
കൂടുതൽ സുരക്ഷാ ലഭിക്കാൻ വേണ്ടിയാണ് വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി സ്ഥാപിക്കുന്നത്. നിരീക്ഷണ ക്യാമറ, റെക്കോർഡിങ് സംവിധാനങ്ങൾ, മോണിറ്ററുകൾ തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
നിശ്ചിത സ്ഥലങ്ങളിലെ വിഡിയോ ദൃശ്യങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുകയും, ആ ദൃശ്യങ്ങൾ ഡിജിറ്റൽ വിഡിയോ റെക്കോർഡർ അല്ലെങ്കിൽ നെറ്റ്‌വർക്ക് വിഡിയോ റെക്കോർഡർ എന്നിവയിലേക്ക് കൈമാറുന്നു. ഈ വിവരങ്ങൾ ഹാർഡ് ഡിസ്‌കിൽ രേഖപ്പെടുത്തും. ശേഷം ക്യാപ്ച്ചർ ചെയ്ത ദൃശ്യങ്ങൾ മോണിറ്ററിലൂടെ തത്സമയമോ അല്ലാതെയോ കാണാൻ സാധിക്കുന്നതാണ്. ലോകത്തിന്റെ ഏതുകോണിലിരുന്നും ഇത് നിയന്ത്രിക്കാനുള്ള സ്മാർട്ട് ഉപകരണങ്ങൾ ഇപ്പോൾ ലഭ്യമാണ്.
സി.സി.ടി.വി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം
ഓരോ സ്ഥലത്തിന്റെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തിലാണ് നമ്മൾ സി.സി.ടി.വി തിരഞ്ഞെടുക്കുന്നത്. എന്നാൽ തിരഞ്ഞെടുക്കുന്ന സി.സി.ടി.വി സംവിധാനത്തിന് ഗുണമേന്മയുണ്ടോയെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. റെസല്യൂഷൻ, നൈറ്റ് വിഷൻ, വെതർ പ്രൂഫിങ് തുടങ്ങിയ കാര്യങ്ങളും സി.സി.ടി.വി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.
എത്ര ക്യാമറകൾ സ്ഥാപിക്കണം
വീടിന്റെ വലിപ്പം, വാതിലുകളുടെ സ്ഥാനം, വീട്ടിലേക്കുള്ള പ്രവേശന കവാടങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാവണം ക്യാമറകൾ സ്ഥാപിക്കേണ്ടത്. ക്യാമറ സ്ഥാപിക്കുന്ന സ്ഥലം പ്രധാനമാണ്.
വൈദ്യുതിയുടെ ഉപയോഗം
സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കണമെങ്കിൽ വൈദ്യുതി നിർബന്ധമാണ്. അതേസമയം ഇൻബിൽറ്റ് ബാറ്ററിയുള്ള ക്യാമറകൾ വിപണിയിൽ ലഭ്യമാണ്.
ശബ്ദം റെക്കോർഡ് ചെയ്യാൻ സാധിക്കും
നിലവിൽ ലഭ്യമായ സി.സി.ടി.വികളിലൊക്കെയും സൗണ്ട് റെക്കോർഡിങ് സംവിധാനമുണ്ട്. അതിനാൽ തന്നെ സംഭാഷണങ്ങൾ പിടിച്ചെടുക്കുന്നു. പിന്നീട് ആവശ്യം വരുമ്പോൾ ഇത് ഉപയോഗിക്കാൻ സാധിക്കും.
രാത്രിയിലെ കാഴ്ച
ക്യാമറയുടെ നൈറ്റ് വിഷൻ ശേഷിയുടെ അടിസ്ഥാനത്തിലാണ് ഇത് മനസിലാക്കാൻ സാധിക്കുന്നത്. ഇൻഫ്രാറെഡ് ക്യാമറകൾ ഉപയോഗിച്ച് കുറഞ്ഞ വെളിച്ചത്തിലും ദൃശ്യങ്ങൾ പകർത്താൻ സാധിക്കും. ഇരുട്ടിൽ ദൃശ്യങ്ങൾ പകർത്താൻ ഇമേജ് സെൻസറുകളാണ് ഉപയോഗിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമറകളും ഇന്ന് ലഭ്യമാണ്. മുന്നറിയിപ്പ് നൽകേണ്ട സാഹചര്യങ്ങൾ സെറ്റ് ചെയ്തു വയ്ക്കുകയാണെങ്കിൽ എ.ഐ ക്യാമറക്ക് സന്ദേശം നൽകാൻ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. സി.സി.ടി.വി വാങ്ങുമ്പോൾ റെക്കോർഡിങ് ഉപകരണങ്ങളുടെ വിശ്വാസ്യത, ഗുണനിലവാരം, മികച്ച റെസൊല്യൂഷനും, രാത്രികാലങ്ങളിലെ കാഴ്ച ശേഷിയും ഉറപ്പ് വരുത്തണം.
2. ക്യാമറ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാനമാണ്. ആവശ്യമെങ്കിൽ പരിശോധന നടത്തി അറ്റകുറ്റ പണികൾ നടത്തുകയും ചെയ്യാം.
3. സ്വന്തമായി ക്യാമറ സ്ഥാപിക്കാൻ നിക്കരുത്. വിദഗ്ധരുടെ സേവനം തേടുന്നതാണ് ഉചിതം.