
പാചകം ചെയ്യാൻ ഇഷ്ടമുള്ളവരാണ് മിക്ക ആളുകളും. ഓരോ ഭക്ഷണ സാധനങ്ങളും വ്യത്യസ്തമായ രീതിയിലാണ് പാചകം ചെയ്തെടുക്കേണ്ടതും. പാകമാകാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹന പ്രശ്നങ്ങളും മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഫ്രീസറിൽ വെച്ച ഇറച്ചി ഒരിക്കലും റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കരുത്. തണുപ്പിൽ നിന്നും പുറത്തെടുത്ത് വെയ്ക്കുമ്പോൾ പെട്ടെന്ന് താപനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അണുക്കൾ പെരുകാൻ കാരണമാകുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഇറച്ചിയുടെ പുറംഭാഗത്തെ തണുപ്പ് മാത്രമാണ് മാറുന്നത്. അകം അപ്പോഴും ഐസായിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഫ്രീസറിൽ വെച്ച ഇറച്ചി വെള്ളത്തിലിട്ട് വെയ്ക്കുകയോ, ഓവനിൽ ചൂടാക്കുന്നതോ ആണ് നല്ലത്.
ഓരോ ഭക്ഷണ സാധനങ്ങളും മുറിക്കാൻ വെവ്വേറെ കട്ടിങ് ബോർഡ് ഉപയോഗിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് പച്ചക്കറികൾ മുറിക്കുന്ന കട്ടിങ് ബോർഡ്, ഇറച്ചി മുറിക്കാൻ ഉപയോഗിക്കരുത്. ഇതിൽ ഭക്ഷണാവശിഷ്ടങ്ങൾ തങ്ങി നിൽക്കാനും അണുക്കൾ ഉണ്ടാവാനും കാരണമാകുന്നു.
ഇറച്ചി കഴുകുന്നത്
ഇറച്ചി കഴുകി വൃത്തിയാക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടും മൂന്നും വെള്ളത്തിൽ ഇറച്ചി കഴുകുന്നവരുണ്ട്. എന്നാൽ കഴുകിയതുകൊണ്ട് മാത്രം അണുക്കൾ നശിക്കുകയില്ല. നന്നായി പാകം ചെയ്താൽ മാത്രമേ ഇറച്ചിയിലെ അണുക്കൾ പൂർണമായും ഇല്ലാതാവുകയുള്ളൂ.
ചോറ് തണുപ്പിക്കുന്നത്
തണുപ്പിക്കാൻ വേണ്ടി ചോറ് പുറത്ത് വെയ്ക്കുന്നത് ഒഴിവാക്കാം. ഇത് അണുക്കൾ ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ രണ്ട് മണിക്കൂറിൽ കൂടുതൽ ചോറ് റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഉപയോഗം കഴിഞ്ഞാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.