പ്രമേഹരോഗികള്‍ക്ക് പേടി കൂടാതെ കഴിക്കാം ഈ പഴങ്ങള്‍...

By Web TeamFirst Published Nov 21, 2018, 5:13 PM IST
Highlights

ഓരോ രോഗിയുടെയും 'ഷുഗര്‍' ലെവലിന് അനുസരിച്ചാണ് ഡയറ്റും നിയന്ത്രിക്കേണ്ടത്. കാര്‍ബോഹൈഡ്രേറ്റ് അളവ് കുറവുള്ള ഭക്ഷണമാണെങ്കില്‍ അവ സ്വയം തെരഞ്ഞെടുത്ത് കഴിക്കാവുന്നതാണ്
 

ഒരു ജീവിതശൈലീരോഗമാണെന്നത് കൊണ്ട് തന്നെ ഭക്ഷണകാര്യത്തില്‍ പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പഴങ്ങള്‍ കഴിക്കുന്ന കാര്യത്തിലാണെങ്കില്‍, പ്രകൃത്യാ ഉള്ള മധുരമായതിനാല്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയില്ല എങ്കിലും മാമ്പഴം, സപ്പോര്‍ട്ട, മത്തന്‍, മുന്തിരി തുടങ്ങിയവ കഴിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു കരുതല്‍ നല്ലതുതന്നെയാണ്. 

ഓരോ രോഗിയുടെയും 'ഷുഗര്‍' ലെവലിന് അനുസരിച്ചാണ് ഡയറ്റും നിയന്ത്രിക്കേണ്ടത്. അതിനാല്‍ എല്ലാവര്‍ക്കും ബാധകമാകുന്ന ഡയറ്റ് ഏതെന്ന് പറയുക സാധ്യമല്ല. ചികിത്സിക്കുന്ന ഡോക്ടറോട് തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ആരായുന്നതാണ് ഏറെ നല്ലത്. എന്നിരുന്നാലും കാര്‍ബോഹൈഡ്രേറ്റ് അളവ് കുറവുള്ള ഭക്ഷണമാണെങ്കില്‍ അവ സ്വയം തെരഞ്ഞെടുത്ത് കഴിക്കാവുന്നതാണ്. അത്തരത്തില്‍ സധൈര്യം കഴിക്കാവുന്ന അഞ്ച് പഴങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. 

ഒന്ന്...

പേരക്കയാണ് ഇത്തരത്തില്‍ ധൈര്യപൂര്‍വ്വം  പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന പഴം. പ്രമേഹരോഗികള്‍ സാധാരണഗതിയില്‍ നേരിട്ടേക്കാവുന്ന മലബന്ധത്തിന് മികച്ച പരിഹാരം കൂടിയാണ് പേരക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവും പേരക്കക്കുണ്ട്. 

രണ്ട്...

പീച്ച് ആണ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മറ്റൊരു പഴം. രക്തത്തിലേക്ക് പഞ്ചസാരയെത്തുന്ന പ്രവര്‍ത്തനത്തെ പരമാവധി പതുക്കെയാക്കുകയാണ് പീച്ചിന്റെ ധര്‍മ്മം. ഫൈബറുകളാല്‍ സമ്പുഷ്ടവുമാണ് പീച്ച്. 

മൂന്ന്...

കിവിയും ഒരു പരിധി വരെ പ്രമേഹരോഗികള്‍ക്ക് സധൈര്യം കഴിക്കാവുന്ന പഴമാണ്. കിവിയും രക്തത്തിലേക്ക് പഞ്ചസാരയെത്തിക്കുന്ന പ്രവര്‍ത്തനത്തെ പതുക്കെയാക്കാനാണ് സഹായിക്കുക. ധാരാളം ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിനും കിവി നല്ലതാണ്. 

നാല്...

സാധാരണഗതിയില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാമോയെന്ന് സംശയം ഉണ്ടാകാറുള്ള പഴമാണ് ആപ്പിള്‍. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമായ പഴമാണത്രേ ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ പരിഹാരമാണ്. 

അഞ്ച്...

ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ സുരക്ഷിതമാണ്. അതിനാല്‍ തന്നെ ഓറഞ്ച് കഴിക്കുന്നതും പ്രമേഹമുള്ളവര്‍ക്ക് നല്ലതാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ആരോഗ്യത്തിനും ഉത്തമമാണ് ഓറഞ്ച്.

click me!