ഇന്ത്യയിലെ ഏറ്റവും മികച്ച ശമ്പളം കിട്ടുന്ന 10 ജോലികള്‍

By Web DeskFirst Published Mar 25, 2018, 7:47 AM IST
Highlights
  • ഒരു ജോലിയാണ് പലരുടെയും ലക്ഷ്യം. അതിന് വേണ്ടിയാണ് പഠനവും, അദ്ധ്വാനവും. എന്നാല്‍ ഏതാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടുന്ന തൊഴില്‍ മേഖലകള്‍ എന്ന് അറിയാമോ

ഒരു ജോലിയാണ് പലരുടെയും ലക്ഷ്യം. അതിന് വേണ്ടിയാണ് പഠനവും, അദ്ധ്വാനവും. എന്നാല്‍ ഏതാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടുന്ന തൊഴില്‍ മേഖലകള്‍ എന്ന് അറിയാമോ. മണികണ്‍ട്രോള്‍ തയ്യാറാക്കിയ ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്ന 10 മേഖലകളെ പരിചയപ്പെടാം.

1.  മാനേജ്മെന്‍റ് പ്രഫഷണല്‍ - എംബിഎ പോലുള്ള മാനേജ്മെന്റ് ഡിഗ്രികള്‍ എടുത്തവര്‍ക്ക് പറ്റിയ ജോലിയാണ് ഇത്. തുടക്കത്തില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന മേഖലയാണിത്. കരിയറിന്‍റെ മധ്യകാലത്ത് ഇതു 25 ലക്ഷം വരെയൊക്കെ ഉയരാം. പരിചയസമ്പത്തുള്ളവര്‍ക്കു പ്രതിവര്‍ഷം 80 ലക്ഷം രൂപ വരെയൊക്കെ ഓഫര്‍ ചെയ്യുന്ന കമ്പനികളുണ്ട്. 

2.  നിക്ഷേപ ബാങ്കിംഗ് - വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപങ്ങള്‍ വളര്‍ത്തുക എന്നതാണ് ദൗത്യം. ഇത്തരം ബാങ്കര്‍മാരുടെ വിദഗ്ധോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണു കമ്പനികള്‍ തമ്മിലുള്ള ലയനം, ഏറ്റെടുക്കലുകള്‍, ഓഹരി വിപണി ലിസ്റ്റിങ് തുടങ്ങിയവയെല്ലാം നടക്കുക. തുടക്കത്തില്‍ 12 ലക്ഷം രൂപ വരെയൊക്കെ ശമ്പളം ലഭിക്കാം. കരിയറിന്റെ മധ്യകാലത്ത് ഇത് 30 ലക്ഷം രൂപയോളമെത്താം. നല്ല അനുഭവസമ്പന്നരായവര്‍ക്ക് 50 ലക്ഷത്തിനും മുകളിലേക്കു പ്രതിവര്‍ഷം പ്രതീക്ഷിക്കാം.

3. മാര്‍ക്കറ്റിങ് പ്രഫഷണലുകള്‍ - മികച്ച വിപണന നൈപുണ്യമുള്ളവര്‍ക്ക് ഉയര്‍ന്ന് ഉയര്‍ന്ന് കമ്പനിയുടെ സിഇഒ വരെയായി തീരാം. തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപ വരെ ലഭിക്കാം. മധ്യകരിയര്‍ കാലഘട്ടത്തില്‍ ഇതു 5 ലക്ഷം രൂപയായി വര്‍ധിക്കാം. അനുഭവ സമ്പന്നര്‍ക്കു 10 ലക്ഷം രൂപയ്ക്കു മേല്‍ ശമ്പളമായി നേടാം. 

4. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ -ചെറിയൊരു മാന്ദ്യത്തിന് ശേഷവും ഐടി രംഗം പണമുണ്ടാക്കാന്‍ പറ്റിയ തൊഴില്‍ മേഖലയാണ്. തുടക്കത്തില്‍ മൂന്നര ലക്ഷം രൂപ വരെ ശമ്പളം ലഭിക്കാം. മധ്യകരിയര്‍ കാലഘട്ടത്തില്‍ 8.3 ലക്ഷം രൂപ വരെ ഉയരാം. അനുഭവ സമ്പന്നര്‍ക്കു 15 ലക്ഷം രൂപയ്ക്കു മേല്‍ വേതനം പ്രതീക്ഷിക്കാം.

