
വീട് എപ്പോഴും വൃത്തിയോടെ ഭംഗിയായി ഒരുക്കി ഇടാനാണ് നമുക്ക് ഇഷ്ടം. എന്നാൽ ചില സമയങ്ങളിൽ എത്രയൊക്കെ അടിച്ചുവാരി വൃത്തിയാക്കിയാലും വീട്ടിലെ ദുർഗന്ധം അങ്ങനെ തന്നെ നിലനിൽക്കുന്നു. ഇങ്ങനെ സംഭവിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അടുക്കള സിങ്ക്
അടുക്കള സിങ്കിൽ പാത്രങ്ങൾ കഴുകാതെ ദീർഘനേരം വെച്ചിരുന്നാൽ ദുർഗന്ധം ഉണ്ടാവാൻ സാധ്യതയുണ്ട്. കൂട്ടിയിട്ടതിന് ശേഷം പിന്നീട് കഴുകി വൃത്തിയാക്കാമെന്ന് കരുതരുത്. ഇത് അണുക്കൾ ഉണ്ടാകാനും പടരാനും കാരണമാകുന്നു. അണുക്കൾ ഉണ്ടാകുമ്പോഴാണ് അത് ദുർഗന്ധമായി മാറുന്നത്. അതിനാൽ തന്നെ അടുക്കള പാത്രങ്ങൾ പെട്ടെന്ന് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
വായു സഞ്ചാരം ഉണ്ടാകണം
വീടിനുള്ളിൽ കൃത്യമായ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും പാചകം ചെയ്യുന്ന സമയങ്ങളിൽ അടുക്കളയിലെ ജനാലകളും വാതിലും തുറന്നിടാൻ ശ്രദ്ധിക്കണം. പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ ഗന്ധം അടുക്കളയിൽ തങ്ങി നിൽക്കുന്നു. ഇത് വീട്ടിൽ മുഴുവനായും പരക്കുകയും ചെയ്യും. എപ്പോഴും വീടിനുള്ളിൽ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കാം. ഇത് ദുർഗന്ധത്തെ അകറ്റുന്നു.
ഈർപ്പമുള്ള വസ്ത്രങ്ങൾ
ഈർപ്പമുള്ള വസ്ത്രങ്ങളും ടവലും അതുപോലെ വീടിനുള്ളിൽ സൂക്ഷിക്കരുത്. ഇത് വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. മഴക്കാലങ്ങളിൽ വീടിന് പുറത്ത് വസ്ത്രങ്ങൾ ഉണക്കാൻ സാധിക്കാത്തതുകൊണ്ട് വീടിനുള്ളിലിട്ട് ഉണക്കുന്ന ശീലം ഒട്ടുമിക്ക വീടുകളിലും കാണാം. ഇത് വീടിനുള്ളിൽ ദുർഗന്ധത്തെ പരത്തുന്നു. മഴ നനയാത്ത വിധത്തിൽ പുറത്ത് തന്നെ വസ്ത്രങ്ങൾ ഇടുന്നതാണ് നല്ലത്.
വാതിലുകളും ജനാലകളും
എല്ലാ ദിവസവും കുറച്ച് നേരം വാതിലുകളും ജനാലകളും തുറന്നിടാൻ ശ്രദ്ധിക്കണം. എന്നും ഒരേ രീതിയിൽ അടച്ചിടുമ്പോൾ മുറികൾക്കുള്ളിൽ കൃത്യമായ വായുസഞ്ചാരം ഉണ്ടാവുകയില്ല. മുറികളിൽ തങ്ങി നിൽക്കുന്ന വായു ദുർഗന്ധത്തിന് വഴിയൊരുക്കുന്നു. ദിവസവും അരമണിക്കൂർ വീടിനുള്ളിലെ ജനാലകളും വാതിലുകളും തുറന്നിടാൻ മറക്കരുത്.
വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ
വീട്ടിൽ മൃഗങ്ങളെ വളർത്തുമ്പോൾ ശ്രദ്ധവേണം. അവ ചിലവഴിക്കുന്ന സ്ഥലങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ തുടങ്ങിയവ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയാക്കാതെ ഇട്ടിരുന്നാൽ വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.