
വീടിന്റെ ഹൃദയ ഭാഗമായാണ് അടുക്കളയെ കണക്കാക്കുന്നത്. വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അടുക്കള തന്നെയാണ്. ഭക്ഷണം പാകം ചെയ്യാനും, പാത്രം കഴുകാനും തുടങ്ങി നിരവധി ജോലികളാണ് അടുക്കളയിലുള്ളത്. പലതരം ഉപകരണങ്ങളും വസ്തുക്കളും നമ്മൾ അടുക്കളയിൽ ഉപയോഗിക്കാറുണ്ട്. ഇത്തരം സാധനങ്ങൾ അടുക്കളയിൽ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും അടുക്കള ഉപയോഗിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
പഴകിയ ഭക്ഷണങ്ങൾ
ചൂടുള്ള സമയങ്ങളിൽ ഭക്ഷണം പെട്ടെന്നു കേടായിപ്പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം ഭക്ഷണങ്ങൾ നമ്മൾ അറിഞ്ഞോ അറിയാതെയോ കഴിക്കാൻ പാടില്ല. കാരണം ഇതുമൂലം ഭക്ഷ്യ വിഷബാധയും മറ്റ് രോഗങ്ങളുമുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ബാക്കിവന്ന ഭക്ഷണങ്ങൾ ഉടൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
പച്ചക്കറി വൃത്തിയാക്കുമ്പോൾ
പച്ചക്കറികൾ വാങ്ങിയപ്പാടെ ഉപയോഗിക്കാൻ പാടില്ല. ചെറുചൂട് വെള്ളത്തിൽ ഉപ്പ്, വിനാഗിരി, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് പച്ചക്കറികൾ അതിലേക്ക് ഇട്ടുകൊടുക്കാം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നല്ല വെള്ളം ഉപയോഗിച്ച് കഴുകാം. ശേഷം നന്നായി ഉണക്കാനും മറക്കരുത്.
കേടുവരുന്ന സാധനങ്ങൾ
മൽസ്യം, മാംസം, പച്ചക്കറികൾ തുടങ്ങിയ വേവിച്ചതും വേവിക്കാത്തതുമായ സാധനങ്ങൾ വെവ്വേറെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇവ പെട്ടെന്ന് കേടായിപ്പോകാൻ സാധ്യതയുണ്ട്.
സ്റ്റൗ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം
എൽ.പി.ജി ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ സംഭവിക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ ഉപയോഗം കഴിഞ്ഞാൽ ഗ്യാസ് ഓഫ് ചെയ്യാൻ മറക്കരുത്. അപകട സാധ്യത കൂടുതലായതിനാൽ ഒരേ സമയം രണ്ട് ബർണർ ഉപയോഗിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.