5. ആരോഗ്യരംഗത്തെ വിദഗ്ധന്‍ -  ഇന്ത്യയിലെ ആരോഗ്യ രംഗത്ത് ഇപ്പോഴും മികച്ച ശമ്പളം ഡോക്ടര്‍മാര്‍ക്കാണ്. ജോലി ചെയ്യുന്ന നഗരം, സ്പെഷ്യലൈസേഷന്‍, ഗവണ്‍മെന്റ്, സ്വകാര്യ മേഖല എന്നിവ അനുസരിച്ച ഡോക്ടര്‍മാരുടെ ശമ്പളം വ്യത്യാസപ്പെട്ടിരിക്കും. ശരാശരി അഞ്ച് ലക്ഷം രൂപ വരെ ജനറല്‍ പ്രാക്ടീഷ്യനര്‍മാര്‍ക്കു ലഭിക്കാം.

6.  കോര്‍പ്പറേറ്റ് അഡ്വക്കറ്റ്സ് - കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കേസ് നടത്തുക മാത്രമല്ല, അവര്‍ക്കു വേണ്ടി കരാറുകള്‍ തയ്യാറാക്കുന്നതും നിയമോപദേശം നല്‍കുന്നതുമെല്ലാം ഇവരാണ്. ആറു ലക്ഷം രൂപ വരെ തുടക്കക്കാര്‍ക്കു വേതനം ലഭിക്കും. മുതിര്‍ന്ന അഭിഭാഷകര്‍ പത്തു ലക്ഷം രൂപയ്ക്കു മേല്‍ പ്രതിവര്‍ഷം നേടുന്നു. മികച്ച വക്കീലന്മാരുടെ സേവനങ്ങള്‍ക്കു കോടികളാണ് വില. 

7.  ബിസിനസ് വിശകലന വിദഗ്ധര്‍ -  വ്യാപാരത്തെ സംബന്ധിച്ച് ഇഴകീറിയുള്ള പരിശോധിക്കാന്‍ സാധിക്കുന്നവരായിരിക്കണം ഇവര്‍. ഒരു ബിസിനസ്സിന്റെ വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം മുന്‍കൂട്ടി കാണാനും അതിനനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കണക്കുകളെ അപഗ്രഥിച്ചു നല്‍കാനും ബിസിനസ് അനലിസ്റ്റിനു സാധിക്കണം. ആറു ലക്ഷം രൂപ വരെ തുടക്കക്കാര്‍ക്ക് ഈ മേഖലയില്‍ ലഭിക്കും. 

8.  വ്യോമയാന രംഗം - അതിവേഗത്തില്‍ വളരുന്ന മേഖലയാണ് വ്യോമയാന രംഗം. വാണിജ്യ പൈലറ്റിനു പ്രതിവര്‍ഷം 20 ലക്ഷം രൂപയും ഹെലികോപ്ടര്‍ പൈലറ്റിന് 18 ലക്ഷം രൂപയും എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ക്കു 10 ലക്ഷത്തോളം രൂപയും ലഭിക്കാം.

9. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ - കമ്പനികളുടെയും വ്യക്തികളുടെയുമൊക്കെ സാമ്പത്തിക ആരോഗ്യം നിലനിര്‍ത്തുന്നവരാണു സിഎക്കാര്‍. തുടക്ക ശമ്പളം അഞ്ചര ലക്ഷം രൂപ. കരിയറിന്റെ മധ്യകാലഘട്ടത്തില്‍ ഇത് 12.8 ലക്ഷം രൂപ വരെ ഉയരാം. അനുഭവ സമ്പന്നര്‍ക്കു 25 ലക്ഷം രൂപയ്ക്കു മുകളില്‍ ലഭിക്കും

10. എണ്ണ, പ്രകൃതിവാതക മേഖല - എണ്ണ, പ്രകൃതിവാതക ഖനനവുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജിയോളജിസ്റ്റുകള്‍, മറൈന്‍ എന്‍ജിനീയര്‍മാര്‍ എന്നിവരെല്ലാം നല്ല തുക പ്രതിഫലം പറ്റുന്നവരാണ്. അനുഭവസമ്പത്തുള്ളവര്‍ക്കു 15 മുതല്‍ 20 ലക്ഷം രൂപ വരെ പ്രതിവര്‍ഷം ലഭിക്കാം. 

click me!