
എല്ലാ തിരക്കുകളും കഴിഞ്ഞ് സമാധാനമായി വിശ്രമിക്കാൻ വേണ്ടിയാണ് നമ്മൾ തിടുക്കത്തിൽ വീടുകളിലേക്ക് എത്തുന്നത്. അതിനാൽ തന്നെ വീടും ചുറ്റുപാടും സമ്മർദ്ദം ഇല്ലാതെ, സമാധാനം ലഭിക്കുന്ന ഇടങ്ങളായി മാറ്റേണ്ടതുണ്ട്. അടുക്കും ചിട്ടയുമില്ലാതെ എങ്ങനെയെങ്കിലും വീട് സൂക്ഷിക്കുന്നത് നിങ്ങളുടെ മാനസിക സമ്മർദ്ദം കൂടാൻ കാരണമാകുന്നു. സമാധാന അന്തരീക്ഷം ലഭിക്കാൻ ചെറിയൊരു മേക്കോവർ വീടിന് ആവശ്യമാണ്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.
വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിടുന്നത് ഒഴിവാക്കണം. ഇത് നിങ്ങളുടെ മാനസിക സമ്മർദ്ദം കൂട്ടാൻ കാരണമാകുന്നു. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഓരോ വസ്തുക്കളും അതാതു സ്ഥലങ്ങളിൽ സൂക്ഷിക്കണം. ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കാം. ഇത് വീടിനുള്ളിൽ കൂടുതൽ സ്ഥലം ലഭിക്കാൻ സഹായിക്കുന്നു.
വീടിനുള്ളിൽ ലൈറ്റുകൾ അല്ലാതെ പ്രകൃതിദത്തമായ വെളിച്ചം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താം. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാനും സമാധാന അന്തരീക്ഷം ലഭിക്കാനും സഹായിക്കുന്നു. പുറത്തു നിന്നുള്ള വെളിച്ചം ലഭിക്കാത്ത സാഹചര്യം ആണെങ്കിൽ വീടിനുള്ളിൽ കണ്ണാടികൾ സ്ഥാപിക്കാം. ഇത് വെളിച്ചത്തെ റിഫ്ലെക്ട ചെയ്യാൻ സഹായിക്കുന്നു.
ചെടി വളർത്താം
ചെടികൾ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും മനസ്സിന് സന്തോഷവും സമാധാനം ലഭിക്കുന്ന കാര്യമാണ്. ചെടികൾക്ക് വായുവിനെ ശുദ്ധീകരിക്കാനും പ്രകൃതിദത്തമായ അന്തരീക്ഷം സമ്മാനിക്കാനും സാധിക്കും.
വീടിന്റെ നിറം
നിറങ്ങൾക്ക് വീടിന്റെ ആംബിയൻസിനെ സ്വാധീനിക്കാൻ സാധിക്കും. വളരെ ന്യൂട്രൽ ആയിട്ടുള്ള പേസ്റ്റൽ നിറങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് വീടിനുള്ളിൽ സമാധാന അന്തരീക്ഷം ലഭിക്കാൻ സഹായിക്കുന്നു.
കോണുകൾ ഒഴിച്ചിടേണ്ട
വീടിനുള്ളിൽ തന്നെ വിശ്രമിക്കാൻ നമ്മൾ തെരഞ്ഞെടുക്കുന്ന ചില ഇടങ്ങൾ ഉണ്ടാവും. കാറ്റും വെളിച്ചവുമൊക്കെ ലഭിക്കുന്ന സ്ഥലങ്ങൾ. അത്തരത്തിൽ വിശ്രമിക്കാൻ സാധിക്കുന്ന ഇടങ്ങളായി കോണുകളെ മാറ്റാം. പുസ്തകം വായിക്കാനും സമാധാനത്തോടെ ഇരിക്കാനും ഇത്തരം സ്ഥലങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.