
ഒരു വിശ്രമവുമില്ലാതെ നിരന്തരം പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. പച്ചക്കറികൾ മുതൽ പാൽ വരെ കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കാൻ അടുക്കളയിൽ ഫ്രിഡ്ജ് അത്യാവശ്യം തന്നെയാണ്. എപ്പോഴും പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള പരിപാലനവും ഫ്രിഡ്ജിന് ആവശ്യമുണ്ട്. എന്നാൽ ഈ അബദ്ധങ്ങൾ ഫ്രിഡ്ജ് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. പ്രധാനമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ ഇതാണ്.
ഭക്ഷണ സാധനങ്ങൾ അമിതമായി ഫ്രിഡ്ജിനുള്ളിൽ കുത്തിതിരുകരുത്. സാധനങ്ങൾ നിറഞ്ഞിരിക്കുമ്പോൾ ഫ്രിഡ്ജിനുള്ളിൽ ശരിയായ വായുസഞ്ചാരം ഉണ്ടാവുകയില്ല. അതിനാൽ തന്നെ ഇത് പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. ഇത് ഫ്രിഡ്ജിന്റെ കംപ്രസറിന് തകരാറുകൾ സംഭവിക്കാൻ കാരണമാകും.
ഫ്രിഡ്ജിന്റെ പുറക് വശത്തോ താഴെയോ ആണ് കോയിൽ ഉണ്ടാവുന്നത്. ഫ്രിഡ്ജ് തണുക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കോയിൽ. എന്നാൽ ഇതിൽ അഴുക്കും പൊടിപടലങ്ങളും പറ്റിയിരുന്നാൽ ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കുകയില്ല. ഇടയ്ക്കിടെ കോയിൽ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
താപനില
ശരിയായ രീതിയിൽ താപനില സെറ്റ് ചെയ്താൽ മാത്രമേ ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കുകയുള്ളു. തണുപ്പ് കൂടാനോ എന്നാൽ കുറയാനോ പാടില്ല.
സീൽ ശ്രദ്ധിക്കാതിരിക്കുക
ഫ്രിഡ്ജ് ഡോറിന്റെ ചുറ്റിനുമുള്ള റബ്ബർ ഗാസ്കെറ്റാണ് സീൽ. ഇതിന് കേടുപാടുകൾ സംഭവിച്ചാൽ ഫ്രിഡ്ജ് നേരെ അടയുകയില്ല. ഇത് ഫ്രിജിൽ തണുപ്പ് നിലനിൽക്കുന്നതിന് തടസ്സമാകുന്നു. അതിനാൽ തന്നെ സീലിന് തകരാറുകൾ സംഭവിച്ചാൽ അറ്റകുറ്റപണികൾ ചെയ്യാൻ മടിക്കരുത്.
ഡോർ തുറന്നിടരുത്
സാധനങ്ങൾ എളുപ്പത്തിൽ എടുക്കുന്നതിന് വേണ്ടി ഫ്രിഡ്ജിന്റെ ഡോർ അധികനേരം തുറന്നിടുന്ന ശീലം ഒഴിവാക്കാം. ഇത് പുറത്തുള്ള ചൂട് വായു അകത്തേക്ക് കയറുകയും ഫ്രിഡ്ജിന് തണുപ്പ് ഇല്ലാതാവുകയും ചെയ്യുന്നു. ആവശ്യം ഉള്ളപ്പോൾ മാത്രം ഫ്രിഡ്ജിന്റെ ഡോർ തുറക്കാം.
ശബ്ദങ്ങൾ
ഫ്രിഡ്ജിൽ നിന്നും അസാധാരണമായ ശബ്ദങ്ങൾ കേട്ടാൽ നിസ്സാരമായി കാണരുത്. തകരാറുകൾ സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ ഫ്രിഡ്ജിൽ നിന്നും ശബ്ദങ്ങൾ കേൾക്കുന്നത്. ഇത് ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് തടസ്സമാകുന്നു. അതിനാൽ തന്നെ പ്രശ്നം ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം.