
വീട് വൃത്തിയാക്കാൻ പലതരം സാധനങ്ങൾ വാങ്ങി പരീക്ഷിക്കാറുണ്ട്. ചിലർ പരസ്യത്തിന് പിന്നാലെ പോകുന്നവരാണ്. പണം മുടക്കി സാധനങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോൾ അവ ഫലപ്രദമല്ലാതാവുകയും ചെയ്യുന്നു. വീട് വൃത്തിയാക്കാൻ മറ്റുള്ള ക്ലീനറുകളെക്കാളും നല്ലതാണ് ആപ്പിൾ സിഡാർ വിനഗർ. ഇത് പുളിപ്പിച്ച ആപ്പിൾ ജ്യൂസിൽ നിന്നുമാണ് നിർമ്മിക്കുന്നത്. വിനാഗിരിക്ക് പകരം ഉപയോഗിക്കുന്ന പ്രകൃതിദത്ത ക്ലീനറാണ് ആപ്പിൾ സിഡാർ വിനഗർ. ഇത് ഉപയോഗിച്ച് എന്തൊക്കെ വൃത്തിയാക്കാൻ സാധിക്കുമെന്ന് അറിയാം.
ടോയ്‌ലറ്റ് വൃത്തിയാക്കാം
പാത്രത്തിൽ ഒരു കപ്പ് ആപ്പിൾ സിഡാർ വിനഗർ ഒഴിക്കണം. രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചതിന് ശേഷം അതിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം. ശേഷം ടോയ്‌ലറ്റിൽ ഒഴിച്ച് നന്നായി ഉരച്ച് കഴുകണം. കുറച്ച് വിനാഗിരി മൈക്രോഫൈബർ തുണിയിൽ മുക്കി ടോയ്‌ലറ്റ് സീറ്റും പുറം ഭാഗവും നന്നായി തുടച്ചെടുത്താൽ മതി. ഇത് ടോയ്‌ലെറ്റിനെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നു.
ഷവർ വൃത്തിയാക്കാം
ആപ്പിൾ സിഡാർ വിനഗർ ഉപയോഗിച്ച് ഷവർ വൃത്തിയാക്കാനും സാധിക്കും. ഷവറിന്റെ വെള്ളം വരുന്ന ഭാഗങ്ങളിൽ അടവുണ്ടെങ്കിൽ, ഇത് അഴിച്ചുമാറ്റി ആപ്പിൾ സിഡാർ വിനഗറിൽ മുക്കിവയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകിയെടുക്കാം.
അടഞ്ഞുപോയ സിങ്ക്
ചെറുചൂട് വെള്ളം ഡ്രെയിനിലേക്ക് ഒഴിച്ച് കൊടുത്തതിന് ശേഷം ഒരു കപ്പ് വിനഗർ, ബേക്കിംഗ് സോഡ, ചെറുചൂട് വെള്ളം എന്നിവ ചേർത്ത് സിങ്കിലേക്ക് ഒഴിച്ച് കൊടുക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം വീണ്ടും ചൂട് വെള്ളം ഒഴിച്ചാൽ സിങ്കിന്റെ അടവ് മാറിക്കിട്ടും.
ജനാലകൾ വൃത്തിയാക്കാം
ഒരേ അളവിൽ ആപ്പിൾ സിഡാർ വിനഗറും വെള്ളവും ചേർക്കണം. ശേഷം ഇത് കുപ്പിയിലാക്കി ജനാലയിൽ സ്പ്രേ ചെയ്താൽ പറ്റിപ്പിടിച്ച കറകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.