മാങ്ങ, നെല്ലിക്ക, നാരങ്ങ തുടങ്ങി പലതരം അച്ചാറുകൾ ഉണ്ട്. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അച്ചാറുകൾ പെട്ടെന്ന് കേടായിപ്പോകും.

അച്ചാർ ഇല്ലാത്ത വീടുകൾ ഉണ്ടാകുമോ. ഭക്ഷണത്തിനൊപ്പം ഒഴിച്ചുകൂടാൻ കഴിയാത്തതാണിത്. അച്ചാർ ഭക്ഷണത്തിനൊപ്പം ചേർത്ത് കഴിക്കുന്നതിന്റെ രുചി വേറെ തന്നെയാണ്. മാങ്ങ, നെല്ലിക്ക, നാരങ്ങ തുടങ്ങി പലതരം അച്ചാറുകൾ ഉണ്ട്. ഉപ്പിലിട്ടും അല്ലാതെയും ഇവ കഴിക്കാറുണ്ട് നമ്മൾ. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അച്ചാറുകൾ പെട്ടെന്ന് കേടായിപ്പോകും. ദീർഘകാലം അച്ചാർ കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്യൂ.

Add Asianetnews as a Preferred SourcegooglePreferred

1.ശരിയായ പാത്രം തെരഞ്ഞെടുക്കുക

ഗ്ലാസ് ജാർ, സെറാമിക് തുടങ്ങിയ പാത്രങ്ങളിൽ അച്ചാർ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. കാരണം ഇവയിൽ രാസ പ്രവർത്തനങ്ങൾ ഉണ്ടാവുന്നില്ല. രുചി നഷ്ടപ്പെടാതെ ദിവസങ്ങളോളം അച്ചാർ സൂക്ഷിക്കാൻ സാധിക്കും.

2. തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കാം

ചൂടും ഈർപ്പവും ഇല്ലാത്ത തണുപ്പുള്ള സ്ഥലത്താവണം അച്ചാർ സൂക്ഷിക്കേണ്ടത്. അമിതമായ ചൂടും ഈർപ്പവും അച്ചാറിൽ പൂപ്പൽ വരാനും പെട്ടെന്ന് കേടാവാനും കാരണമാകുന്നു.

3. ഫ്രിഡ്ജിൽ സൂക്ഷിക്കാം

അധികം എണ്ണയും ഉപ്പും ചേർക്കാത്ത അച്ചാറുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് അച്ചാറിന്റെ രുചി നഷ്ടമാകാതെ ദീർഘകാലം ഫ്രഷായിരിക്കാൻ സഹായിക്കുന്നു.

4. ഇടയ്ക്കിടെ പരിശോധിക്കാം

അച്ചാർ സൂക്ഷിക്കുമ്പോൾ ഇടയ്ക്കിടെ പരിശോധിച്ച് പൂപ്പലും ദുർഗന്ധവും വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇവയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അച്ചാർ ഉപയോഗിക്കാൻ പാടില്ല. ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.