
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിലും മാറ്റം ഉണ്ടാകണം, പ്രത്യേകിച്ചും മഴക്കാലങ്ങളിൽ. ഈ സമയത്ത് ഈർപ്പവും തണുപ്പും കൂടുതലായത് കൊണ്ട് തന്നെ ഭക്ഷണ സാധനങ്ങൾ കേടുവരാനുള്ള സാധ്യതയും കൂടുതലാണ്. മഴക്കാലത്ത് ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ.
സുഗന്ധവ്യഞ്ജനങ്ങൾ അടച്ച് സൂക്ഷിക്കാം
മഴക്കാലങ്ങളിൽ പൊടിച്ച് സൂക്ഷിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ പെട്ടെന്ന് കേടാകുന്നു. വായുവിൽ ഈർപ്പം കൂടുമ്പോൾ ഇത് കട്ടപിടിക്കുകയും രുചി നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. അതിനാൽ തന്നെ സുഗന്ധവ്യഞ്ജനങ്ങൾ വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. അതേസമയം ഇത് ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് നല്ലതല്ല.
മാവ് വറുത്ത് സൂക്ഷിക്കാം
ഗോതമ്പ്, കടല, അരി മാവ് എന്നിവ സൂക്ഷിക്കുന്നതിന് മുമ്പ് വറുക്കാൻ മറക്കരുത്. ഇത് മഴക്കാലത്തെ ഈർപ്പം, ജീവികളുടെ ശല്യം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ എത്രദിവസം വരെയും മാവ് കേടുവരാതെ ഇരിക്കുകയും ചെയ്യും.
വയണ ഇല ഉപയോഗിക്കാം
അരി, പയർവർഗ്ഗങ്ങൾ, മാവ് എന്നിവയ്‌ക്കൊപ്പം വയണ ഇല സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഇത് കീടങ്ങളെ അകറ്റി നിർത്തുകയും ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാനും സഹായിക്കുന്നു.
ഉപ്പ് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം
മഴക്കാലത്ത് തുറന്ന പാത്രങ്ങളിൽ ഉപ്പ് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് ഉപ്പ് എളുപ്പത്തിൽ കേടാവാൻ കാരണമാകുന്നു. മഴ സമയങ്ങളിൽ ഉപ്പ് ഗ്ലാസ് പാത്രത്തിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് ഈർപ്പം ഉണ്ടാകുന്നത് തടയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പ് കേടാവുകയുമില്ല.
ധാന്യങ്ങളും പയർവർഗ്ഗങ്ങളും
വെയിൽ ഉള്ള സമയങ്ങളിൽ പയർവർഗ്ഗങ്ങളും ധാന്യങ്ങളും സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ ഉണക്കാൻ ഇടാം. ഇത് ധാന്യങ്ങളിൽ ഈർപ്പവും പൂപ്പലും ഉണ്ടാകുന്നത് തടയുകയും കേടുവരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ
പച്ചക്കറികളും പഴങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം. ഈർപ്പം ഉണ്ടായാൽ പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകുന്നു. പേപ്പർ ടവൽ വെച്ചതിന് ശേഷം സാധനങ്ങൾ സൂക്ഷിക്കുന്നത് അമിതമായി ഈർപ്പമുണ്ടാകുന്നതിനെ തടയുന്നു. ഇത് പച്ചക്കറികളും പഴങ്ങളും ഫ്രഷായിരിക്കാൻ സഹായിക്കുകയും ചെയ്യും.
അടുക്കള വൃത്തിയാക്കാൻ വിനാഗിരി
വിനാഗിരി ഉപയോഗിച്ച് അടുക്കള പ്രതലങ്ങൾ വൃത്തിയാക്കാൻ സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ പൂപ്പലിനെയും ദുർഗന്ധത്തെയും ഇല്ലാതാക്കുന്നു. വിനാഗിരിയിൽ അല്പം വെള്ളം ചേർത്ത് പ്രതലങ്ങൾ തുടച്ചെടുത്താൽ മതി.
അമിതമായി വാങ്ങി സൂക്ഷിക്കരുത്
പഴങ്ങളും പച്ചക്കറികളും അമിതമായി വാങ്ങി സൂക്ഷിക്കുന്നത് ഒഴിവാക്കാം. ദിവസങ്ങളോളം സൂക്ഷിക്കുമ്പോൾ പച്ചക്കറികൾ കേടായിപ്പോകുന്നു. അതിനാൽ തന്നെ ആവശ്യത്തിനുള്ളത് മാത്രം വാങ്ങിക്കാൻ ശ്രദ്ധിക്കണം.