
തിരക്കേറിയ ജീവിതത്തിൽ നിന്ന് മാറി സ്വസ്ഥമായി വിശ്രമിക്കാൻ ഇടം തിരയുന്നവരാണ് നമ്മളോരോരുത്തരും. അത് കുറച്ച് പ്രകൃതിയോടിണങ്ങിനിന്ന് പഴമ വിളിച്ചോതുന്നതാണെങ്കിലോ..? പറഞ്ഞുവരുന്നത് ഒരു മൺവീടിനെക്കുറിച്ചാണ്..വെറും മൺവീടല്ല, ഒരു ഔഷധ വീട്....പത്തനംതിട്ട അടൂർ സ്വദേശിയായ ഇക്കോഫ്രണ്ട്ലി ആർക്കിടെക്ടും പുരാവസ്തു ഗവേഷകനുമായ ശിലാ സന്തോഷാണ് ഈ മരുന്ന് മൺവീടിന്‍റെ ശിൽപി.
രാമച്ചവും വേപ്പും രക്ത ചന്ദനവും കൂടാതെ നൂറിലേറെ പച്ചമരുന്നുകളും വരാൽപ്പശയും ചെമ്മണ്ണുമായി ചേർത്തു സൃഷ്ടിച്ച ഒരു രഹസ്യമണ്ണ് മിശ്രിതം ഉപയോഗിച്ചാണ് ഈ ആയുർവേദ മരുന്ന് മൺവീട് നിർമാണം. പ്രധാനമായും 65തരം പച്ചമരുന്നുകൾ. വരാൽ പശ, ത്രിപല കഷായം, രാമച്ചം, പാണനില, പലതരം മഞ്ഞളുകൾ, കുളമാവ് തോൽ, തുടങ്ങി 65ഓളം മരുന്നുകൾ ചേർത്താണ് വീടിന്‍റെ നിർമാണം. സുഗന്ധപൂരിതവും ഏത് വേനലിലും കൃത്രിമ യന്ത്രസഹായമില്ലാതെ ശീതീകരിച്ച മുറിയെപ്പോലെയുള്ള തണുത്ത അന്തരീക്ഷവും നിറഞ്ഞതാണ് ഈ ഒറ്റമുറി വീടിന്‍റെ ഉൾവശം. പൂർണമായും മണ്ണു കുഴച്ച് കട്ടയാക്കിയാണ് നിർമാണം. മണ്ണിൽ കൃത്യമായ അളവിൽ ഔഷധ സസ്യങ്ങളും പൊടികളും ചേർക്കും.
കട്ടയ്ക്ക് ഉറപ്പുണ്ടാകാനായി ചേർക്കുന്നത് ചുണ്ണാമ്പ് വള്ളി, കുളമാവിന്റെ തോൽ എന്നിവയാണ്. വരാൽ മത്സ്യത്തെ ഇട്ടുവച്ച വഴുവഴുക്കുള്ള വെള്ളം ഉപയോഗിച്ചാണ് മണ്ണ് കുഴക്കുന്നത്. ഇത് കട്ടയ്ക്ക് കൂടുതൽ ഉറപ്പുനൽകും. തൃഫല കഷായവും ഒപ്പം ചേർക്കും. രാമച്ചമാണ് വീടിന് തണുപ്പ് ലഭിക്കുന്നതിനു പിന്നിലെ ഘടകം. 100 കിലോയോളം രാമച്ചമാണ് മൺകട്ടയിലേക്ക് കുഴച്ചു ചേർക്കുന്നത്. കസ്തൂരി മഞ്ഞൾ, വാടാ മഞ്ഞൾ, കരി മഞ്ഞൾ, കറി മഞ്ഞൾ, പാണലിന്റെ ഇല എന്നിവ കീടങ്ങളെ അകറ്റുന്നതിനായും കട്ടയിലേക്ക് ചേർക്കുന്നുണ്ട്. പ്രധാനമായും പച്ചക്കർപ്പൂരവും കുന്തിരക്കവുമാണ് വീടിന് മണം നൽകുന്നത്. കൂടാതെ, രക്തചന്ദനം, ചന്ദനം, ഊദ്, കരിങ്ങാലി, അശോക പട്ട എന്നിവയും മണത്തിനും ഗുണത്തിനും പൊടിച്ചും ചതച്ചും അരച്ചും ചേർക്കുന്നുണ്ട്.
