
മുന്തിരി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. ചുവപ്പ്, പച്ച, കറുപ്പ് തുടങ്ങിയ നിറങ്ങളിലൊക്കെ മുന്തിരി വാങ്ങാൻ കിട്ടും. ജ്യുസ് ആയും വെറുതെ കഴിക്കാനുമൊക്കെ മുന്തിരി നല്ലതാണ്. അതേസമയം സീസൺ ആകുമ്പോൾ എവിടെയും മുന്തിരി എളുപ്പത്തിൽ ലഭിക്കുന്നു. അതിനാൽ തന്നെ ഇതിൽ കീടനാശിനികൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കീടനാശിനി ശരീരത്തിൽ എത്തിയാൽ ഇത് പലതരം ആരോഗ്യ പ്രശ്‍നങ്ങൾക്ക് വഴിയൊരുക്കുന്നു. അതിനാൽ തന്നെ മുന്തിരി വാങ്ങിയപ്പാടെ കഴിക്കാതെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
1. സാധാരണ അണുക്കളെ നശിപ്പിക്കാൻ ഉപ്പ് വെള്ളമാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. കീടനാശിനിയെ ഇല്ലാതാക്കാൻ ഉപ്പ് വെള്ളത്തിൽ മുന്തിരി ഇട്ടുവയ്ക്കാം. ഇത് മുന്തിരിയിൽ അടങ്ങിയിട്ടുള്ള കീടനാശിനിയെ എളുപ്പത്തിൽ നശിപ്പിക്കുന്നു.
2. ഉപ്പിന് മാത്രമല്ല ബേക്കിംഗ് സോഡയ്ക്കും കീടനാശിനിയെ ഇല്ലാതാക്കാൻ സാധിക്കും. രണ്ട് കപ്പ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചേർത്തതിന് ശേഷം അതിലേക്ക് മുന്തിരി മുക്കിവയ്ക്കാം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി വെള്ളത്തിൽ കഴുകിയെടുത്താൽ മതി.
3. നന്നായി വെള്ളത്തിൽ കഴുകിയാലും മുന്തിരിയിലെ കീടനാശിനിയെ ഇല്ലാതാക്കാൻ സാധിക്കും. 30 സെക്കൻഡ് ഒഴുകുന്ന വെള്ളത്തിൽ നന്നായി മുന്തിരി കഴുകിയെടുത്താൽ മതി. ഓരോ മുന്തിരിയും പ്രത്യേകം കൈകൊണ്ട് കഴുകാൻ ശ്രദ്ധിക്കണം.
4. ബേക്കിംഗ് സോഡയും ഉപ്പും അല്ലാതെ വിനാഗിരി ഉപയോഗിച്ചും മുന്തിരിയിലെ അണുക്കളെ നശിപ്പിക്കാൻ സാധിക്കും. വിനാഗിരി ചേർത്ത വെള്ളത്തിൽ 10 മിനിറ്റ് മുന്തിരി മുക്കിവയ്ക്കണം. ഇത് അണുക്കളെ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്നു. ആവശ്യമെങ്കിൽ മുന്തിരിയുടെ തൊലി കളഞ്ഞ് സൂക്ഷിക്കാം. അതേസമയം മുന്തിരിയുടെ തോല് കളയുന്നതിലൂടെ നിങ്ങൾക്ക് പോഷക ഗുണങ്ങൾ നഷ്ടപ്പെട്ടേക്കാം.