
ആരോഗ്യത്തിനാണ് എപ്പോഴും മുൻഗണന നമ്മൾ നൽകുന്നത്. എന്നാൽ ഇത് സാധ്യമാകണമെങ്കിൽ നമ്മളും നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായിരിക്കണം, പ്രത്യേകിച്ചും അടുക്കള. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ഉണ്ടാകുന്നതുകൊണ്ട് തന്നെ അടുക്കളയിൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അടുക്കള എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.
ഗ്യാസ് സ്റ്റൗ
അടുക്കളയിൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുള്ള ഇടമാണ് ഗ്യാസ് സ്റ്റൗ ഇരിക്കുന്ന ഭാഗം. അതിനാൽ തന്നെ ഓരോ തവണ ഉപയോഗം കഴിയുമ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാൻ മറക്കരുത്.
അടുക്കള സ്ലാബുകൾ
ഭക്ഷണം, പച്ചക്കറി, പഴങ്ങൾ തുടങ്ങിയ സാധനങ്ങൾ എല്ലാം അടുക്കളയിലെ സ്ലാബിലാണ് നമ്മൾ സൂക്ഷിക്കാറുള്ളത്. അതിനാൽ തന്നെ ഇവിടെ അഴുക്കും അണുക്കളും ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഉപ്പും നാരങ്ങ നീരും ചേർത്ത് തുടച്ചാൽ അണുക്കളെ അകറ്റാൻ കഴിയും.
പച്ചക്കറിയും പഴങ്ങളും
ഭക്ഷണങ്ങൾ എപ്പോഴും കേടുവരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
പാത്രവും സൂക്ഷിക്കുന്ന ഇടങ്ങളും
ഭക്ഷണം കേടുവരാതെ ഇരിക്കണമെങ്കിൽ അത് സൂക്ഷിക്കുന്ന ഇടവും പാത്രവും വൃത്തിയുള്ളതായിരിക്കണം. ചില ഭക്ഷണങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ കേടുവരുകയും അണുക്കൾ പെരുകുകയും ചെയ്യുന്നു. അതിനാൽ തന്നെ ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പാത്രം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകാൻ ശ്രദ്ധിക്കണം. കഴുകി കഴിഞ്ഞാൽ പാത്രം നന്നായി ഉണങ്ങിയതിന് ശേഷം മാത്രമേ ഭക്ഷണം സൂക്ഷിക്കാൻ പാടുള്ളു.
ഉപകരണങ്ങൾ
ഫ്രിഡ്ജ്, മൈക്രോവേവ്, ഓവൻ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ മറക്കരുത്. ഇത്തരം ഉപകരണങ്ങളിൽ അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യതയുണ്ട്. വിനാഗിരി ലായനി ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതായിരിക്കും.