
മൈക്രോവേവ് വന്നതോടെ പാചകം ചെയ്യൽ ഒരുപരിധിവരെ എളുപ്പമായിട്ടുണ്ട്. എന്നാൽ ഇത് വൃത്തിയാക്കുന്നത് അത്ര നിസ്സാരമായ കാര്യമല്ല. ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും തങ്ങി നിൽക്കുമ്പോൾ മൈക്രോവേവിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നു. ഇത് വൃത്തിയാക്കാൻ നമ്മൾ പലതരം ക്ലീനറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ രാസവസ്തുക്കൾ കലർന്ന ക്ലീനറുകൾ മൈക്രോവേവ് വൃത്തിയാക്കാൻ ഉപയോഗിക്കരുത്. നന്നായി തുടച്ചെടുത്തില്ലെങ്കിൽ ഇത് മൈക്രോവേവിൽ തങ്ങി നിൽക്കുകയും ഭക്ഷണത്തിൽ കലരാനും സാധ്യതയുണ്ട്. മൈക്രോവേവ് ഇങ്ങനെ വൃത്തിയാക്കൂ.
ഒരു പാത്രത്തിൽ വെള്ളവും അതിലേക്ക് വിനാഗിരിയും ചേർക്കണം. ഇത് മൈക്രോവേവിനുള്ളിൽ വെച്ച് നന്നായി ചൂടാക്കിയെടുക്കാം. ശേഷം മൈക്രോഫൈബർ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുത്താൽ മതി.
നാരങ്ങ നീര് ഉപയോഗിച്ചും മൈക്രോവേവ് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് നാരങ്ങ നീര് ചേർക്കണം. ശേഷം ഇത് മൈക്രോവേവിൽ വെച്ച് നന്നായി തിളപ്പിച്ചെടുക്കാം. ഇങ്ങനെ ചെയ്യുന്നത് പറ്റിപ്പിടിച്ച കറയെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു.
3. ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയിൽ വെള്ളം ചേർത്തതിന് ശേഷം പേസ്റ്റ് പോലെയാക്കണം. ശേഷം കറപറ്റിയ സ്ഥലങ്ങളിൽ ബേക്കിംഗ് സോഡ നന്നായി തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നനവുള്ള തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മതി.
4. പുറം വൃത്തിയാക്കാം
മൈക്രോവേവിന്റെ പുറം ഭാഗം വൃത്തിയാക്കുമ്പോഴും ശ്രദ്ധിക്കണം. ചെറുചൂടുള്ള സോപ്പ് വെള്ളവും മൈക്രോഫൈബർ തുണിയും ഉപയോഗിച്ച് വൃത്തിയാക്കിയാൽ മാത്രമേ പറ്റിപ്പിടിച്ച അഴുക്കിനെ എളുപ്പം നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ.