'എന്റെ വിവാഹം എങ്ങനെയാകണം?' അമിതസങ്കല്പങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്...

By Web TeamFirst Published Feb 20, 2019, 7:23 PM IST
Highlights

ആദ്യം കരുതേണ്ടത് സ്വന്തം ആരോഗ്യത്തെ പറ്റിത്തന്നെയാണ്. വിവാഹത്തിന് മുമ്പുള്ള കാര്യങ്ങളെല്ലാം ചെയ്ത് മടുത്ത് ഒടുക്കം വിവാഹദിവസമാകുമ്പോഴേക്ക് കടുത്ത തലവേദനയോ വയറിന് പ്രശ്‌നമോ പനിയോ ജലദോഷമോ ഒക്കെ വരുത്തിവയ്ക്കുന്നവര്‍ ധാരാളമാണ്. അങ്ങനെയുള്ള അനാരോഗ്യകരമായ അവസ്ഥയൊന്നും വിളിച്ചുവരുത്തേണ്ടതില്ല

ഓരോ വ്യക്തിക്കും, അത് പുരുഷനായാലും സ്ത്രീയായാലും സ്വന്തം വിവാഹത്തെക്കുറിച്ച് ഒരു സങ്കല്‍പമുണ്ടായിരിക്കും. വിവാഹത്തെക്കുറിച്ച് ലളിതമായ സങ്കല്‍പങ്ങള്‍ കൊണ്ടുനടക്കുന്നവരുടെ എണ്ണം താരതമ്യേന വളരെ കുറവാണെന്ന് നമുക്കറിയാം. അത്തരക്കാരെ സംബന്ധിച്ച് വലിയ തലവേദനകളൊന്നുമില്ല. സന്ദേശം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ ഓരോ രക്തഹാരം അങ്ങോട്ടുമിങ്ങോട്ടും അണിയിക്കുന്നു, പങ്കെടുത്ത എല്ലാവര്‍ക്കും ഓരോ നാരങ്ങവെള്ളം നല്‍കുന്നു. 

എന്നാല്‍ സിനിമാക്കഥയിലെ പോലെ വിവാഹം അത്രമാത്രം ലളിതമാക്കുക പലപ്പോഴും സാധ്യമല്ല. കുടുംബങ്ങളുടെ കൂടി പങ്കാളിത്തം വിവാഹത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ട് എന്നത് തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണവും. അങ്ങനെയാകുമ്പോള്‍ വിവാഹത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങള്‍ അതുപോലെ പ്രാവര്‍ത്തികമാക്കല്‍ അത്ര എളുപ്പമാണോ? 

വിവാഹത്തിന് ധരിക്കുന്ന വസ്ത്രം മുതല്‍, വെന്യൂ, ഭക്ഷണം, ചടങ്ങുകള്‍, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ട്- എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും നമുക്ക് നമ്മുടേതായ, സ്വതന്ത്രമായ ഭാവനകള്‍ കാണും. മറ്റുള്ളവരെക്കാളുമൊക്കെ നല്ലരീതിയില്‍, വൃത്തിയായും മനോഹരമായും എന്റെ വിവാഹം നടക്കണമെന്ന മോഹം മാത്രമേ ഇതിന് പിന്നില്‍ കാണൂ. എന്നാല്‍ ഇങ്ങനെയുള്ള അമിതമായ സങ്കല്‍പങ്ങള്‍ നമ്മളെ ഒരല്‍പം മോശമായി ബാധിച്ചേക്കുമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. 

വിവാഹം അടുക്കുംതോറും ഇത്തരം സങ്കല്‍പങ്ങളിലെ കണിശത, വലിയ രീതിയില്‍ മാനസികമായ സ്വസ്ഥതയെ പ്രശ്‌നത്തിലാക്കുന്നു. ചിലരില്‍ ഇത് വിവാഹപൂര്‍വ്വ 'ഉത്കണ്ഠ'യിലേക്ക് നയിക്കുന്നു. വിവാഹത്തിന് മുമ്പ് വരനോ വധുവോ 'ഉത്കണ്ഠ'യിലേക്കെത്തിപ്പെടുന്നത് അത്ര അപൂര്‍വ്വമൊന്നുമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലരും തലവേദനയായോ സാധാരണയുള്ള 'ടെന്‍ഷന്‍' ആയോ എല്ലാം ഇതിനെ ലഘൂകരിക്കുന്നുവെന്ന് മാത്രം. 

എന്നാല്‍ വിവാഹം പ്രമാണിച്ചുള്ള 'ഉത്കണ്ഠ' സ്വാഭാവികമായും വിവാഹശേഷവും ഏറെനാള്‍ തുടര്‍ന്നേക്കാം. ഇത്തരം പ്രശ്‌നങ്ങളൊഴിവാക്കാന്‍ ചില കാര്യങ്ങളില്‍ ഒന്ന് ശ്രദ്ധ ചെലുത്തിയാല്‍ മതിയാകുമെന്നും മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. 

