
പുതിയതരം ഭക്ഷണങ്ങൾ കഴിക്കാനും ഉണ്ടാക്കി പരീക്ഷിക്കാനും താല്പര്യമുള്ളവരാണ് പലരും. അതിനാൽ തന്നെ എന്തെങ്കിലും ഒന്ന് കണ്ടാൽ ഉടനെ നമ്മൾ അത് പരീക്ഷിക്കും. അത്തരത്തിൽ വിവിധ തരം പരീക്ഷണങ്ങളാണ് ഓരോ ദിവസവും അടുക്കളയിൽ അരങ്ങേറുന്നത്. ബാക്കിവന്ന ഭക്ഷണങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതാണ് അതിൽ കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യം. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് ഭക്ഷണങ്ങൾ സൂക്ഷിക്കുന്ന രീതികളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. വേനൽക്കാലത്ത് ഭക്ഷണങ്ങൾ കേടുവരാതെ സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് അറിഞ്ഞാലോ.
പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കാം
എപ്പോഴും ഫ്രഷായിരിക്കുന്ന ഭക്ഷണം കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ഭക്ഷണങ്ങൾ മുൻകൂട്ടി തയ്യാറാക്കുന്ന രീതിയാണോ നിങ്ങളുടേത്. എങ്കിൽ അധികമായി ഭക്ഷണം പാകം ചെയ്യാതിരിക്കാം. നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം പാകം ചെയ്ത് സൂക്ഷിച്ചാൽ ഭക്ഷണം കേടാവുന്നത് തടയാൻ സാധിക്കും.
സൂക്ഷിക്കാം
ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞാൽ അത് കൃത്യമായ സ്ഥലത്ത് സൂക്ഷിക്കുകയാണ് പിന്നീട് ചെയ്യേണ്ടത്. അതിനാൽ തന്നെ ബാക്കിവന്ന ഭക്ഷണമോ വേവിച്ചതോ ആയവ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാം. ചൂട് തങ്ങി നിൽക്കുന്ന പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം.
ചേരുവകൾ
സുഗന്ധവ്യഞ്ജനങ്ങൾ, ഉപ്പ്, ഔഷധ സസ്യങ്ങൾ തുടങ്ങി പാചകത്തിന് ആവശ്യമായ ഈ ചേരുവകൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പിന്നീടിത് ഉപയോഗിക്കാൻ സാധിക്കില്ല. വായു കടക്കാത്ത പാത്രത്തിലാക്കി അധികം ചൂടിലാത്ത സ്ഥലങ്ങളിലാണ് ചേരുവകൾ സൂക്ഷിക്കേണ്ടത്. അതേസമയം സൂര്യപ്രകാശം നേരിട്ടടിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.
കേടാകുന്ന ഭക്ഷണങ്ങൾ
എല്ലാ ഭക്ഷണങ്ങൾക്കും ഒരേ രീതിയല്ല ഉണ്ടാവുന്നത്. ചിലത് പെട്ടെന്ന് കെടാവില്ല. എന്നാൽ മറ്റുചിലത് എളുപ്പത്തിൽ കേടാവുന്നു. ബ്രെഡ്, കേക്ക്, കുക്കീസ് തുടങ്ങിയ സാധനങ്ങൾ പെട്ടെന്ന് കേടാവുന്നവയാണ്. അതിനാൽ തന്നെ ഇത്തരം ഭക്ഷണ സാധനങ്ങൾ ആവശ്യത്തിന് അനുസരിച്ച് മാത്രം വാങ്ങിക്കാം. അധികമായി വാങ്ങി സൂക്ഷിച്ചാൽ ഇവ പെട്ടെന്ന് കേടായിപ്പോകുന്നു.
പുനരുപയോഗിക്കുന്ന കുപ്പിയിൽ നിന്നും ദുർഗന്ധം വരുന്നുണ്ടോ? എങ്കിൽ ഇത്രയും ചെയ്താൽ മതി