെ നേരിടാന്‍ എടുക്കേണ്ട ചില തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 രക്തപരിശോധന മുടങ്ങരുത്...

പ്രമേഹത്തിനുള്ള രക്തപരിശോധന പൊതുവെ രണ്ടുതരത്തിലാണ്. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ (എഫ് ബി എസ്), പോസ്റ്റ് പ്രാന്‍ഡില്‍ ബ്ലഡ് ഷുഗര്‍ (പി.പി.ബി.എസ്) എന്നിവയാണ് പ്രധാന രക്തപരിശോധനകൾ. ഒരു നിശ്ചിത നേരത്തേക്ക് ആഹാരം കഴിക്കാതെയിരുന്ന ശേഷം രോഗിയുടെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നോക്കുന്നതാണ് എഫ്.ബി.എസ്.  ഭക്ഷണത്തിന് ശേഷമോ എഴുപത്തിയഞ്ച് ഗ്രാം ഗ്ലുക്കോസ് കഴിച്ച ശേഷമോ നോക്കുന്നതാണ് പോസ്റ്റ് പ്രാന്‍ഡില്‍ ബ്ലഡ് ഷുഗര്‍ (പി.പി.ബി.എസ്). രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് രോഗം നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. ഈ അളവ് കൂടുതലായാലും, കുറവായാലും അപകടമാണ്. രക്തപരിശോധന ഒരു കാരണവശാലും മറക്കരുത്. 

 ഹീമോഗ്ലോബിന്‍ പരിശോധന....

വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഹീമോഗ്ലോബിന്റെ അളവ് പരിശോധിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എല്ലായ്‌പ്പോഴും ആരോഗ്യകരമായ അളവിലാണോ എന്നറിയാനാണ് ഈ പരിശോധന. 

 മരുന്ന് ക്യത്യസമയത്ത് കഴിക്കണം...

കൃത്യസമയത്ത് മറക്കാതെ മരുന്നു കഴിക്കുകയാണ് പ്രമേഹരോഗികള്‍ ചെയ്യേണ്ട പ്രധാന കാര്യം. ഒരു നേരത്തെ ഗുളിക കഴിക്കാന്‍ മറന്നുപോയാല്‍ അടുത്ത തവണ രണ്ടെണ്ണം ഒന്നിച്ചുകഴിക്കുന്നവരുണ്ട്. ഇത് ഗുണകരമല്ല. സമയംതെറ്റി കഴിക്കുന്നത് രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കും.

വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കാം...

 പ്രമേഹം വേണ്ടരീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ തന്നെ അത് ബാധിക്കും. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമുള്ള ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് വേണ്ടത്. നാരുകളടങ്ങിയ ഭക്ഷണം ശീലമാക്കുക. വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന പരിശോധനകളും നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം. 

കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കുക......

പ്രമേഹരോഗികള്‍ക്ക് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാനുള്ള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികള്‍ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും. മധുരം, വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് കൂടിയ ഭക്ഷണസാധനങ്ങള്‍ പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത്.  മത്സ്യം, പച്ചക്കറികള്‍, പഴങ്ങൾ എന്നിവ ധാരാളം കഴിക്കുക. 

 ക്രമത്തിലുള്ള ഭക്ഷണം.........

 മൂന്ന് നേരത്തെ പ്രധാനഭക്ഷണത്തിനിടയില്‍ രണ്ട് മൂന്ന് മണിക്കൂര്‍ ഇടവിട്ട് ലഘുഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ സഹായിക്കും. മൈദപോലുള്ള സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. ഓട്‌സ്, മുത്താറി, ഗോതമ്പ് ഇവയാകാം. ചെറുമീനുകള്‍, മുട്ടയുടെ വെള്ള, അധികം കൊഴുപ്പടങ്ങാത്ത തൈര്, പാട നീക്കിയ പാല്‍ എന്നിവ കഴിക്കാം. 

 വ്യായാമം മുടക്കരുത്...

ദിവസവും രാവിലെ വ്യായാമം ചെയ്യാൻ മറക്കരുത്. പതിവായുള്ള വ്യായാമമാണ് പ്രമേഹരോഗികള്‍ക്ക് ഏറ്റവും ആവശ്യം. ദിവസം ചുരുങ്ങിയത് 30 മിനിറ്റ് വച്ച് ആഴ്ച്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഇത് അത്യാവശ്യമാണ്. 

 അമിതവണ്ണം പാടില്ല...

പ്രമേഹരോ​ഗികൾ തടി കുറയ്ക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഒരു കാരണവശാലും തടി കൂട്ടരുത്. പ്രമേഹരോ​ഗികളിൽ അമിതവണ്ണം ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. 

 പുകവലി, മദ്യപാനം ഒഴിവാക്കുക...

പ്രമേഹരോ​ഗികൾ പുകവലിയും , മദ്യപാനവും പൂർണമായി ഒഴിവാക്കുക. പുകവലി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടും. അത് മറ്റ് പല അസുഖങ്ങൾക്കും കാരണമാകും. 

 

click me!