
ഐസ് ക്രീം കുടിക്കാൻ ഇഷ്ടമില്ലാത്തവർ ആരുണ്ടാകും. പല നിറത്തിലും രുചിയിലും ഐസ് ക്രീം ലഭ്യമാണ്. ആഗ്രഹിച്ച് കുടിക്കാൻ വേണ്ടി വീട്ടിലേക്ക് വാങ്ങിക്കൊണ്ട് വന്നതിന് ശേഷം ആവശ്യമുള്ളത് കഴിച്ചു കഴിഞ്ഞ് ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കും. എന്നാൽ പിന്നീട് എടുക്കുമ്പോൾ എന്തായിരിക്കും ഐസ് ക്രീമിന്റെ അവസ്ഥ. ഐസ് ക്രീം അലിയുകയും അതിന്റെ യഥാർത്ഥ രുചി നഷ്ടപ്പെടുകയും ചെയ്യുന്നു. ശരിയായ രീതിയിൽ സൂക്ഷിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഐസ് ക്രീം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പുറത്തെടുക്കരുത്
ഇടയ്ക്കിടെ ഫ്രിഡ്ജിൽ നിന്നും ഐസ് ക്രീം പുറത്തെടുക്കുന്നത് ഒഴിവാക്കാം. രണ്ടാമതും ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഐസ് ക്രീമിൽ ഐസ് കട്ടകൾ ഉണ്ടാകുന്നു. ഇത് ഐസ് ക്രീമിന്റെ രുചിയെ ഇല്ലാതാക്കും. അതിനാൽ തന്നെ ഐസ് ക്രീം ഫ്രിഡ്ജിൽ നിന്നും എടുക്കുമ്പോൾ ആവശ്യത്തിന് എടുത്തതിന് ശേഷം ഉടനെ ഫ്രീസറിൽ വയ്ക്കാൻ ശ്രദ്ധിക്കണം.
ശരിയായ സ്ഥലം
ഫ്രീസറിന്റെ ഏതെങ്കിലും ഭാഗത്ത് ഐസ് ക്രീം സൂക്ഷിച്ചാൽ പോര. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഐസ് ക്രീം കേടുവരാൻ സാധ്യതയുണ്ട്. ഫ്രീസർ ഡോറിന്റെ ഭാഗത്ത് ഒരിക്കലും ഐസ് ക്രീം സൂക്ഷിക്കരുത്. കാരണം ഇവിടെ എപ്പോഴും തണുപ്പ് മാറി കൊണ്ടേയിരിക്കുന്നു. അതിനാൽ തന്നെ ഐസ് ക്രീം ഫ്രീസറിനുള്ളിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
അടച്ച് സൂക്ഷിക്കാം
മൂടിയില്ലാതെയോ ശരിയായ രീതിയിൽ അടക്കാതെയോ ഐസ് ക്രീം സൂക്ഷിച്ചാൽ ഇതിനുള്ളിൽ വായു കയറാൻ സാധ്യതയുണ്ട്. ഇത് ഐസ് ക്രീം കേടുവരാൻ കാരണമാകുന്നു. അതിനാൽ തന്നെ സൂക്ഷിക്കുമ്പോൾ നന്നായി അടക്കാൻ മറക്കരുത്.
സ്പൂൺ ഉപയോഗിക്കുമ്പോൾ
ചൂടും നനവുമുള്ള സ്പൂൺ ഐസ് ക്രീം കുടിക്കാൻ ഉപയോഗിക്കരുത്. ഇത് ഐസ് ക്രീം കേടായിപ്പോകാൻ കാരണമാകുന്നു. അതിനാൽ തന്നെ എപ്പോഴും ഈർപ്പമില്ലാത്ത സ്‌പൂൺ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
രണ്ടാമതും തണുപ്പിക്കരുത്
ഐസ് ക്രീം പൂർണമായും അലിഞ്ഞു കഴിഞ്ഞാൽ ഒരിക്കലും രണ്ടാമത് തണുപ്പിക്കാൻ ഫ്രിഡ്ജിൽ വെയ്ക്കരുത്. ഇത് ഐസ് ക്രീമിന്റെ രുചിയും ഘടനയും മാറാൻ കാരണമാകുന്നു. കേടുവന്ന ഐസ് ക്രീം കുടിക്കുന്നത് ആരോഗ്യകരമല്ല.