
വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. കുടുംബാംഗങ്ങൾ എല്ലാം എപ്പോഴും ഒരുമിച്ചുകൂടുന്നത് കൊണ്ട് തന്നെ ഇവിടം വൃത്തിയാക്കി സൂക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്. എന്നാൽ പാചകം ചെയ്യാനുള്ള താല്പര്യം അടുക്കള വൃത്തിയാക്കുന്ന കാര്യത്തിൽ പലർക്കുമില്ല. അടുക്കള വൃത്തിയാക്കുന്നത് ഏറ്റവും ബോറൻ പണിയായിട്ടാണ് നമ്മൾ കണക്കാക്കുന്നത്. എന്നാൽ അധികം സമയം ചിലവഴിക്കാതെ തന്നെ അടുക്കള വൃത്തിയാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.
അടുക്കള എന്നും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അഴുക്കും മാലിന്യങ്ങളും അടിഞ്ഞുകൂടുമ്പോൾ പിന്നീട് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും കൂടികിടക്കുന്ന സാധനങ്ങളും അടുക്കും ചിട്ടയോടെയും സൂക്ഷിക്കാം.
ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും അടുക്കളയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് ദുർഗന്ധവും അണുക്കളും ഉണ്ടാവുകയും അടുക്കളയിൽ സ്ഥിരമായി കീടങ്ങൾ വരാനും കാരണമാകുന്നു. ആവശ്യമില്ലാത്ത വസ്തുക്കൾ ഒഴിവാക്കാനും മറക്കരുത്.
പാൻട്രി ക്രമീകരിക്കാം
അടുക്കള പാൻട്രിയിൽ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം. അടുക്കും ചിട്ടയുമില്ലാതെ സാധനങ്ങൾ വാരിവലിച്ചിടുന്ന ശീലം ഒഴിവാക്കാം. ഓരോ വസ്തുക്കളും അതാത് സ്ഥലങ്ങളിൽ ക്രമീകരിക്കാൻ ശ്രദ്ധിക്കാം.
അടുക്കള ഉപകരണങ്ങൾ
റെഫ്രിജറേറ്റർ, ഓവൻ, ഗ്യാസ് സ്റ്റൗ തുടങ്ങിയ ചെറുതും വലുതുമായ ഉപകരണങ്ങൾ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാവാം. ഇത് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവാനും കാരണമാകുന്നു. ഉപയോഗം കഴിയുന്നതിന് അനുസരിച്ച് വൃത്തിയാക്കാവുന്നതാണ്.
സിങ്ക് വൃത്തിയാക്കാം
അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് കിച്ചൻ സിങ്ക്. ഇതിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാകുന്നു. ഇടയ്ക്കിടെ സിങ്ക്, സോപ്പ് പൊടി ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. അതേസമയം സിങ്ക് അണുവിമുക്തമാക്കാനും മറക്കരുത്.