
വീടകം മനോഹരമാക്കാൻ മാത്രമല്ല വായു ശുദ്ധീകരിക്കാനും സമാധാന അന്തരീക്ഷം ലഭിക്കാനും കൂടെയാണ് വീടിനുള്ളിൽ ചെടികൾ വളർത്തുന്നത്. മണ്ണില്ലാതെ തന്നെ വെള്ളത്തിൽ എളുപ്പം വളരുന്ന ചില ഇൻഡോർ ചെടികളെ പരിചയപ്പെടുത്താം.
മിക്കവാറും എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് മണി പ്ലാന്‍റ്. ഇതിന്റെ തണ്ട് ഒരു കുപ്പി വെള്ളത്തിൽ ഇട്ടുവെച്ചാൽ 7 മുതൽ 10 ദിവസത്തിനുള്ളിൽ പുതിയ വേരുകൾ വരും. കൃത്യസമയത്ത് വെള്ളം മാറ്റിക്കൊടുത്താൽ മാത്രം മതി.
മോൺസ്റ്റെറ ചെടിയും വെള്ളത്തിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കും. ചെടിയുടെ തണ്ടുകൾ വെള്ളത്തിൽ വെച്ച് 3,4 ആഴ്ചകൾക്കുള്ളിൽ പുതിയ വേരുകളും ചെറിയ ഇലകളും വന്ന് തുടങ്ങും. അതേസമയം നേരിട്ടല്ലാത്ത വെളിച്ചം കിട്ടുന്ന സ്ഥലത്ത് വെക്കണം. ഇത് ശുദ്ധവായു നൽകുന്നതിനൊപ്പം വീടകം മനോഹരമാക്കുകയും ചെയ്യുന്നു.
സിസി പ്ലാന്‍റ്
വീടും ഓഫീസും പച്ചപ്പുള്ളതാക്കാൻ സിസി പ്ലാന്‍റ് ഒരു മികച്ച ഓപ്ഷനാണ്. ഒരു ഇലയിൽ നിന്ന് പോലും പുതിയ ചെടി വളർത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെള്ളം മാറ്റിയാൽ മതി. അതേസമയം വെള്ളത്തിൽ വേരുകൾ വരാൻ ഏകദേശം ഒന്നര, രണ്ട് മാസമെടുക്കും.
സിങ്കോണിയം
സിങ്കോണിയം അതിന്‍റെ ഭംഗികൊണ്ടും വായു ശുദ്ധീകരിക്കാനുള്ള കഴിവുകൊണ്ടും പേരുകേട്ടതാണ്. ചെടിക്ക് ഫോർമൽഡിഹൈഡ് പോലുള്ള വിഷവാതകങ്ങളെ നീക്കം ചെയ്യാൻ സാധിക്കും. ഇത് മാനസിക സമാധാനത്തിനും നല്ലതാണ്. വെള്ളത്തിൽ വെച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിന്റെ തണ്ടുകളിൽ വേരുകൾ വന്നുതുടങ്ങും.
സ്നേക് പ്ലാന്‍റ്
വീട് മനോഹരമാക്കാൻ സ്നേക്ക് പ്ലാന്‍റ് വളർത്തുന്നതും മികച്ച ഓപ്‌ഷനാണ്. ഇത് വെള്ളത്തിൽ വളർത്തുമ്പോൾ വേരുകൾ വളരാൻ ഏകദേശം രണ്ട് മാസമെടുക്കും. രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്ന ചെടിയായതുകൊണ്ട് കിടപ്പുമുറിയിൽ വളർത്തുന്നതാണ് ഉചിതം.