മകന്റെ ശരീരത്തില്‍ നിന്ന് വര്‍ഷങ്ങളോളം രക്തം ഊറ്റിയെടുത്ത നഴ്‌സ്...

Published : Feb 08, 2019, 12:58 PM IST
മകന്റെ ശരീരത്തില്‍ നിന്ന് വര്‍ഷങ്ങളോളം രക്തം ഊറ്റിയെടുത്ത നഴ്‌സ്...

Synopsis

വിശദമായ ചോദ്യം ചെയ്യലിലാണ് ആരെയും ഞെട്ടിക്കുന്ന ആ സത്യം അവര്‍ വെളിപ്പെടുത്തിയത്. കുഞ്ഞിന് 11 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അവന്റെ ശരീരത്തില്‍ നിന്ന് അവര്‍ രക്തം ഊറ്റിത്തുടങ്ങി. എല്ലാ ആഴ്ചയും അരലിറ്റര്‍ രക്തം വീതം ഊറ്റും

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു മുപ്പത്തിയാറുകാരിയായ നഴ്‌സ്. ഡെന്‍മാര്‍ക്കിലെ കോപെന്‍ഹെയ്ഗനിലായിരുന്നു താമസം. കൂടെ ഏഴുവയസ്സുകാരനായ മകനുമുണ്ടായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ള മകനെ പരിചരിച്ചിരുന്നതും ചികിത്സയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നതുമെല്ലാം ഇവര്‍ ഒറ്റയ്ക്കാണ്. 

മകനെ അസുഖങ്ങളില്‍ നിന്ന് കാക്കുന്ന, മകന് വേണ്ടി ജീവിക്കുന്ന ഒരമ്മ, എന്ന നിലയ്ക്കാണ് ഇവരെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കണ്ടിരുന്നത്. ഇവര്‍ സ്വയം ചിത്രീകരിച്ചിരുന്നതും അങ്ങനെ തന്നെയാണ്. 

ശരീരത്തില്‍ ആവശ്യമായത്ര രക്തമില്ല എന്നതായിരുന്നു ഏഴുവയസ്സുകാരനായ കുട്ടി നേരിട്ടിരുന്ന പ്രധാന ആരോഗ്യപ്രശ്‌നം. വര്‍ഷങ്ങളായി ഈ പ്രശ്‌നമുണ്ട്. ഇതിനോടകം 110 തവണ കുട്ടിയിലേക്ക് രക്തം കയറ്റി. ഇത്തരമൊരു അവസ്ഥയുണ്ടാകാന്‍ കാരണമെന്തെന്ന് മാത്രം ഡോക്ടര്‍മാര്‍ക്ക് കണ്ടുപിടിക്കാനായിരുന്നില്ല. 

ശാരീരികമായ കാരണങ്ങളൊന്നും ഇതിന് പിന്നിലില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഡോക്ടര്‍മാരില്‍ സംശയങ്ങളുണ്ടായിത്തുടങ്ങി. ക്രമേണ കുട്ടിയുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കുന്ന അമ്മയിലേക്ക് സംശയങ്ങള്‍ നീണ്ടു. ഒടുവില്‍ സംശയങ്ങളെ ഉറപ്പിക്കുന്ന രീതിയില്‍ ഒരു ബാഗ് നിറയെ രക്തവുമായി അവര്‍ അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് പിടിക്കപ്പെട്ടു. 

വിശദമായ ചോദ്യം ചെയ്യലിലാണ് ആരെയും ഞെട്ടിക്കുന്ന ആ സത്യം അവര്‍ വെളിപ്പെടുത്തിയത്. കുഞ്ഞിന് 11 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അവന്റെ ശരീരത്തില്‍ നിന്ന് അവര്‍ രക്തം ഊറ്റിത്തുടങ്ങി. എല്ലാ ആഴ്ചയും അരലിറ്റര്‍ രക്തം വീതം ഊറ്റും. ഈ രക്തം ബാത്ത്‌റൂമിലെ ക്ലോസറ്റിനകത്തൊഴിച്ച് ഫ്‌ളഷ് ചെയ്യും. സിറിഞ്ചുകളും സൂചികളുമെല്ലാം മാലിന്യങ്ങള്‍ കളയുന്നതിനൊപ്പവും കളയും. വര്‍ഷങ്ങളായി ഇത് തുടരുകയായിരുന്നു. 

എന്തുകൊണ്ടാണ് ഇത് ചെയ്തത് എന്ന് ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കാന്‍ അവര്‍ക്കായില്ല എന്നതാണ് ശ്രദ്ധേയം. ഞാനങ്ങനെ തീരുമാനിച്ച് ചെയ്തതൊന്നുമല്ല, എനിക്കങ്ങനെ ചെയ്യാന്‍ തോന്നി, അത് പിന്നെ നിര്‍ത്താനുമായില്ല- എന്നാണ് അവര്‍ കോടതിയില്‍ പറഞ്ഞത്. 

തുടര്‍ന്ന് മനശാസ്ത്ര വിദഗ്ധര്‍ ഇവരെ പരിശോധിച്ചു. മനസ്സിനെ ബാധിക്കുന്ന എം.എസ്.പി.ബി (Munchausen syndrome by proxy) എന്ന അസുഖമാണ് ഇവര്‍ക്കെന്ന് മനശാസ്ത്രജ്ഞര്‍ കണ്ടെത്തി. തന്റെ സംരക്ഷണയിലോ തന്നെ ആശ്രയിച്ചോ കഴിയുന്ന ഒരാളെ, അത് കുട്ടിയോ മുതിര്‍ന്നയാളോ ഒക്കെയാവാം, അവരെ ശാരീരികമായി മുറിവേല്‍പിക്കാനോ, അപകടപ്പെടുത്താനോ, അസുഖത്തിലാക്കാനോ ഒക്കെ ശ്രമിക്കുന്ന മാനസികാവസ്ഥയാണിത്. ശ്രദ്ധിച്ചില്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ വരെ അപകടത്തിലാകുന്ന അവസ്ഥ. 

ഇവര്‍ അറസ്റ്റിലായതോടെ തന്നെ കുട്ടിയെ അച്ഛന്‍ കൂട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ അച്ഛന്റെ സംരക്ഷണയിലാണ് കുട്ടി. മാനസികപ്രശ്‌നമാണ് ഇവരെ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെങ്കിലും ഇവരെ ശിക്ഷിക്കാന്‍ തന്നെയാണ് കോടതിയുടെ തീരുമാനം. നാല് വര്‍ഷത്തെ തടവാണ് കോടതി ഇവര്‍ക്ക് വിധിച്ചിരിക്കുന്നത്. കോടതിയുടെ വിധിക്കെതിരെ ഒന്നും പറയാനില്ലെന്നാണ് ഇവര്‍ പ്രതികരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി വാഴക്കൂമ്പ് സാലഡ് വളരെ എളുപ്പം തയ്യാറാക്കാം
Health : 2025 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 25 കാര്യങ്ങൾ ഇവയാണ്!