മുൻ ആപ്പിൾ ഡിസൈനറുമായി കൈകോർത്ത് ഓപ്പൺഎഐയുടെ മാജിക്! ലോഞ്ച് ഉടൻ

Published : Jan 24, 2026, 12:50 PM IST
OpenAI

Synopsis

ആപ്പിളിന്‍റെ മുൻ ചീഫ് ഡിസൈനറായ ജോണി ഐവുമായി സഹകരിച്ചാണ് ഓപ്പൺഎഐ ഈ പുതിയ ഉപകരണം നിർമ്മിച്ചിരിക്കുന്നത്. ഐഫോൺ, ഐപാഡ്, ഐപോഡ് തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്ത ഡിസൈനർ ആണ് ജോണി ഐവ്.

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ച് ലോകത്തെ മാറ്റിമറിച്ച ടെക് ഭീമനാണ് ചാറ്റ്‍ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺഎഐ. ഇപ്പോൾ സ്‍മാർട്ട്‌ഫോണുകളുടെയും ഹാർഡ്‌വെയറിന്‍റെയും ലോകത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ഓപ്പൺഎഐ. ഇതിന്‍റെ ഭാഗമായി ഓപ്പൺഎഐ 2026-ന്‍റെ രണ്ടാം പകുതിയിൽ അതിന്‍റെ ആദ്യത്തെ ഫിസിക്കൽ എഐ ഡിവൈസ് അവതരിപ്പിച്ചേക്കും. ഈ ഡിവൈസ് സ്‌ക്രീൻ രഹിതവും പൂർണ്ണമായും വോയ്‌സ് കമാൻഡുകളിൽ പ്രവർത്തിക്കുന്നതുമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

ആപ്പിളിന്‍റെ പ്രശസ്‍ത ഡിസൈനർ ജോണി ഐവുമായുള്ള പങ്കാളിത്തം

ആപ്പിളിന്‍റെ മുൻ ചീഫ് ഡിസൈനറായ ജോണി ഐവുമായി സഹകരിച്ചാണ് ഓപ്പൺഎഐ ഈ പുതിയ ഉപകരണം നിർമ്മിച്ചിരിക്കുന്നത്. ഐഫോൺ, ഐപാഡ്, ഐപോഡ് തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്ത അതേ ഡിസൈനർ തന്നെയാണ് ജോണി ഐവ്. ഐവിന്‍റെ ഹാർഡ്‌വെയർ സ്റ്റാർട്ടപ്പായ 'IO' 2025 ൽ ഏകദേശം 6.5 ബില്യൺ ഡോളറിന് ഓപ്പൺഎഐ ഏറ്റെടുത്തിരുന്നു. കമ്പനിക്കുള്ളിൽ ഈ ഉപകരണത്തിന് 'ഗംഡ്രോപ്' എന്നും 'സ്വീറ്റ്‍പീ' എന്നും കോഡ് നാമങ്ങൾ നൽകിയിട്ടുണ്ട്. സ്‍മാർട്ട് ആയതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഒരു ഡിവൈസ് സൃഷ്‍ടിക്കുക എന്നതാണ് ഓപ്പൺഎഐയുടെ ലക്ഷ്യം.

ഓപ്പൺഎഐയുടെ പുതിയ ഡിവൈസ് എങ്ങനെയായിരിക്കും?

ഈ ഡിവൈസിന്‍റെ ഔദ്യോഗിക ഫോട്ടോകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പക്ഷേ പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത് ഇത് കേവലമൊരു സ്‍മാർട്ട്‌ഫോണിനെ പോലെയായിരിക്കില്ല എന്നാണ്. ഇതിന് സ്‌ക്രീൻ ഉണ്ടാകില്ല, കൂടാതെ എഐ, വോയ്‌സ് എന്നിവയിലൂടെയും പ്രവർത്തിക്കും. ഇത് വളരെ ചെറുതും ഭാരം കുറഞ്ഞതുമായിരിക്കാം, ഏകദേശം 10 മുതൽ 15 ഗ്രാം വരെ ഭാരമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പോക്കറ്റിൽ കൊണ്ടുപോകാവുന്ന, വസ്ത്രത്തിൽ ക്ലിപ്പ് ചെയ്യാവുന്ന, അല്ലെങ്കിൽ കഴുത്തിൽ ധരിക്കാവുന്ന ഒരു പേന അല്ലെങ്കിൽ ഒരു ചെറിയ പോഡ് പോലെ ആയിരിക്കും ഇതിന്‍റെ ഡിസൈൻ.

ഇതിന് എന്തൊക്കെ സവിശേഷതകൾ ഉണ്ടായിരിക്കാം?

ഈ ഉപകരണം ആംബിയന്‍റ് കമ്മ്യൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതായത് നിങ്ങളുടെ ചുറ്റുപാടുകൾ സെൻസർ ചെയ്തുകൊണ്ട് ഇത് പ്രവർത്തിക്കും. ഇതിനായി, ഇതിൽ ഒരു ക്യാമറയും മൈക്രോഫോണും സജ്ജീകരിച്ചിരിക്കാം. കൈകൊണ്ട് എഴുതിയ കുറിപ്പുകളെ ടെക്സ്റ്റിലേക്ക് പരിവർത്തനം ചെയ്യാനും അവ നിങ്ങളുടെ ചാറ്റ്‍ജിപിടി അക്കൗണ്ടിലേക്ക് നേരിട്ട് സമന്വയിപ്പിക്കാനും ഇതിന് കഴിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനർഥം ആപ്പ് തുറക്കേണ്ട ആവശ്യമില്ല എന്നാണ്. കാര്യങ്ങൾ പൂർത്തിയാക്കാൻ നിങ്ങൾ സംസാരിച്ചാൽ മാത്രം മതിയാകും.

ലോഞ്ച്, നിർമ്മാണ പദ്ധതികൾ എന്തൊക്കെയാണ്?

ഈ ഡിവൈസ് നിർമ്മിക്കുന്നതിനായി ഓപ്പൺഎഐ ഫോക്‌സ്‌കോണിനെ അവരുടെ എക്‌സ്‌ക്ലൂസീവ് നിർമ്മാണ പങ്കാളിയായി തിരഞ്ഞെടുത്തിട്ടുണ്ട്. ചൈനയുടെ ലക്‌സ്‌ഷെയറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിയറ്റ്നാമിലോ അമേരിക്കയിലോ ഒരു ഫാക്‌ടറി സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു. 100 ദശലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കുക എന്നതാണ് പ്രാരംഭ ലക്ഷ്യം. 2026 അവസാനത്തോടെ ഈ ഉപകരണം വിപണിയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഇരുമ്പ് ചട്ടിയും പാനും തുരുമ്പിച്ചോ? ഈ ടിപ്‌സ് പ്രയോഗിച്ചാല്‍ വെട്ടിത്തിളങ്ങും!
ചെറിയ സ്ഥലത്ത് മിനി ഗാർഡൻ ഒരുക്കാം; ഇതാ ചില എളുപ്പ വഴികൾ