
വീടിന്റെ ഹൃദയഭാഗമായാണ് അടുക്കളയെ കാണുന്നത്. അതുകൊണ്ട് തന്നെ അടുക്കളയും അവിടെ ഉപയോഗിക്കുന്ന വസ്തുക്കളും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. കൈ തുടക്കാൻ ഉപയോഗിക്കുന്നത് മുതൽ അടുക്കള വൃത്തിയാക്കാൻ വരെ ടവൽ ഉപയോഗിക്കാറുണ്ട്. എന്നാൽ സാധാരണമായി നമ്മൾ ഉപയോഗിക്കുന്ന ടവലിനേക്കാളും അഴുക്ക് നിറഞ്ഞതായിരിക്കും അടുക്കളയിൽ ഉപയോഗിക്കുന്ന തുണികൾക്ക്. പറ്റിപ്പിടിച്ച കറയും എണ്ണമയവുമൊക്കെ നീക്കം ചെയ്യാൻ കുറച്ചധികം നമ്മൾ പണിപ്പെടേണ്ടിയുംവരാറുണ്ട്. കിച്ചൻ ടവൽ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
സോപ്പ് പൊടി
കിച്ചൻ ടവൽ കഴുകി വൃത്തിയാക്കാൻ സോപ്പ് പൊടി തന്നെ ധാരാളമാണ്. വെള്ളത്തിൽ കുറച്ച് സോപ്പ് പൊടി ചേർത്തതിന് ശേഷം തുണി അതിലേക്ക് മുക്കിവെക്കണം. 15 മിനിട്ടോളം അങ്ങനെ തന്നെ വെച്ചതിനുശേഷം ഉരച്ച് കഴുകിയെടുക്കാവുന്നതാണ്. വൃത്തിയാക്കി കഴിഞ്ഞാൽ സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ വേണം ഉണക്കാൻ ഇടേണ്ടത്.
ചൂടുവെള്ളം
കഠിനമായ കറകൾ പറ്റിപ്പിടിച്ചിരിക്കുകയാണെങ്കിൽ ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. വെള്ളം തിളപ്പിച്ചതിന് ശേഷം ആവശ്യമെങ്കിൽ അതിലേക്ക് സോപ്പ് പൊടികൂടേ ചേർക്കാവുന്നതാണ്. ശേഷം കറപിടിച്ച ടവൽ അതിലേക്ക് ഇടുകയും ഒന്നുകൂടെ വെള്ളം ചൂടാക്കുകയും ചെയ്യണം. അതിന് ശേഷം സാധാരണ വെള്ളത്തിൽ മുക്കി ഉരച്ച് കഴുകാവുന്നതാണ്. ഇത് നിങ്ങളുടെ ടവലിലെ കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും.
ലിക്വിഡ് ബ്ലീച്ച്
ലിക്വിഡ് ബ്ലീച്ച് ഉപയോഗിച്ചും ടവലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയെ നീക്കം ചെയ്യാൻ സാധിക്കും. വെള്ളമെടുത്ത് അതിലേക്ക് കുറച്ച് ലിക്വിഡ് ബ്ലീച്ച് ചേർത്ത് കൊടുക്കണം. ശേഷം അതിലേക്ക് കിച്ചൻ ടവൽ മുക്കി വെക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകിയെടുക്കാവുന്നതാണ്. തുണിയിലെ കറ അപ്പാടെ പോയതായി കാണാൻ സാധിക്കും.
വിനാഗിരി
കറകളെ തുരത്താനും അണുവിമുക്തമാക്കാനും വിനാഗിരി പണ്ടുമുതലേ ബെസ്റ്റാണ്. ചെറുചൂടുവെള്ളത്തിൽ കുറച്ച് വിനാഗിരിയും ബേക്കിംഗ് സോഡയും ഡിഷ് വാഷ് ലിക്വിഡും ചേർക്കണം. ശേഷം തുണി അതിലേക്ക് മുക്കിയെടുത്ത് ഉരച്ച് കഴുകാവുന്നതാണ്.
അടുക്കള വൃത്തിയാക്കുമ്പോൾ ഈ ഇടങ്ങളെ അവഗണിക്കരുത്; കാരണം ഇതാണ്