
അടുക്കളയിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നാണ് സവാള. എന്നാൽ ഇത് കേടുവരാതെ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും ഒരുമിച്ച് വാങ്ങി സൂക്ഷിക്കുമ്പോൾ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. പിന്നീടിത് ഉപയോഗിക്കാൻ കഴിയാതെയും ആകും. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ എത്ര ദിവസംവരെയും സവാള കേടുവരാതിരിക്കും. സവാള സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.
നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം
സവാള കേടുവരാതിരിക്കാൻ നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. കൃത്യമായ വായുസഞ്ചാരം ഇല്ലാതെ ആകുമ്പോൾ സവാളയിൽ പൂപ്പൽ ഉണ്ടാവുകയും കേടുവരുകയും ചെയ്യുന്നു. അതിനാൽ തന്നെ വാങ്ങിയപ്പാടെ കവറിൽ അടച്ച് വയ്ക്കരുത്. പേപ്പർ ബാഗ്, ബാസ്കറ്റ് എന്നിവയിൽ സൂക്ഷിച്ചാൽ നല്ല വായുസഞ്ചാരം ഉണ്ടാകുന്നു.
തണുപ്പും ഈർപ്പവും ഇല്ലാത്ത സ്ഥലങ്ങൾ
സവാളയിൽ ഈർപ്പം തങ്ങി നിന്നാൽ പെട്ടെന്ന് ഇത് കേടുവരാൻ കാരണമാകുന്നു. അതിനാൽ തന്നെ സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല. വെളിച്ചവും, ചൂടും, ഈർപ്പവുമില്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
ഈ സാധനങ്ങൾക്കൊപ്പം സവാള സൂക്ഷിക്കരുത്
ഉരുളക്കിഴങ്ങ്, ആപ്പിൾ തുടങ്ങി ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ള സാധനങ്ങൾക്കൊപ്പം സവാള സൂക്ഷിക്കുന്നത് ഒഴിവാക്കാം. കൂടാതെ ഇത് സവാളയുടെ ഗന്ധത്തെ വലിച്ചെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുമ്പോൾ സവാള പെട്ടെന്ന് കേടാവാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഇവ പ്രത്യേകം സൂക്ഷിക്കുന്നതാണ് നല്ലത്.