നവജാതശിശുക്കളിലെ ഹൃദ്രോഗം; ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത്

By Web TeamFirst Published Feb 9, 2019, 11:38 AM IST
Highlights

രാജ്യത്ത് 1000 നവജാത ശിശുക്കളില്‍ എട്ടുപേര്‍ ഹൃദ്രോഗത്തോടെ ജനിക്കുന്നെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. 

തിരുവനന്തപുരം: രാജ്യത്ത് 1000 നവജാത ശിശുക്കളില്‍ എട്ടുപേര്‍ ഹൃദ്രോഗത്തോടെ ജനിക്കുന്നെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. രാജ്യത്ത് പ്രതിവര്‍ഷം 1,80,000 കുട്ടികളാണ്  ഹൃദ്രോഗ ബാധിതരായി ജനിക്കുന്നത്. മറ്റ് വികസ്വര രാജ്യങ്ങളിലെ ശിശുമരണങ്ങള്‍ക്ക് പ്രധാനകാരണവും ഹൃദ്രോഗമാണ്. എന്നാല്‍ നവജാതശിശുക്കളിലെ ഹൃദ്രോഗത്തിന്‍റെ കാരണം കൃത്യമായി കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സാണ് ഇതുസംബന്ധിച്ച  കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗര്‍ഭകാലത്തിന്‍റെ ആദ്യ മൂന്നുമാസത്തിനിടെ മാതാവിന് ഉണ്ടാകുന്ന അണുബാധ, മാതാവിന്‍റെ ഉയര്‍ന്ന പ്രായം, ഉയര്‍ന്ന ജനനക്രമം, പുകയില- മദ്യം തുടങ്ങിയ ലഹരിപദാര്‍ഥങ്ങളുടെയും ചില മരുന്നുകളുടെയും ഉപയോഗം എന്നിവ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. 

ഡൗണ്‍ സിന്‍ഡ്രോം , ടേണര്‍ സിന്‍ഡ്രോം , ഡിജോര്‍ജ് സിന്‍ഡ്രോം തുടങ്ങിയ ജനിതകതകരാറുകള്‍ മൂലവും ഇത്തരത്തില്‍ ജന്മനാ ഹൃദ്രോഗമുണ്ടാകും. ജനിച്ച കുഞ്ഞുങ്ങളില്‍ ഹൃദോഗത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. പിന്നീടായിരിക്കും രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ മൂന്നിലൊന്ന് പേര്‍ക്ക് മാത്രമേ അതീവ ഗുരുതരമാവുകയുള്ളൂ. കൃത്യമായ ചികിത്സയിലൂടെ ഇവയിലധികവും പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നവയാണ്. 

click me!