
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് തുളസി. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം തുളസി ചെടി വളർത്താൻ സാധിക്കും. എന്നാൽ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചെടികൾക്ക് നൽകേണ്ട പരിചരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ശൈത്യകാലത്ത് തുളസി ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
തുളസി ചെടിക്ക് ചൂടാണ് ആവശ്യം. അമിതമായ തണുപ്പ് ഉണ്ടാകുമ്പോൾ ചെടി പെട്ടെന്ന് നശിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ചൂട് ലഭിക്കുന്ന സ്ഥലത്താവണം തുളസി ചെടി വളർത്തേണ്ടത്. പോട്ടിൽ വളർത്തുന്നതാണ് ഉചിതം. അതേസമയം രാത്രിയിൽ വീടിന് അകത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
തുളസി ചെടിക്ക് വെളിച്ചം ആവശ്യമാണ്. ആവശ്യമായ വെളിച്ചം ലഭിച്ചില്ലെങ്കിൽ ചെടി ആരോഗ്യത്തോടെ വളരുകയില്ല. അതിനാൽ തന്നെ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ചെടി വളർത്താം. അതേസമയം ഇരുട്ടുള്ള സ്ഥലങ്ങൾ ആണെങ്കിൽ ലൈറ്റ് ഇടുന്നതും ചെടി നന്നായി വളരാൻ സഹായിക്കുന്നു.
വെള്ളമൊഴിക്കുമ്പോൾ ശ്രദ്ധിക്കാം
തുളസി ചെടിക്ക് വെള്ളം ആവശ്യമാണെങ്കിലും ശൈത്യകാലത്ത് അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. വെള്ളം കൂടുമ്പോൾ ചെടി പെട്ടെന്ന് കേടുവരുന്നു. മണ്ണ് വരണ്ട് തുടങ്ങുമ്പോൾ മാത്രം ചെടിക്ക് വെള്ളമൊഴിച്ചാൽ മതിയാകും.
ശരിയായ സ്ഥലത്ത് വളർത്താം
ചെടി വളർത്തുന്ന സ്ഥലം വളരെ പ്രധാനമാണ്. അമിതമായ തണുപ്പും എന്നാൽ ചൂടും ഉണ്ടാകാത്ത സ്ഥലത്താവണം തുളസി ചെടി വളർത്തേണ്ടത്. കാലാവസ്ഥയ്ക്ക് അനുസരിച്ച് വീടിന് പുറത്തും അകത്തും ഇത് വളർത്താവുന്നതാണ്.
കീടങ്ങളെ അകറ്റാം
ചെടികൾ വളർത്തുമ്പോൾ കീടങ്ങൾ വരുന്നത് സാധാരണമാണ്. എന്നാൽ കീടങ്ങളുടെ ശല്യം വർധിക്കുമ്പോൾ ചെടി പെട്ടെന്ന് കേടുവരുന്നു. ഇടയ്ക്കിടെ പരിശോധിച്ച് ചെടിക്ക് ആവശ്യമായ പരിചരണം നൽകാൻ ശ്രദ്ധിക്കാം.