
പാചകം ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതാണ് അടുക്കളയിൽ കൂടുതൽ സമയം ചിലവഴിക്കുന്ന ജോലി. എല്ലാത്തരം പാത്രങ്ങളും ഒരേ രീതിയിൽ അല്ല വൃത്തിയാക്കേണ്ടത്. ഓരോ മെറ്റീരിയലും മനസിലാക്കിയതിന് ശേഷം മാത്രമേ പാത്രങ്ങൾ കഴുകാൻ പാടുള്ളു. പാത്രങ്ങൾ കഴുകി വൃത്തിയാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അഴുക്കുകൾ കളയുക മാത്രമല്ല അണുക്കളെയും ഇല്ലാതാക്കാൻ വേണ്ടിയാണ്. പാത്രങ്ങൾ കഴുകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ.
സ്റ്റെയിൻലെസ് സ്റ്റീൽ
എല്ലാ അടുക്കളയിലും സാധാരണമായി കാണുന്ന ഒന്നാണ് സ്റ്റീൽ പാത്രങ്ങൾ. ഇത് ഉപയോഗിക്കാനും വൃത്തിയാക്കാനും എളുപ്പമാണ്. സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കാൻ ബേക്കിംഗ് സോഡയും വെള്ളവും മാത്രം മതി. കഴുകേണ്ട പാത്രത്തിൽ ബേക്കിംഗ് സോഡ വിതറിയതിന് ശേഷം സ്‌ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയെടുക്കാം. ഇത് മങ്ങിയ പാത്രങ്ങളെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
ഗ്ലാസുകൾ
ഗ്ലാസുകളിൽ പറ്റിപ്പിടിച്ച കറ കളയാൻ കുറച്ചധികം ഉരച്ച് കഴുകേണ്ടതായി വരും. ഇങ്ങനെ ചെയ്യുമ്പോൾ ഗ്ലാസുകളിൽ സ്ക്രാച്ച് വീഴാൻ സാധ്യതയുണ്ട്. പാതി മുറിച്ച നാരങ്ങ ഉപയോഗിച്ച് ഗ്ലാസ് നന്നായി ഉരക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ചെറുചൂട് വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയെടുക്കാം.
ചെമ്പ് പാത്രങ്ങൾ
സോസ് ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. എന്നാൽ സോസ് കഴിക്കാൻ മാത്രമല്ല ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കാനും ഇതിന് സാധിക്കും. വൃത്തിയാക്കേണ്ട പാത്രത്തിൽ സോസ് ഒഴിച്ചതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് നന്നായി കഴുകിയെടുക്കണം. ഒലിവ് ഓയിലിൽ മുക്കിവെച്ച തുണി ഉപയോഗിച്ചും പാത്രം വൃത്തിയാക്കാൻ സാധിക്കും.
തടിപ്പാത്രങ്ങൾ
തടിപ്പാത്രങ്ങൾ വൃത്തിയാക്കുന്നത് കുറച്ചധികം പണിയുള്ള കാര്യമാണ്. ചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകിയതിന് ശേഷം അതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുക്കണം. ശേഷം നാരങ്ങ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകാം. ഉപ്പ് അലിയുന്നതുവരെ ഉരച്ചതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കണം.
നോൺ സ്റ്റിക് പാത്രങ്ങൾ
നോൺ സ്റ്റിക് പാത്രങ്ങൾ അമിതമായി ഉരച്ച് കഴുകരുത്. ഇത് പാനിന്റെ കോട്ടിങിനെ ഇല്ലാതാക്കുന്നു. ചെറുചൂടുവെള്ളത്തിൽ കുറച്ച് നേരം മുക്കിവെച്ചതിന് ശേഷം ഡിഷ് വാഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ നോൺ സ്റ്റിക് പാനിലെ അഴുക്കിനെ പമ്പകടത്താം.
അടുക്കളയിലെ സിങ്ക് അടഞ്ഞുപോയോ? എങ്കിൽ ഇങ്ങനെ ചെയ്യൂ