ദിവസവും വൃത്തിയാക്കിയില്ലെങ്കിൽ ടൈലുകളിൽ കറുത്ത കറയായി മാറും. നിങ്ങളുടെ അടുക്കളയിലെ ചുവരുകളുടെ അവസ്ഥയും ഇതാണെങ്കിൽ ഈ രീതികൾ പരീക്ഷിക്കാം.

ഗ്യാസ് സ്റ്റൗവിൽ ഭക്ഷണം പാകം ചെയ്യുമ്പോഴോ, കടുക് വറുക്കുമ്പോഴോ എണ്ണയും മറ്റും ചുവരിലേക്ക് തെറിക്കുന്നത് സാധാരണയാണ്. ദിവസവും ഇത് തുടച്ചില്ലെങ്കിൽ ടൈലുകളിൽ കറുത്ത കറയായി മാറും. നിങ്ങളുടെ അടുക്കളയിലെ ചുവരുകളുടെ അവസ്ഥയും ഇതാണെങ്കിൽ ഈ രീതികൾ പരീക്ഷിക്കാം. അടുക്കളയിലെ ചുവരുകളിൽ പറ്റിപ്പിടിച്ച എണ്ണമെഴുക്ക് വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യൂ.

Add Asianetnews as a Preferred SourcegooglePreferred

നാരങ്ങ കൊണ്ട് ചുവര് വൃത്തിയാക്കാം

അടുക്കളയിലെ ചുവരിലെ എണ്ണമെഴുക്ക് കളയാൻ നാരങ്ങയോടൊപ്പം അൽപം ബേക്കിംഗ് സോഡ കൂടി ഉപയോഗിക്കാം. നാരങ്ങാനീരിൽ ബേക്കിംഗ് സോഡ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് എണ്ണമയമുള്ള ചുവരിൽ പുരട്ടി ഏകദേശം 10-15 മിനിറ്റ് വെക്കുക. ശേഷം പാത്രം കഴുകുന്ന സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാം. മിനിറ്റുകൾക്കുള്ളിൽ എണ്ണ പുരണ്ട ചുവര് തിളങ്ങും.

വെള്ള വിനാഗിരി ഉപയോഗിച്ച് അടുക്കള ചുവര് വൃത്തിയാക്കാം

ഒരു സ്പ്രേ ബോട്ടിലിൽ വെള്ള വിനാഗിരിയും ചൂടുവെള്ളവും ഒരേ അളവിൽ എടുത്ത് മിക്സ് ചെയ്യുക. ഈ ലായനി എണ്ണമെഴുക്കുള്ള ചുവരിൽ സ്പ്രേ ചെയ്ത ശേഷം കുറച്ചുനേരം വെക്കുക. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് ചുവര് തുടച്ചെടുക്കാം. ടൈൽ പതിച്ച ചുവരുകൾക്കും പെയിൻ്റ് അടിച്ച ചുവരുകൾക്കും ഇത് ഒരുപോലെ ഫലപ്രദമാണ്.

ആവി ഉപയോഗിച്ച് വൃത്തിയാക്കാം

അടുക്കളയിലെ എണ്ണക്കറയുള്ള ചുവരിന് സമീപം, തിളച്ച വെള്ളം ഒരു പാത്രത്തിൽ വെക്കുക. ആവി ചുവരിൽ തട്ടി എണ്ണക്കറ കുതിർന്ന ശേഷം നനഞ്ഞ തുണിയിൽ അൽപം ഡിഷ്‌വാഷർ എടുത്ത് തുടയ്ക്കുക. ഇങ്ങനെ ചെയ്താൽ ചുവര് എളുപ്പത്തിൽ വൃത്തിയാകും.

മൈദയോ കോൺഫ്ലോറോ ഉപയോഗിക്കാം

മൈദപ്പൊടിയോ കോൺഫ്ലോറോ എണ്ണമെഴുക്കുള്ള ചുവരിൽ വിതറിയ ശേഷം കുറച്ചുനേരം വെക്കുക. 5-10 മിനിറ്റിനു ശേഷം ഉണങ്ങിയ തുണിയോ ബ്രഷോ ഉപയോഗിച്ച് ഇത് തുടച്ചുമാറ്റാം. ഈ പൊടികൾ എണ്ണയെ വലിച്ചെടുക്കുകയും ചുവര് മിനിറ്റുകൾക്കുള്ളിൽ വൃത്തിയാവുകയും ചെയ്യും.

ഉപ്പും നാരങ്ങയും

അടുക്കളയിലെ എണ്ണക്കറ കളയാൻ വളരെ ചിലവ് കുറഞ്ഞ വഴിയാണ് ഉപ്പും നാരങ്ങയും. ഒരു നാരങ്ങ പകുതിയായി മുറിച്ച്, എണ്ണക്കറയുള്ള ഭാഗത്ത് കുറച്ചുനേരം ഉരക്കുക. ഇങ്ങനെ ചെയ്താലും ചുവര് വൃത്തിയായി കിട്ടും.