പശുവിന്റെ ചാണകം, മൂത്രം എന്നിവയും വൈക്കോൽ, മുള എന്നിവയും വീട് നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട്. മേൽക്കൂരയിൽ ഓട് പാകി അതിനടിയിൽ കാഞ്ഞിരത്തിന്റെ പലകയിട്ടാണ് വീടിന്‍റെ സീലിങ് നിർമിച്ചിരിക്കുന്നത്. നിലം തറയോടു വിരിച്ചതാണ്. കാറ്റാണ് വീടിന്റെ പ്രധാന ആകർഷണം. വീട് വൈദ്യുതീകരിച്ചതല്ല എന്നതും ഈ ഔഷധവീടിന്‍റെ സവിശേഷകളിലൊന്നാണ്. ശിൽപ നിർമ്മാണമാണ് മരുന്ന് മൺവീടിന്‍റെ ശിൽപിയായ സന്തോഷിന്‍റെ പ്രധാന തൊഴിൽ. പഴമക്കാർക്ക് വശമുണ്ടായിരുന്ന മരുന്നുവീട് നിർമാണവിദ്യയെപ്പറ്റി 2015 ലാണ് ഇദ്ദേഹം ഗവേഷണം ആരംഭിക്കുന്നത്. ക്ഷേത്രങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരായിരുന്നു പൂര്‍വികര്‍.
സ്വന്തം പറമ്പിൽ വീട് നിർമിക്കാനിരിക്കെയാണ് അൾട്രാ റൺ (100 മൈൽ ഓട്ടം) ഓട്ടത്തിൽ പ്രസിദ്ധനായ ജേക്കബ് തങ്കച്ചനെ പരിചയപ്പെടുന്നത്. ഔഷധ സസ്യങ്ങളേക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകളും ഇവ ഉപയോഗിച്ച് നിര്‍മിക്കുന്ന വീടിന്‍റെ ഔഷധഗുണങ്ങളും ഒക്കെ അദ്ദേഹത്തോട് പങ്കുവെച്ചു. മരുന്ന് മൺവീട് എന്ന ആശയത്തിൽ ആകൃഷ്ടനായ ജേക്കബ് തങ്കച്ചൻ തന്‍റെ ഭൂമിയിൽ ആദ്യ വീട് നിർമിക്കാനായി താൽപര്യം പ്രകടിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വീടിന്‍റെ നിര്‍മാണം. ഒരു വര്‍ഷം എടുത്താണ് ആദ്യത്തെ മരുന്ന് മൺവീട് പൂര്‍ത്തിയാക്കിയത്. നാൽപതിലധികം വൈദ്യന്മാരുടെ സഹായത്തോടെയായാരുന്നു മൺവീടിന്‍റെ നിർമാണം. മൺവീട് എന്നർത്ഥം വരുന്ന `മൃണ്മയം' എന്നായിരുന്നു വീടിനിട്ടിരുന്ന പേര്.
ഇന്ന് കേരളത്തിനകത്തും പുറത്തുമായി വിവിധ ഇടങ്ങളിൽ ശിലാ സന്തോഷ് മരുന്ന് മൺവീടുകൾ നിർമിച്ചിക്കുന്നുണ്ട്. പച്ച മരുന്നുകളാൽ നിർമിച്ച സുഗന്ധപൂരിതമായ മരുന്ന് മൺവീട്ടിലെ താമസം കായകല്പ ചികിത്സയുടെ ഫലം ചെയ്യുമെന്നാണ് പാരമ്പര്യ വൈദ്യശാസ്ത്രം പറയുന്നത്. ഈ മൺവീടിന് അങ്ങാടി മരുന്നുകളുടെ സുഗന്ധവും ഔഷധക്കൂട്ടുകൾ സമാസമം ചേർത്ത് കാച്ചിക്കുറുക്കിയ കഷായത്തിന്‍റെ ഗുണങ്ങളുമുണ്ട്. വീടിന്‍റെ നിർമാണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ദിനംപ്രതി കൊണ്ടുവരുന്ന ഇക്കാലത്ത് അന്യം നിന്നുപോയ മനുഷ്യന്‍റെ താമസകേന്ദ്രം ആയിരുന്ന ഇത്തരം ഔഷധവീടുകൾക്ക് പ്രാധാന്യമേറെയാണ്. ആധുനിക സുഖസൗകര്യങ്ങളുടെ പിറകേപോയി സ്വത്വം നഷ്ടപ്പെട്ടവർക്ക് മുന്നിൽ പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള പുതിയൊരു സംസ്കാരത്തിന് രൂപം നൽകുക കൂടെയാണിവിടെ..