ആദ്യമേ വേണ്ടത്, വ്യക്തമായ ഒരു 'പ്ലാന്‍' ആണ്. സങ്കല്‍പങ്ങള്‍ക്കനുസരിച്ച് വിവാഹം മനോഹരമാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് വേണ്ടുന്ന ഒരു 'പ്ലാന്‍' അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയോ ഭാവിവധുവിന്റെയോ വരന്റെയോ സഹായത്തോടെയോ തയ്യാറാക്കാം. ഇനി ഈ പ്ലാന്‍ നടപ്പിലാക്കുന്ന കാര്യമാണ്. 

അതിനായി, വിശ്വാസമുള്ള സുഹൃത്തുക്കളെ, ബന്ധുക്കളെയെല്ലാം ആശ്രയിക്കാം. ഇക്കാര്യത്തില്‍ ആരെയും കൂടെ കൂട്ടാനില്ല, എല്ലാത്തിനും താന്‍ മതിയെന്ന കാഴ്ചപ്പാടെടുക്കരുത്. അത് വലിയ സമ്മര്‍ദ്ദത്തിലാണ് അവസാന നിമിഷങ്ങളില്‍ നിങ്ങളെക്കൊണ്ടെത്തിക്കുക. ഓരോ വിഷയവും കൈകാര്യം ചെയ്യാന്‍ പ്രത്യേകം സംഘങ്ങളെ കണ്ടെത്താം. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ റോളും ഇവിടെ ചെറുതല്ല. അത്തരത്തിലുള്ള പ്രൊഫഷണലുകളെയും വിവാഹ ഒരുക്കങ്ങള്‍ക്കായി ആശ്രയിക്കാം. 

വിവാഹത്തിനുള്ള ബഡ്ജറ്റ് തയ്യാറാക്കുമ്പോഴും ഒന്ന് ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങള്‍ക്കും അല്‍പം കൂടുതല്‍ പണം കരുതുക. കാരണം നമ്മള്‍ കണക്കാക്കിയതിലും അധികം പണം ഓരോ കാര്യങ്ങള്‍ക്കും ആവശ്യമായി വന്നേക്കാം. ഇത് ആകെയുള്ള ബഡ്ജറ്റിനെ അട്ടിമറിക്കാന്‍ ഇടയാക്കും. വിവാഹത്തിന്റെ സമീപദിവസങ്ങളില്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നതും, പണം തികയുമോയെന്ന് ആശങ്കയിലാകുന്നതും വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കും. 

വിവാഹത്തിന്റെ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും എങ്ങനെയെല്ലാം മുന്നോട്ടുകൊണ്ടുപോകണമെന്നതിനെ കുറിച്ച് കുടുംബങ്ങള്‍ തമ്മില്‍ ആദ്യമേ വ്യക്തമായ ആശയവിനിമയം നടന്നിരിക്കണം. ഒരിക്കലും അവസാനനിമിഷങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകരുത്. ഇരുകുടുംബങ്ങളില്‍ നിന്നും ഇതിനായി ഓരോ പ്രതിനിധിയെ ചുമതലപ്പെടുത്താവുന്നതാണ്. 

ഇനി, മറ്റൊരു വ്യക്തിയുമായി പുതിയൊരു ജീവിതം തുടങ്ങുന്നതിനെ കുറിച്ചുള്ള ആശങ്കകളും ഒരു വ്യക്തിയില്‍ ആവശ്യത്തിലധികം സമ്മര്‍ദ്ദം ചെലുത്തിയേക്കാം. ഇതും 'ഉത്കണ്ഠ'യ്ക്ക് കാരണമാകും. ഈ പ്രശ്‌നമൊഴിവാക്കാന്‍ ഭാവിപങ്കാളിയുമായി ഒന്ന് പുറത്തുപോവുകയോ, സംസാരിക്കുകയോ ഒക്കെയാവാം. 

ഇതിനെല്ലാം മുമ്പ് ആദ്യം കരുതേണ്ടത് സ്വന്തം ആരോഗ്യത്തെ പറ്റിത്തന്നെയാണ്. വിവാഹത്തിന് മുമ്പുള്ള കാര്യങ്ങളെല്ലാം ചെയ്ത് മടുത്ത് ഒടുക്കം വിവാഹദിവസമാകുമ്പോഴേക്ക് കടുത്ത തലവേദനയോ വയറിന് പ്രശ്‌നമോ പനിയോ ജലദോഷമോ ഒക്കെ വരുത്തിവയ്ക്കുന്നവര്‍ ധാരാളമാണ്. അങ്ങനെയുള്ള അനാരോഗ്യകരമായ അവസ്ഥയൊന്നും വിളിച്ചുവരുത്തേണ്ടതില്ല. അല്‍പം വര്‍ക്കൗട്ട്, യോഗ അതുമല്ലെങ്കില്‍ ഒരു നടത്തം- അങ്ങനെ ശരീരത്തെയും മനസ്സിനെയും നിര്‍ബന്ധമായും ആരോഗ്യത്തോടെ സൂക്ഷിക്കുക. കൂടെ ആത്മവിശ്വാസത്തിന് അല്‍പം സൗന്ദര്യസംരക്ഷണവുമാകാം. വിവാഹത്തിന് മുമ്പുള്ള ഉത്കണ്ഠയെ പരിപൂര്‍ണ്ണമായി അകറ്റിനിര്‍ത്തി, വിവാഹവും ശേഷിക്കുന്ന ദിവസങ്ങളും മനോഹരമാക്കാം.

click me!