
മൂഡിനെ സ്വാധീനിക്കുന്നതിൽ നിറങ്ങൾക്ക് വലിയ പങ്കുണ്ട്. ഓരോ നിറങ്ങൾക്കും വ്യത്യസ്തമായ സ്വഭാവമാണ് ഉള്ളത്. പ്രത്യേകിച്ചും ഒരു സ്‌പേസിന് നിറം നൽകുമ്പോൾ അത് ആ സ്ഥലത്തെ മുഴുവൻ ആംബിയൻസിനെയും കയ്യടക്കുന്നു. അത് തന്നെയാണ് കളർ സൈക്കോളജി കൊണ്ട് ഉദ്ദേശിക്കുന്നതും. ഓരോ നിറവും നമ്മുടെ മൂടിനെയും ഊർജ്ജത്തെയും നന്നായി സ്വാധീനിക്കുന്നു. വീട്ടിൽ ഓരോ മുറിക്കും വ്യത്യസ്ത ഉപയോഗങ്ങളാണ് ഉള്ളത്. അതിനാൽ തന്നെ ഓരോന്നിനും അനുയോജ്യമായ നിറങ്ങളാണ് നൽകേണ്ടത്. ചുമരുകൾക്ക് നിറം നൽകുന്നത് സാധാരണമാണ്. എന്നാൽ ചുമരിന് മാത്രമല്ല ഫ്ലോറിനെയും വർണങ്ങൾകൊണ്ട് മനോഹരമാക്കാൻ സാധിക്കും. അറിയാം നിറങ്ങൾക്ക് പിന്നിലെ മാജിക്കിനെക്കുറിച്ച്.
ലിവിങ് റൂം
ഓപ്പൺ സ്‌പേസുകൾക്ക് എപ്പോഴും വാം അല്ലെങ്കിൽ ബീജ്, സോഫ്റ്റ് ബ്രൗൺ, ടെറാക്കോട്ട, വാം ഗ്രേ പോലുള്ള നിറങ്ങൾ നൽകുന്നതാണ് നല്ലത്. ഇത് മുറിക്ക് കൂടുതൽ സ്വീകരണം നൽകുന്നു. കൂടാതെ ഇത്തരം എർത്തി ടോണുകൾ സമാധാന അന്തരീക്ഷം സമ്മാനിക്കുന്നു. മാറ്റ് അല്ലെങ്കിൽ ടെക്സ്ചേർ്ഡ് ഫിനിഷിങ്ങുള്ള, സെറാമിക് ടൈലുകൾ ഫ്ളോറിങ് നൽകുന്നത് ഗ്ലെയറടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. ന്യൂട്രൽ ടോണിലുള്ള ടൈലുകളും ഫ്ളോറിന് കൊടുക്കാവുന്നതാണ്. അതേസമയം വൈബ്രന്റ് നിറങ്ങൾ കൊടുക്കുന്നത് ഒഴിവാക്കാം.
അടുക്കള
വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. എപ്പോഴും ജോലി ചെയ്യുന്ന സ്ഥലമായതിനാൽ തന്നെ അതിനുപറ്റിയ നിറങ്ങളാണ് അടുക്കളയ്ക്ക് നൽകേണ്ടത്. ഇളം നിറങ്ങൾ അടുക്കളയ്ക്ക് കൊടുക്കുന്നത് ഒഴിവാക്കാം. ഇത് കാഴ്ച്ചയിൽ അടുക്കള വൃത്തിയില്ലാത്തതുപോലെ തോന്നിക്കും. പച്ച അല്ലെങ്കിൽ നീല നിറങ്ങൾ നൽകുന്നത് അടുക്കളയെ മനോഹരമാക്കുന്നു. കറ പറ്റാതിരിക്കാനും എളുപ്പത്തിൽ വൃത്തിയാക്കാനും ഗ്ലോസി സെറാമിക്കോ, വിട്രിഫൈഡ് ടൈലുകളോ നൽകുന്നതാണ് ഉചിതം. ഇത് അടുക്കളയെ കൂടുതൽ വെളിച്ചമുള്ളതാക്കുന്നു. വെള്ള അല്ലെങ്കിൽ പേസ്റ്റൽ ഷെയ്ഡിലുള്ള സബ് വേ ടൈലുകൾ നൽകുന്നത് ചെറിയ സ്ഥലത്തെ പോലും വലുതായി തോന്നിക്കുന്നു.
കിടപ്പുമുറി
സമാധാനത്തോടെ ഉറങ്ങാനും വിശ്രമിക്കാനും പറ്റുന്ന ഇടമാക്കി കടപ്പുമുറിയെ മാറ്റേണ്ടതുണ്ട്. സോഫ്റ്റ് ലാവണ്ടർ, ഡസ്റ്റി പിങ്ക്, ലൈറ്റ് ബീജ്, പെയിൽ ബ്ലൂ തുടങ്ങിയ നിറങ്ങളാണ് കിടപ്പുമുറികൾക്ക് അനുയോജ്യം. ഇത്തരം നിറങ്ങൾ നൽകുന്നത് നന്നായി ഉറങ്ങാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ സമ്മർദ്ദം, നെഞ്ചിടിപ്പ് എന്നിവ കുറയ്ക്കാനും ഈ നിറങ്ങൾ നല്ലതാണ്. വുഡ്ഡ് ഫിനിഷ് അല്ലെങ്കിൽ സാറ്റിൻ ടെക്സ്ച്ചേർഡ് ടൈലുകൾ നൽകുന്നത് മുറിക്ക് വാമും എലഗന്റ് ലുക്കും നൽകുന്നു. അതേസമയം കടും ചുവപ്പ്, ഓറഞ്ച് തുടങ്ങിയ നിറങ്ങൾ കൊടുക്കുന്നത് ഒഴിവാക്കാം. ഇത് ഉറക്കത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
ബാൽക്കണി
ടെറാക്കോട്ട, ഡീപ് ഗ്രീൻ, സ്റ്റോൺ ഗ്രേ, റസ്റ്റിക് ബ്രൗൺ എന്നീ നിറങ്ങളാണ് ബാൽക്കണിക്ക് നൽകേണ്ടത്. മാറുന്ന കാലാവസ്ഥയെ പ്രതിരോധിക്കാൻ പറ്റുന്ന വിധത്തിലുള്ള വിട്രിഫൈഡ് ടൈൽ അല്ലെങ്കിൽ സ്റ്റോൺ ഫിനിഷ് ടൈലുകൾ തെരഞ്ഞെടുക്കാം. ടെക്സ്ച്ചേർഡ് ആന്റി സ്ലിപ് ടൈലുകൾ ഇട്ടാൽ മഴക്കാലത്ത് വഴുതി വീഴുന്ന സാഹചര്യം ഒഴിവാക്കാനാവും. വഴുതുന്ന ടൈലുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു.