
വീട്ടിലെ ജോലികൾ എളുപ്പമാക്കാൻ പലതരം പൊടിക്കൈകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ജോലികൾ എളുപ്പമാക്കാൻ മാത്രമല്ല വീട്ടിലെ കീടങ്ങളുടെ ശല്യം അകറ്റാനും വൃത്തിയാക്കാനുമെല്ലാം ഇത്തരത്തിൽ പൊടിവിദ്യകൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. ഇങ്ങനെയൊന്നു ചെയ്തു നോക്കൂ.
കീടങ്ങളെ അകറ്റാൻ വയണ ഇല
അടുക്കളയിൽ കീടശല്യം ഉണ്ടെങ്കിൽ വയണ ഇല ഉപയോഗിക്കാവുന്നതാണ്. ഉണങ്ങിയ വയണ ഇല ധാന്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന പാത്രത്തിൽ ഇട്ടുവയ്ക്കാം. ഇത് ധാന്യങ്ങൾ കേടുവരാതെ ഫ്രഷായിരിക്കാൻ സഹായിക്കുന്നു.
പാത്രം കഴുകാൻ നാരങ്ങ
നാരങ്ങ തോട് വെറുതെ കളയേണ്ടതില്ല. മങ്ങിയ പാത്രങ്ങൾ തിളക്കമുള്ളതാക്കാനും പറ്റിപ്പിടിച്ച കറയെ നീക്കം ചെയ്യാനും നാരങ്ങ തോട് ഉപയോഗിക്കാവുന്നതാണ്. പാത്രങ്ങൾ കേടുപാടുകൾ വരാതെ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത് സഹായിക്കുന്നു.
തുണികൾക്ക് വേപ്പില
അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങളിൽ കീടങ്ങൾ വന്നിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ തുണികൾക്കിടയിൽ വേപ്പില സൂക്ഷിച്ചാൽ ഇത്തരം ജീവികളുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും.
കടുക് എണ്ണ
അച്ചാറുകൾ ദീർഘകാലം കേടുവരാതിരിക്കാൻ കടുക് എണ്ണ ചേർക്കുന്നത് നല്ലതാണ്. ഇത് രുചി കൂട്ടുകയും ദിവസങ്ങളോളം അച്ചാർ കേടുവരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മഞ്ഞൾപൊടി
വീട്ടിലെ ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ മഞ്ഞൾപ്പൊടി ഉപയോഗിക്കാം. ഉറുമ്പുകൾ കടന്നു പോകുന്ന സ്ഥലങ്ങളിൽ അല്പം മഞ്ഞൾപ്പൊടി വിതറിയാൽ മതി.
വിനാഗിരിയും ഗ്രാമ്പുവും
പഴങ്ങളിൽ വന്നിരിക്കുന്ന ഈച്ചകളെ തുരത്താൻ വിനാഗിരിയും ഗ്രാമ്പുവും നല്ലതാണ്. ഒരു പാത്രത്തിൽ കുറച്ച് വിനാഗിരിയും ഗ്രാമ്പുവും ഇട്ടതിന് ശേഷം, ചെറിയ ഹോളുകളിട്ടു മൂടി വയ്ക്കാം. ഇത് ഈച്ചകളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
ചെടികൾക്ക് കഞ്ഞിവെള്ളം
കഞ്ഞിവെള്ളം ഇനി മുതൽ വെറുതെ കളയേണ്ടതില്ല. നന്നായി തണുപ്പിച്ചതിന് ശേഷം കഞ്ഞിവെള്ളം ചെടികളിൽ ഒഴിച്ച് കൊടുക്കാം. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ചെടി നന്നായി വളരും.